കോട്ടയത്തു മഴക്കൊപ്പം വീശിയ കാറ്റില്‍ വ്യാപക നാശനഷ്ടം

 
rain

കോട്ടയം: കോട്ടയത്തു മഴക്കൊപ്പം വീശിയ കാറ്റില്‍ വ്യാപക നാശനഷ്ടം. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടേകാലോടെ ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റ് വീശുകയായിരുന്നു. എം.സി. റോഡില്‍ ഉള്‍പ്പടെ ഗതാഗതം തടസപ്പെട്ടു. എം.സി. റോഡില്‍ നാട്ടകം നഗരസഭാ ഓഫീസിനു സമീപം മരം റോഡിലേക്കു വീണു ഗതാഗതം തടസപ്പെട്ടു.

പരുത്തുംപാറ പന്നിമറ്റം റോഡിലും മരം വീണു ഗതാഗതം തടസമുണ്ടായി. കോട്ടയത്ത് കുമരകം റോഡില്‍ മരം വീണ് ഗതാഗത തടസം ഉണ്ടായി. എം.സി. റോഡില്‍ ഫയര്‍ ഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മറ്റിടങ്ങളില്‍ ഫയര്‍ഫോഴ്‌സ് നടപടികള്‍ പുരോഗമിക്കുന്നതേരയുള്ളൂ.

കോട്ടയത്തിന്റെ പല ഭാഗത്തും കാറ്റ് നാശം വിതച്ചു. പനച്ചിക്കാട്  പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവന്‍, സഹകരണ ബാങ്കിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പാനല്‍ പറന്നുവീണു തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.

കോട്ടയം പനച്ചിക്കാട് ശക്തമായ ചുഴലിക്കാറ്റില്‍ പനച്ചിക്കാട് സഹകരണ ബാങ്കിന്റെ 7 സോളാര്‍ പാനല്‍ പറന്ന് കൃഷി ഭവന് മുകളില്‍ വീണാണ് അപകടം ഉണ്ടായത്. സഹകരണ ബാങ്കും കൃഷി ഭവനും തമ്മില്‍ 100 മീറ്റര്‍ അകമാണുള്ളത്. വീഴ്ചയില്‍ കൃഷിഭവന് ഓഫീസിന്റെ മുകള്‍ഭാഗത്തെ ഓട് തകര്‍ന്നു. ഓട് തകര്‍ന്നത് കാരണം കൃഷിഭവന്‍ വെള്ളത്തിലായി.

കോട്ടയം കുമരകം റോഡില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് കൂറ്റന്‍ തണല്‍ മരം കടപുഴകുകയായിരുന്നു. കുമരകം ചൂള പുത്തന്‍ റോഡിനു സമീപമാണ് തണല്‍മരം കടപുഴകിയത്. വൈദ്യുതി ബന്ധവും ഇതേ തുടര്‍ന്ന് തടസപ്പെട്ടു.

അയ്മനം സെക്ഷന്‍ പരിധിയിലുള്ള ഈ പ്രദേശത്തെ പ്രധാന ഇലക്ട്രിക് ലൈന്‍ പൊട്ടിയാണ് വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുന്നത്. അപകടസമയം വാഹനങ്ങള്‍ കടന്നു പോകാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

കുമരകം പോലീസും, ഫയര്‍ഫോഴ്‌സ് അധികൃതരും എത്തി മരം വെട്ടി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.. ഗതാഗതം തടസപ്പെട്ടതോടെ കോട്ടയത്തു നിന്നും വരുന്ന വാഹനങ്ങള്‍ പുത്തന്‍ റോഡ് മഞ്ചിറ വഴി പോലീസിന്റെ നേതൃത്വത്തില്‍ തിരിച്ചുവിട്ടു. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web