എന്തിനാണ് സമരം ചെയ്യുന്നത്? ആ സമയം കൂടി ഇരുന്ന് പഠിക്കാം,സിജെപി സമരത്തെ തള്ളി നീറ്റ് ടോപ്പര്‍ പന്‍ഷുല്‍ ബന്‍സാല്‍

 
neet topper


ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം തുടരുന്നതിനിടെ സമരത്തെ തള്ളി നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പന്‍ഷുല്‍ ബന്‍സാല്‍. പ്രതിഷേധക്കാര്‍ സമരം ചെയ്യുമ്പോള്‍ താന്‍ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്ന് ബന്‍സല്‍ പറയുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ പുനഃപരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ബന്‍സലിന് 99 ശതമാനം മാര്‍ക്കുണ്ടായിരുന്നു. ആദ്യത്തെ പരീക്ഷ തന്നെ നിരാശനാക്കിയെങ്കിലും പിന്നീട് അത് മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കുകയാണ് ചെയ്തതെന്ന് ബന്‍സല്‍ കൂട്ടിച്ചേര്‍ത്തു.


സമരം ചെയ്യുന്നതിന് പകരം ആ സമയം കൂടി ഇരുന്ന് പഠിക്കാം,സ്‌കോര്‍ മെച്ചപ്പെടുത്താം. ആദ്യപരീക്ഷയില്‍ 706 മാര്‍ക്ക് നേടിയപ്പോള്‍ പുനഃപരീക്ഷയില്‍ 715 നേടി മെച്ചപ്പെടുത്താനായി. കഴിഞ്ഞ ഒന്നര മാസമായി എനിക്ക് പറ്റാവുന്നത് പോലെ പഠിച്ചു, ബാക്കിയുള്ളത് ദൈവത്തിന് വിട്ടുകൊടുത്തു. എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്. എല്ലാം മറന്ന് പ്രധാനലക്ഷ്യത്തിലേക്ക് മാത്രം നോക്കി. എന്ത് സംഭവിച്ചാലും അത് നല്ലതിനുവേണ്ടിയാണ്. പരീക്ഷ ഒന്ന് കഴിഞ്ഞാല്‍ ഉത്കണ്ഠയും ആശങ്കയും മാറും, ബന്‍സല്‍ പറഞ്ഞു.

ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി സമരവേദിയില്‍ നിരവധിപേരാണ് സമരത്തിന് പിന്തുണയുമായി എത്തുന്നത്. ഇന്നേക്ക് മുപ്പത്തിമൂന്ന് ദിവസമായി പ്രതിഷേധം ആരംഭിച്ചിട്ട്. സിജെപി പ്രതിഷേധത്തിന് ദിനംപ്രതിയാണ് പിന്തുണയേറുന്നത്. കഴിഞ്ഞ തിങ്കളാഴ്ചത്തെ പോലെ സാഹചര്യം കൈവിട്ടു പോകാതിരിക്കാന്‍ ഡല്‍ഹി പൊലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ എത്തിയ യുവാക്കളെ മടക്കി അയച്ചും 16 മെട്രോ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുമാണ് ഡല്‍ഹി പൊലീസ് നടപടി. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടതെന്ന് ഡിഎംആര്‍സി വിശദീകരിച്ചു.

രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഭാഗമായി ബംഗാളില്‍ നിന്ന് 20 കമ്പനി സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും ഡല്‍ഹിയില്‍ എത്തിച്ചു. ഇതിനിടയിലാണ് കഴിഞ്ഞദിവസം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയത്. ഹര്‍ജി അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തങ്ങളുടെ സമയം പാഴാക്കരുത് എന്ന ഹര്‍ജിക്കാരനോട് പറഞ്ഞു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞ ഹര്‍ജിക്കാരനോട് അത് കാണാന്‍ താല്പര്യം ഇല്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ചില ഗുണ്ടകള്‍ ഡല്‍ഹിയിലെ പലയിടങ്ങളില്‍ ഒത്തുകൂടി ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപകെ ആരോപിച്ചു.
 

Tags

Share this story

From Around the Web