ആ ഫോൺ കോൾ ആരുടേത്? ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡിൻ്റെ അപ്രതീക്ഷിത രാജിക്ക് പിന്നിലെ അറിയാക്കഥ.
രാജിക്ക് കേന്ദ്ര സർക്കാരിൽ നിന്നുള്ള സമ്മർദ്ദമെന്ന് എൻഡിടിവിയുടെ റിപ്പോർട്ട്

ഒരു ജഡ്ജിയുടെ വീട്ടിൽ നിന്ന് വൻതോതിൽ പണം കണ്ടെടുത്തതിനെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കാനായി പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയമാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡിൻ്റെ അപ്രതീക്ഷിത രാജിക്ക് പിന്നിലെന്ന് സൂചന.
രാജിക്ക് കേന്ദ്ര സർക്കാരിൽ നിന്നുള്ള സമ്മർദ്ദമാണെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
കേന്ദ്ര സർക്കാരിൽ നിന്നുള്ള ഒരു ഫോൺ കോൾ ഉപരാഷ്ട്രപതിക്ക് വന്നതായും, തുടർന്ന് മറ്റു മാർഗമൊന്നുമില്ലാതെയാണ് ഉപരാഷ്ട്രപതി രാജിവെച്ചതെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്ന പ്രസ്താവനയിലൂടെ സർക്കാർ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ നാണക്കേടിൽ നിന്ന് ജഗ്ദീപ് ധൻഖഡ് രക്ഷപ്പെട്ടിരിക്കാമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇതിൻ്റെയെല്ലാം പ്രധാന കാരണം ജസ്റ്റിസ് യശ്വന്ത് വർമയെ നീക്കം ചെയ്യാനുള്ള പ്രതിപക്ഷ പ്രമേയത്തിന് പ്രതിപക്ഷ പിന്തുണയോടെ നോട്ടീസ് നൽകിയതാണ്.
ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം പിടിച്ചെടുത്തതിനെ തുടർന്നാണ് ജസ്റ്റിസ് യശ്വന്ത് വർമ വാർത്തകളിൽ ഇടം നേടിയത്. ചൊവ്വാഴ്ച രാജ്യസഭ മൺസൂൺകാല സെഷനായി സമ്മേളിച്ചപ്പോൾ പ്രതിപക്ഷ എംപിമാർ നോട്ടീസ് അവതരിപ്പിച്ചിരുന്നു.
രാജ്യസഭയുടെ ചെയർമാൻ ധൻഖഡ് നോട്ടീസ് സ്വീകരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഭയുടെ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ നീക്കം കേന്ദ്രത്തിന് അത്ര രസിച്ചില്ല എന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിപക്ഷ പിന്തുണയോടെ സമർപ്പിച്ച നോട്ടീസ് ഉപരാഷ്ട്രപതി സ്വീകരിച്ചതോടെ ജഡ്ജിക്കെതിരെയും ജുഡീഷ്യറിയിലെ അഴിമതിക്കെതിരെയും നടപടി സ്വീകരിക്കാനുള്ള അവസരമാണ് കേന്ദ്ര സർക്കാരിന് നഷ്ടമായത്.
കേന്ദ്ര സർക്കാർ പ്രതിനിധി ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻഖഡിനെ വിളിച്ച് ഇക്കാര്യം വിളിച്ച് ആരാഞ്ഞതോടെ പ്രശ്നങ്ങൾ മൂർച്ഛിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ഉപരാഷ്ട്രപതിയും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചതെന്നും സംഭാഷണം ഉടൻ തന്നെ ഒരു തർക്കമായി മാറിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
തർക്കത്തിനിടയിൽ വൈസ് പ്രസിഡൻ്റ് തന്റെ ഓഫീസിന്റെ അധികാരങ്ങൾ എന്താണെന്ന് കേന്ദ്രപ്രതിനിധിയോട് എടുത്തുപറഞ്ഞുവെന്നും വൃത്തങ്ങൾ അറിയിച്ചു.