കുട്ടികളെ ദൈവാലയത്തില്‍ കൊണ്ടുപോകണമെന്ന് പറയുന്നതെന്തുകൊണ്ട്?
ഇന്നത്തെ ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയയും സാങ്കേതികവിദ്യകളും വിനോദങ്ങളും മത്സരിക്കുകയാണ്. സ്വന്തം വ്യക്തിത്വവും മൂല്യങ്ങളും എന്താണെന്ന് അറിയാതെ കുട്ടികള്‍ ആശയക്കുഴപ്പത്തിലാകുന്ന ഈ കാലഘട്ടത്തില്‍, അവരെ ദൈവാലയത്തില്‍ കൊണ്ടുപോകുന്നതും ദൈവവചനത്തില്‍ വളര്‍ത്തുന്നതും വളരെ പ്രധാനമാണ്. കുട്ടികളെ പള്ളിയില്‍ കൊണ്ടുപോകേണ്ടതിന്റെ പ്രധാനപ്പെട്ട മൂന്ന് കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. യഥാര്‍ഥ വ്യക്തിത്വം തിരിച്ചറിയാന്‍ സഹായിക്കുന്നു
ഇന്നത്തെ സമൂഹം കുട്ടികളോട് അവര്‍ ആരാകണം, എങ്ങനെ ജീവിക്കണം എന്ന് നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ദൈവവചനം പഠിപ്പിക്കുന്നത് ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും നമ്മള്‍ ദൈവത്തിന്റെ മക്കളാണെന്നുമാണ്. പള്ളിയിലെ വേദപാഠ ക്ലാസ്സുകളിലൂടെയും വചന പ്രഘോഷണങ്ങളിലൂടെയും തങ്ങള്‍ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരും വിലപ്പെട്ടവരുമാണെന്ന് കുട്ടികള്‍ തിരിച്ചറിയുന്നു. ബാഹ്യമായ കാര്യങ്ങളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ അല്ല, മറിച്ച് ദൈവവുമായുള്ള ബന്ധമാണ് തങ്ങളുടെ വ്യക്തിത്വത്തിന്റെ അടിത്തറയെന്ന് മനസിലാക്കുമ്പോള്‍ ഏത് പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെയും സമാധാനത്തോടെയും നേരിടാന്‍ അവര്‍ക്ക് സാധിക്കുന്നു.
2. അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ പഠിക്കുന്നു
ദൈവാലയം എന്നത് ഇപ്പോഴും ഒരു പ്രാര്‍ഥനയുടെയും ഒപ്പം ഒരു കൂട്ടായ്മയുടെയും അന്തരീക്ഷം ആണ് പകരുന്നത്. അവിടെ കുട്ടികളുമായി എത്തുമ്പോള്‍ അവര്‍ ആളുകളുമായി ഇടപഴകുവാനും ഒപ്പം കൂട്ടായ്മയുടെ അനുഭവം മനസിലാക്കാനും പഠിക്കുന്നു. ഒരേ വിശ്വാസത്തിലുള്ള ആളുകള്‍ ഒരു സമൂഹമായി പല പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് കാണുമ്പോള്‍ കുട്ടികളും അതിന്റെ പ്രാധാന്യം മനസിലാക്കുകയും അതിന്റെ നന്മയെ ഉള്ളില്‍ സ്വംശീകരിക്കുകയും ചെയ്യുന്നു. ദൈവ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരെയും ബഹുമാനിക്കാനും സ്‌നേഹിക്കാനും കുട്ടികള്‍ പള്ളിയില്‍ നിന്നാണ് പഠിക്കുന്നത്. വിവേചനങ്ങളില്ലാതെ പരസ്പരം സ്‌നേഹിക്കാനുള്ള ഈ പാഠം അവരെ നല്ല വ്യക്തികളാക്കി മാറ്റുന്നു.
3 . ഒരേ മൂല്യങ്ങള്‍ പങ്കുവയ്ക്കുന്ന വലിയ സമൂഹം ലഭിക്കുന്നു
ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് ഒരു നല്ല കൂട്ടായ്മയുടെ ഭാഗമാകാനാണ്. കുട്ടികളെ പള്ളിയില്‍ കൊണ്ടുപോകുന്നതിലൂടെ ഒരേ മൂല്യങ്ങള്‍ പങ്കുവയ്ക്കുന്ന നല്ലൊരു സൗഹൃദവലയം അവര്‍ക്ക് ലഭിക്കുന്നു. മാതാപിതാക്കളുടെ അനുഭവങ്ങള്‍ക്കും അറിവുകള്‍ക്കും അപ്പുറമായി, സഭയിലെ മറ്റ് മുതിര്‍ന്നവരില്‍ നിന്നും അധ്യാപകരില്‍ നിന്നും നല്ല കാര്യങ്ങള്‍ പഠിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നു. ഒറ്റപ്പെടലുകള്‍ അനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍, സുരക്ഷിതമായ ഒരു വിശ്വാസ സമൂഹം കുട്ടികള്‍ക്ക് വലിയൊരു പിന്തുണയായി മാറും.
കുട്ടികളെ ശരിയായ വഴിയില്‍ വളര്‍ത്തുക എന്നത് മാതാപിതാക്കള്‍ക്ക് വലിയൊരു ഉത്തരവാദിത്തമാണ്. അതില്‍ സഭയും ദൈവാലയവും ഒരു വലിയ പങ്കാളിയായി മാറുന്നു.