എം.ജി.ആറിന് ശേഷം തമിഴകത്തെ ചലച്ചിത്ര മുഖ്യമന്ത്രി? 49 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ 'ദളപതി' വിജയ്
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന വിജയ് ഒരുങ്ങുന്നു.
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, 1977-ല്‍ എം.ജി. രാമചന്ദ്രന്‍ സൃഷ്ടിച്ച വിസ്മയത്തിന് ശേഷം തമിഴ്‌നാടിന്റെ ഭരണസാരഥ്യമേല്‍ക്കുന്ന ആദ്യ നടനായി വിജയ് മാറാന്‍ സാധ്യതയേറി. കഴിഞ്ഞ 49 വര്‍ഷമായി ഒരു നടനും കീഴടക്കാന്‍ കഴിയാതിരുന്ന കോട്ടയിലേക്കാണ് വിജയ് തന്റെ 'തമിഴക വെട്രി കഴകം' പാര്‍ട്ടിയുമായി നടന്നു കയറുന്നത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 100 മുതല്‍ 118 വരെ സീറ്റുകളിലാണ് ടിവികെ മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് വിജയ് എത്തുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ ദ്രാവിഡ ആധിപത്യത്തിന് അന്ത്യമാകും.
സിനിമയില്‍ സജീവമായിരിക്കുമ്പോഴും 2009 മുതല്‍ 'വിജയ് മക്കള്‍ ഇയക്കം' എന്ന സംഘടനയിലൂടെ വിജയ് തന്റെ രാഷ്ട്രീയ അടിത്തറ ഉറപ്പിച്ചിരുന്നു. 2021-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം വിജയ്‌യുടെ ജനസ്വാധീനത്തിന്റെ തെളിവായിരുന്നു.
വെറുമൊരു രാഷ്ട്രീയ പരീക്ഷണമല്ല ഇതെന്നുറപ്പിക്കാന്‍ ഏകദേശം 70 ചിത്രങ്ങള്‍ നീണ്ട തന്റെ കരിയര്‍ ഉപേക്ഷിച്ചാണ് വിജയ് പൂര്‍ണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ വിശ്വാസ്യതയുണ്ടാക്കി.
1977-ല്‍ എം.ജി.ആര്‍ ജനപ്രിയ ക്ഷേമപദ്ധതികളിലൂടെയാണ് വോട്ട് പിടിച്ചത്. എന്നാല്‍ വിജയ്‌യുടെ പ്രചാരണം പ്രധാനമായും യുവജനങ്ങളുടെ ഉത്കണ്ഠകള്‍, തൊഴിലില്ലായ്മ, അഴിമതി വിരുദ്ധ ഭരണം എന്നിവയില്‍ കേന്ദ്രീകരിച്ചായിരുന്നു.
ജനങ്ങളുമായി സംവദിക്കുന്ന, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന ഒരു നേതാവായി സ്വയം അവതരിപ്പിച്ചതിലൂടെ യുവാക്കളുടെയും ആദ്യമായി വോട്ട് ചെയ്യുന്നവരുടെയും വലിയ പിന്തുണ നേടാന്‍ വിജയ്ക്ക് കഴിഞ്ഞു.
പതിറ്റാണ്ടുകളായി ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിച്ചിരുന്ന തമിഴ്നാട്ടില്‍ ഒരു മൂന്നാം ബദല്‍ ശക്തിയായി ടിവികെ മാറിയിരിക്കുന്നു. ഇത്തവണ തനിച്ച് മത്സരിക്കാനുള്ള വിജയ്‌യുടെ തീരുമാനം വന്‍ വിജയമായെന്നാണ് നിലവിലെ ലീഡ് നില വ്യക്തമാക്കുന്നത്.
വിജയ് തനിച്ച് ഭൂരിപക്ഷം നേടുമോ അതോ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്തായാലും, തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ വ്യാകരണം വിജയ് എന്ന നടന്‍ ഇതിനോടകം തന്നെ മാറ്റിമറിച്ചു കഴിഞ്ഞു. അഞ്ച് പതിറ്റാണ്ട് മുന്‍പ് എം.ജി.ആര്‍ തുറന്നിട്ട പാതയിലൂടെ സെന്റ് ജോര്‍ജ് കോട്ടയുടെ പടവുകള്‍ വിജയ് കയറുമോ എന്ന് ലോകം ഉറ്റുനോക്കുന്നു.