'വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്തത് എന്തുകൊണ്ട്?'; സമൂഹമാധ്യമങ്ങളില്‍ വിശദീകരണവുമായി കെഎസ്ഇബി

 
Kseb

തിരുവനന്തപുരം: സംസ്ഥാനത്ത് പതിവായുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തില്‍ വ്യാപക ജനരോഷമുയരവേ, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിശദീകരിച്ച് കെഎസ്ഇബി. 

കാലാവസ്ഥാ മാറ്റത്തിന്റെ സ്വാധീനം, അണക്കെട്ടുകളിലെ ജലനിരപ്പ്, ദേശീയ വൈദ്യുതി ലഭ്യതയിലെ കുറവ് തുടങ്ങിയ കാരണങ്ങളാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ട് ദിവസം പലതവണ തടസ്സമുണ്ടാകുന്നുവെന്നും വിശദീകരിക്കുന്നുണ്ട്.


കാലാവസ്ഥാമാറ്റത്തിന്റെ സ്വാധീനം വൈദ്യുതി ലഭ്യതയെ കാര്യമായി ബാധിച്ചെന്ന് കെഎസ്ഇബി പറയുന്നു. എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞു. അന്തരീക്ഷ താപനില വര്‍ധിച്ചു. 

വൈകുന്നേരം ആറ് മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. പവര്‍ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായി. കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനവും കുറഞ്ഞു.


കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് മുന്‍വര്‍ഷങ്ങളെക്കാള്‍ വളരെ താഴെയാണ്. ആകെ സംഭരണം കഴിഞ്ഞ വര്‍ഷം 80.29%. ഇപ്പോള്‍ 63.75% മാത്രം. സംഭരണശേഷി കൂടുതലുള്ള പദ്ധതികളിലും വെള്ളം കുറവ് -ഇടുക്കി (63.18%) ശബരിഗിരി (67.03%).

രാജ്യത്താകെ ദേശീയ വൈദ്യുതിലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായി. താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരിശേഖരം കുറഞ്ഞു. ഈര്‍പ്പം കൂടുതലുള്ള കല്‍ക്കരി കാരണം ഉത്പാദനം മന്ദഗതിയിലായി. സംഭരണികളിലെ ജലനിരപ്പ് താണതോടെ ജലവൈദ്യുത ഉത്പാദനത്തിലും ഗണ്യമായ കുറവുണ്ടായി.
കാറ്റാടി നിലയങ്ങളില്‍നിന്നുള്ള ഉത്പാദനത്തിലും കുറവ്. ദക്ഷിണമേഖലയിലെ താപനിലയങ്ങളില്‍ ചിലത് അപ്രതീക്ഷിതമായി നിലച്ചതും പ്രതിസന്ധി കടുപ്പിച്ചു.

വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നത് മറ്റൊരു തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. സെപ്റ്റംബര്‍ മാസങ്ങളിലെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയാണ് ഇപ്പോള്‍. പീക് സമയ ആവശ്യകത: 4900-5100 മെഗാവാട്ട് ആയി. ദൈനംദിന ഉപയോഗം: 93-95 ദശലക്ഷം യൂണിറ്റാണ്.

കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകതയില്‍ 15% വരെ വര്‍ധനയുണ്ടായി.
ഇതോടൊപ്പം, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വായ്പ്പയായി വാങ്ങിയ വൈദ്യുതി തിരികെ നല്‍കണം.


ബാഹ്യസ്രോതസ്സുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം ആകെ ആവശ്യകതയുടെ 20 ശതമാനത്തില്‍ താഴെ മാത്രമാണ്. 4000-4100 മെഗാവാട്ട് വൈദ്യുതി പ്രതിദിനം പുറമെ നിന്നുള്ള സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തുന്നു

വൈദ്യുതി നിയന്ത്രണം അനിവാര്യമാകുന്നത് എന്തുകൊണ്ടെന്നും കെഎസ്ഇബി വിശദീകരിക്കുന്നു. വൈകുന്നേരം 6നും രാത്രി 12നുമിടയില്‍ 800- 900 മെഗാവാട്ടിന്റെ കുറവുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വൈദ്യുതി നിയന്ത്രണമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല.


എന്തുകൊണ്ട് പലതവണ തടസ്സമുണ്ടാകുന്നുവെന്ന ചോദ്യത്തിനും വിശദീകരണമുണ്ട്. വൈദ്യുതി ആവശ്യകത ലഭ്യതയെക്കാള്‍ കൂടുതലാകുന്ന സാഹചര്യത്തില്‍ ഗ്രിഡിലെ വൈദ്യുതിയുടെ ഫ്രീക്വന്‍സി 50 ഹെര്‍ട്‌സില്‍നിന്നും താഴാന്‍ തുടങ്ങും. 

ഫ്രീക്വന്‍സി പരിധിവിട്ട് താഴുന്ന സ്ഥിതിയുണ്ടാല്‍ അന്തര്‍സംസ്ഥാന പ്രസരണ ലൈനുകളുള്‍പ്പെടെ പൂര്‍ണ്ണമായും തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാകും. 

ഇത് ഒഴിവാക്കാനാണ് ലോഡ് കൂടിയ ഫീഡറുകള്‍ നിശ്ചിത സമയത്തേക്ക് ഓഫ് ചെയ്ത് ഫ്രീക്വന്‍സി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് കെഎസ്ഇബി പറയുന്നു.

Tags

Share this story

From Around the Web