'എന്തിന് ഷോര്‍ട്ട്‌സ് ധരിച്ചു, ഹിന്ദുസംസ്‌കാരം അറിയില്ലേ?'സിന്‍ഹഗഢ്കോട്ടയില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ അക്രമം.എട്ടുപേര്‍ക്കെതിരെ കേസ്

 
SHORTS


പുണെ: പുണെ നഗരത്തിനടുത്തുള്ള സിന്‍ഹഗഢ് കോട്ടയില്‍ പെണ്‍കുട്ടി ഷോര്‍ട്‌സും സ്ലീവ്ലെസ് ടോപ്പും ധരിച്ച് എത്തിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു.

 സ്ത്രീ ഉള്‍പ്പെടെ നാല് വിനോദസഞ്ചാരികളെ ആക്രമിച്ച കേസില്‍ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഛത്രപതി ശിവജി മഹാരാജിന്റെ സൈനിക മേധാവിയായിരുന്ന തനാജി മാലുസാരെയുടെ സമാധിക്ക് സമീപത്ത് തിങ്കളാഴ്ചയാണ് സംഭവം.

 'എന്തിനാണ് ഷോര്‍ട്‌സ് ധരിക്കുന്നത്, ഹിന്ദു സംസ്‌കാരം അറിയില്ലേ?' എന്ന് ചോദിച്ചായിരുന്നു സംഘം തങ്ങള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ടതെന്ന് പുണെയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന 39-കാരന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 

സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നും സംഘത്തിലെ ഒരു സ്ത്രീ തന്റെ ഭാര്യയെ വലിച്ചിഴച്ചതായും പരാതിയില്‍ ആരോപിക്കുന്നു. സംഘം വേറെ ഒരു ദമ്പതിമാരോടും മോശമായി പെരുമാറിയതായും ആരോപിക്കപ്പെടുന്നു.

എട്ട് പേര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
സമസ്ത ഹിന്ദുബന്ധവ് ആര്‍മി എന്ന സംഘടനയുടെ പ്രവര്‍ത്തകരെന്ന് പറയപ്പെടുന്ന സങ്കേത് സഞ്ജയ് പാട്ടീല്‍, ആശിഷ് ദിലീപ് അപര്‍, രേവന്‍ നാരായണ്‍ കോക്തെ, സയാലി സുജിത് ചവാന്‍, കേതകി സൂരജ് ജാദവ്, അമര്‍ രാമചന്ദ്ര ഷിര്‍കെ, കുനാല്‍ കിസാന്‍ നലവാഡെ, ആര്യ പ്രവീണ്‍ കവാഡെ എന്നിവരുടെപേരിലാണ് കേസ്.

Tags

Share this story

From Around the Web