സ്വര്‍ണത്തിന് പകരം വെള്ളിക്ക് പ്രിയമേറുന്നത് എന്തുകൊണ്ട്?
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 13,285 രൂപയിലും, പവന് 440 രൂപ വര്‍ധിച്ച് 1,06,280 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാകട്ടെ, ഗ്രാമിന് 60 രൂപ കൂടി 14,493 രൂപയായും, പവന് 480 രൂപ കൂടി 1,15,944 രൂപയായും ഉയര്‍ന്നു.
ഈ വിലവര്‍ധനവ് ഉപഭോക്താക്കളുടെ വാങ്ങല്‍ രീതികളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കടകളില്‍ എത്തുന്നവര്‍ അമിതവില നല്‍കേണ്ടി വരാതിരിക്കാന്‍ ദിവസേനയുള്ള വിപണി നിരക്കുകള്‍ വിലയിരുത്താനും, പണിക്കുറവ് കുറഞ്ഞ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാനും ഇപ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ബി.ഐ.എസ് ഹാള്‍മാര്‍ക്കിംഗും കൃത്യമായ പ്രൈസ് ബ്രേക്ക്-അപ്പ് ബില്ലുകളും ഉറപ്പാക്കിയാണ് ഭൂരിഭാഗം പേരും ഇപ്പോള്‍ ആഭരണങ്ങള്‍ സ്വന്തമാക്കുന്നത്.
സ്വര്‍ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ ബദല്‍ മാര്‍ഗ്ഗമെന്ന നിലയില്‍ വെള്ളി ആഭരണങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. വിലയിലെ വ്യത്യാസത്തിനൊപ്പം ഉപഭോക്താക്കളുടെ ജീവിതശൈലിയിലുണ്ടായ മാറ്റവുമാണ് വെള്ളിക്ക് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതെന്ന് ആര്‍നോറ ജ്വല്‍സ് സ്ഥാപകന്‍ സാഹില്‍ ഗുപ്ത വ്യക്തമാക്കുന്നു.
മുന്‍കാലങ്ങളില്‍ വിവാഹങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ പ്രത്യേക അവസരങ്ങളില്‍ മാത്രം ആഭരണങ്ങള്‍ വാങ്ങിയിരുന്ന സ്ഥാനത്ത്, ഇന്ന് സ്വന്തം സ്‌റ്റൈലിനും ദിവസേനയുള്ള വസ്ത്രധാരണത്തിനും ഇണങ്ങുന്ന രീതിയിലാണ് ആളുകള്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നത്.