ഈശോ എന്തുകൊണ്ടാണ് അമ്മയെ 'സ്ത്രീ' എന്ന് സംബോധന ചെയ്തത്?

​​​​​​​

 
jesus

കാനായിലെ കല്യാണവിരുന്നിന്റെ വിവരണത്തിലാണ് ആദ്യമായി മറിയത്തെ സ്ത്രീ എന്ന് സംബോധന ചെയ്യുന്നതായി കാണുന്നത്. 'സ്ത്രീയെ എനിക്കും നിനക്കും എന്ത് എന്റെ സമയം ഇനിയും ആയിട്ടില്ല' എന്നാണ് യേശു പറയുന്നത് ( യോഹ 2:4) വീണ്ടും യോഹന്നാന്‍ സുവിശേഷകന്‍ ഇതേകാര്യം രേഖപ്പെത്തുന്നത് കുരിശിന്റെ ചുവട്ടില്‍വച്ച് മറിയത്തെ താന്‍ സ്നേഹിച്ചിരുന്ന ശിഷ്യന് (യോഹന്നാന്‍) ഏല്പിച്ചുകൊടുക്കുന്ന സന്ദര്‍ഭത്തിലാണ് (യോഹ 19:26 -27). മേല്‍പറഞ്ഞ രണ്ടു വിവരണത്തിലും മറിയത്തെ സ്ത്രീ എന്നാണ് സംബോധന ചെയ്യുന്നത്. ഈ രണ്ടു വിവരണങ്ങളും യോഹന്നാന്റെ സുവിശേഷത്തിലാണെന്നുള്ളതും ചിന്തനീയമാണ്.

പഴയനിയമത്തില്‍ ഹവ്വായോടു ദൈവം പറയുന്ന സന്ദര്‍ഭത്തില്‍ സ്ത്രീ എന്ന സംബോധന ദൃശ്യമാണ്. അവിടെ 'നീയും സ്ത്രീയും തമ്മിലും' (ഉല്‍പത്തി 3:15) എന്നാണ് പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല തകര്‍ക്കും എന്നാണ് പറയുന്നത്.

സര്‍പ്പത്തോടു പറയുന്ന കാര്യം ആദ്യസ്ത്രീയായ ഹവ്വായോടു ബന്ധപ്പെടുത്തിയാണ് പറയുന്നതെങ്കിലും രക്ഷാകരചരിത്രവുമായി ബന്ധപ്പെടുത്തി കാണുമ്പോള്‍ സ്ത്രീ എന്ന പ്രയോഗം ചെന്നെത്തുന്നത് യേശുവിന്റെ അമ്മയായ മറിയത്തില്‍ ആണെന്നു കാണാം.

യോഹന്നാന്റെ സുവിശേഷപ്രകാരം ചിന്തിക്കുമ്പോള്‍ സര്‍പ്പത്തിന്റെ - തിന്മയുടെ തലതകര്‍ക്കുന്നവന്റെ വെളിപ്പെടുത്തലുകളുടെ ആദ്യത്തെ അവസരത്തിലും അതിന്റെ പരിസമാപ്താവസരത്തിലുമാണ് ഈ പദപ്രയോഗം കാണുന്നത്.

വെളിപ്പാട് പുസ്തകത്തില്‍ യോഹന്നാന്‍ 'സ്ത്രീ' എന്ന സംബോധനയോടെ ആരംഭിക്കുന്ന വചനങ്ങള്‍ ഇവിടെ പ്രസക്തമാണ്. ....സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ (വെളിപാട് 12:1-2); ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ കാത്തുനില്ക്കുന്ന സര്‍പ്പം....(വെളിപാട് 12:4-5), സ്ത്രീയുടെ നേരെ കോപിക്കുന്ന സര്‍പ്പത്തെക്കുറിച്ച് വെളിപാടു പുസ്തകം 12:17ല്‍ സൂചിപ്പിക്കുന്നുണ്ട്. ഇവിടെയെല്ലാം കാണുന്ന സ്ത്രീ എന്ന പ്രയോഗം ദൈവശാസ്ത്ര വീക്ഷണപ്രകാരമുള്ളതാണ്.

ഇത് യേശുവിന്റെ അമ്മയായ മറിയത്തെയാണ് സൂചിപ്പിക്കുന്നതെന്നും അല്ലാ, ഇത് സഭയെയോ ഇസ്രായേലിനെയോ ആണെന്നും വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. വിശുദ്ധ പൗലോസ് മറിയത്തെക്കുറിച്ചു പറയുന്നില്ലെങ്കിലും ഗലാത്തിയര്‍ക്കെഴുതിയ ലേഖനത്തില്‍ ഇപ്രകാരം സൂചിപ്പിക്കുന്നു;

കാലമ്പമ്പുര്‍ണ്ണത വന്നപ്പോള്‍ ദൈവ തന്റെ പുത്രനെ അയച്ചു, അവന്‍ സ്ത്രീയില്‍ നിന്നും ജാതനായി (ഗലാ 4:4). പുതിയനിയമത്തില്‍ മറിയത്തെ സ്ത്രീയെന്നു സംബോധന ചെയ്യുമ്പോള്‍ അതിനു പഴയനിയമത്തിലെ സാംസ്‌ക്കാരികവും മതപരവുമായ ഒരു അടിത്തറ ഉണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. യഹുദസംസ്‌ക്കാരത്തില്‍ സ്ത്രീക്കുള്ള സ്ഥാനത്തെക്കുറിച്ച് വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയും.

വിശുദ്ധഗ്രന്ഥം എന്നും സ്ത്രീയുടെ മാഹാത്മ്യം എടുത്തുകാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും പൊതുവെ സ്ത്രീകളെ സമൂഹത്തില്‍ അല്പം താഴ്ത്തിയാണ് കണ്ടിരുന്നത്. ഉദാഹരണത്തിന് ഒരു യഹൂദ പ്രാര്‍ത്ഥനയില്‍ ഇപ്രകാരം കാണുന്നു; ദൈവമെ നീ വാഴ്ത്തപ്പെട്ടവനാകട്ടെ... എന്നെ ഒരു വിജാതീയനോ അറിവില്ലാത്തവനോ സ്ത്രിയോ ആയി സൃഷ്ടിക്കാത്തതിന്... ഇതിനു മറുപടിയായി സ്ത്രീകള്‍ പറഞ്ഞിരുന്ന ഉത്തരം: നിന്റെ ഹിതപ്രകാരം എന്നെ സൃഷ്ടിച്ചതിന് ദൈവമായ കര്‍ത്താവ് നിനക്കു സ്തുതി എന്നാണ്. യഥാര്‍ത്ഥത്തില്‍ ക്രിസ്തുവാണ് യഹൂദരുടെ ഇടയില്‍ സ്ത്രീയുടെ മഹത്വത്തെക്കുറിച്ച് പറഞ്ഞതും അവര്‍ക്ക് അര്‍ഹമായ സ്ഥാനമനുസരിച്ച് അവരെ മാനിച്ചതും.

ഈ അഭിമാനത്തിന്റെ ആദിരൂപം യേശുവിന്റെ അമ്മയായ മറിയം തന്നെയാണെന്നു കാണാം. മറിയത്തില്‍ സ്ത്രീത്വത്തിന്റെ പരമകാഷ്ഠ ദര്‍ശിക്കാം. കാരണം അവളില്‍ നിന്നാണ് ജീവന്റെയും, മാര്‍ഗ്ഗത്തിന്റെയും, സത്യത്തിന്റെയും, അടയാളമായ ക്രിസ്തു ജനിച്ചത്. മറിയത്തിലൂടെ സ്ത്രീ വിശ്വസിക്കുന്നവരുടെയും ദൈവാനുഗ്രഹത്തിന്റെയും കൃപയുടെയും വക്താവായിത്തീര്‍ന്നു.

ക്രൈസ്തവ സമൂഹത്തില്‍ സ്ത്രീകള്‍ മറിയത്തെ അനുകരിച്ച് ദൈവരാജ്യത്തിന്റെയും ദൈവവചനത്തിന്റെയും ദൗത്യവാഹകരായിത്തീര്‍ന്നു (യോഹ 20:17). മാത്രമല്ല, ശൈശവസഭയില്‍ ഇതേ തുടര്‍ന്ന് സഭാകാര്യങ്ങളില്‍ സ്ത്രീ പ്രത്യേകമാംവിധം പങ്കാളികളാവുകയും ചെയ്തിരുന്നു (അപ്പ 1:14: 9:36-41; 12:12: 16:14...). ഇപ്രകാരം വിചിന്തനം ചെയ്യുമ്പോള്‍ നമുക്കു മനസ്സിലാവുക യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ രണ്ടു പ്രധാനപ്പെട്ട അവസരങ്ങളില്‍ യേശു തന്റെ അമ്മയായ മറിയത്തെ സ്ത്രീ എന്നു സംബോധന ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നത് മറിയത്തെ വിലകുറച്ചുകാണിക്കുന്നതിനോ അവരോട് ബഹുമാനമില്ലാതെ പെ+രുമാറുന്നതിനോ വേണ്ടിയായിരുന്നില്ല.

ഉല്‍പത്തി പുസ്തകത്തില്‍ പറയപ്പെടുന്ന സ്ത്രീ എന്ന പ്രയോഗം അതിന്റെ വൈരുദ്ധ്യാത്മകശൈലിയില്‍ യോഹന്നാന്‍ ഉപയോഗിച്ചുകൊണ്ട് മറിയത്തിന്റെ ഔന്നത്യം എടുത്തു കാണിക്കാനാണ് ശ്രമിക്കുന്നത്.

കാനായിലെ കല്യാണവിരുന്നില്‍ മാദ്ധ്യസ്ഥ്യം വഹിക്കുന്ന സ്ത്രീയും കുരിശിന്റെ ചുവട്ടില്‍ തന്റെ പുത്രന്റെ രക്ഷാകരപ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യമാകുന്ന സ്ത്രീയും, വെളിപാടു പുസ്തകം പരാമര്‍ശിക്കുന്ന സ്ത്രീയും രക്ഷാകര സംഭവത്തിലെ ഈ വൈരുദ്ധ്യാത്മക സ്ത്രീ പ്രതീകമാണ്. അതോടൊപ്പംതന്നെ യഹൂദ സ്രമ്പദായങ്ങളുടെ ഗണത്തില്‍ പെടാത്ത വേറിട്ട സ്ത്രീ പ്രതീകവുമാണ്.

അവള്‍ മറിയം എന്ന വ്യക്തിയില്‍ ഒതുങ്ങുന്നില്ല; അവള്‍ പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടി പ്രത്യക്ഷനായ ദൈവപുത്രന്റെ (1യോഹ 3.8) അമ്മയാണ്; മരണത്തിന്റെയും പാപത്തിന്റെയും നിഴലില്‍ കഴിയുന്നവരെ രക്ഷിക്കുന്നവന്റെ (ഹെബ്രാ 2:15) അമ്മയാണ്; എല്ലാവരെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും തീരമണയ്ക്കുന്ന സീയോന്‍ പുത്രിയുടെ പ്രതീകമാണ് മറിയം; ഈ അമ്മ തിന്മയ്‌ക്കെതിരേ പോരാടുന്നവരോടു സഹകരിക്കുന്ന എല്ലാ സ്ത്രീകളുടെയും പ്രതീകമാണ്. അതിനാലാണ് മറിയത്തെ യേശു സ്ത്രീയെന്ന് സംബോധന ചെയ്തത്.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ 

Tags

Share this story

From Around the Web