തിരുഹൃദയ രൂപത്തില്‍ ഈശോ തന്റെ ഇടതുകൈ തിരുഹൃദയത്തില്‍ വയ്ക്കുവാനുള്ള കാരണമെന്ത്?

ഈശോയുടെ തിരുഹൃദയത്തില്‍ ഇടതു കൈവയ്ക്കാന്‍ പ്രത്യേകിച്ച് ഒരു കാരണവും സഭ പഠിപ്പിച്ചിട്ടില്ല. ഈശോയുടെ തിരുഹൃദയം പടയാളി കുന്തം കൊണ്ട് കുത്തിതുറന്ന തിരുഹൃദയം, ചോരവാര്‍ന്ന ഹൃദയം, അവിടുത്തെ പീഡാനുഭവത്തെയും കുരിശുമരണത്തെയുമാണ് സൂചിപ്പിക്കുന്നത്.
ഈശോയുടെ തിരുഹൃദ ഭക്തിയെന്നു പറയുമ്പോള്‍ കുരിശില്‍ നമുക്കു വേണ്ടി മരിച്ച ഈശോയെ അനുസ്മരിപ്പിക്കുന്ന (സൂചിപ്പിക്കുന്ന) ഒരു ഭക്തിയാണ്. അവിടുത്തെ തിരുഹൃദയത്തില്‍ നിന്ന് ഒഴുകുന്ന രക്തവും, ജലവും നമുക്ക് ശക്തിതരുന്നു.
എങ്കില്‍ ഈശോയുടെ തിരുവിലാവ് കുന്തംകൊണ്ട് കുത്തി പിളര്‍ന്നപ്പോള്‍ ആ ഇടതുവശത്തുള്ള ഹൃദയത്തില്‍ കുന്തമുനകയറിയപ്പോള്‍ ഇടതു കൈകൊണ്ട് നെഞ്ചില്‍ അമര്‍ത്തുന്നത് ഈശോ അനുഭവിക്കുന്ന വേദനയെ സൂചിപ്പിക്കുന്നതാണ് എന്നത് ഒരു വ്യാഖ്യാനം.
ഇടതുകൈ തന്റെ തിരുഹൃദയത്തിലേക്ക് ചൂണ്ടിക്കൊണ്ട് വലതു കൈകൊണ്ട് നമ്മെ ആശീര്‍വ്വദിക്കാന്‍ കൈകള്‍ ഉയര്‍ത്തിയതു പോലെയാണ് തിരുഹൃദയം, അല്ലയോ ദൈവമക്കളെ, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ച രക്ഷാകരരഹസ്യത്തിന്റെ അനുഗ്രഹം നിങ്ങള്‍ പ്രാപിക്കുവിന്‍ എന്ന് വലതുകൈകൊണ്ട് ആശീര്‍വദിച്ച് തന്റെ ഇടതുകൈകൊണ്ട് കുരിശുമരണത്തെ സൂചിപ്പിക്കുന്ന തിരുഹൃദയത്തെ ഈശോ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത് എന്ന അര്‍ത്ഥത്തിലും ഈ സത്യത്തെ വ്യാഖ്യാനിക്കാന്‍ സാധിക്കും. തിരുഹൃദയം യേശുവിന്റെ അനന്തമായ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും അടയാളമാണ്.