അന്ത്യ അത്താഴത്തെ വികലമാക്കിയ 'ടൈംസ് ഓഫ് ഇന്ത്യ' പത്രത്തിനെതിരെ വ്യാപക പ്രതിഷേധം
കൊച്ചി: ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ശിലയായ അന്ത്യ അത്താഴത്തെ രാഷ്ട്രീയ വിവാദങ്ങള്‍ക്കായി ദുരുപയോഗം ചെയ്‌ത 'ടൈംസ് ഓഫ് ഇന്ത്യ'യുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ മെയ് 15 ന് പ്രസിദ്ധീകരിച്ച പത്രത്തിൻ്റെ കേരള പതിപ്പിൽ രാഷ്ട്രീയ നേതാക്കളുടെ മുഖങ്ങൾ അന്ത്യ അത്താഴ ചിത്രത്തിൽ ഉൾപ്പെടുത്തി കാർട്ടൂൺ നൽകിയാണ് പത്രം വികലമാക്കിയത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ വിശുദ്ധമായി നിലകൊള്ളുന്ന അന്ത്യ അത്താഴ ദൃശ്യം രാഷ്ട്രീയ പരിഹാസത്തിന്റെ തലത്തിലേക്ക് താഴ്ത്തിക്കൊണ്ടുവന്ന നടപടി മാധ്യമധർമ്മത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനും യാതൊരു വിധത്തിലും നിരക്കുന്നതല്ലായെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ഇത് കേവലം ആശയ ദാരിദ്ര്യമല്ലെന്നും കൃത്യമായ അജണ്ടയോടെയുള്ള ക്രൈസ്‌തവ വിരുദ്ധതയാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ആരോപിച്ചു. മാധ്യമങ്ങൾ പുലർത്തേണ്ട സാംസ്‌കാരിക മര്യാദകളുടെ ലംഘനമാണിതെന്ന് കെസിവൈഎം ലത്തീൻ സംസ്ഥാന സമിതിയും കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിലെ ഗ്രൂപ്പ് വഴക്കുകളും അധികാര തർക്കങ്ങളും ചിത്രീകരിക്കാൻ മതപരമായ ചിഹ്നങ്ങളോ വിശുദ്ധ ഗ്രന്ഥങ്ങളിലെ സന്ദർഭങ്ങളോ ഉപയോഗിക്കുന്നത് തെറ്റായ രീതിയാണ്.
ഇത്തരം നടപടികളിലൂടെ ജനാധിപത്യപരമായ സംവാദങ്ങളിൽ മാധ്യമങ്ങൾ പുലർത്തേണ്ട സാംസ്കാരികവും ധാർമ്മികവുമായ മര്യാദകളാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും സംഘടന പ്രസ്താവിച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെയും പാവനമായ പ്രതീകങ്ങളെയും അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലായെന്നു സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് വിവിധ രൂപത ഘടകങ്ങളും പ്രസ്താവിച്ചിട്ടുണ്ട്.