ഏഴ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരെല്ലാം? പ്രതിയുടെ 17കാരിയായ മകള്‍ കസ്റ്റഡിയില്‍; ചുരുളഴിയുന്നു
 

 
indushekar

ബെംഗളൂരു: ബെംഗളൂരുവിനെ നടുക്കിയ ഏഴുപേരുടെ കൊലപാതകക്കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലപാതകങ്ങളില്‍ മുഖ്യപ്രതി ഇന്ദുശേഖറിന്റെ 17 വയസ്സുള്ള മകള്‍ക്കും പങ്കുണ്ടോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. പ്രാദേശിക ക്രൈം മാസികയില്‍ ലേഖനങ്ങള്‍ എഴുതുന്നയാളാണ് പ്രതി ഇന്ദുശേഖറെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

വ്യത്യസ്ത ദിവസങ്ങളിലായി ഏഴുപേരെ കൊലപ്പെടുത്തിയെന്നാണ് ഇന്ദുശേഖറിനെതിരായ കേസ്. ഇത്രയും കൊലപാതകങ്ങള്‍ പ്രതി ഒറ്റയ്ക്ക് എങ്ങനെ നടത്തിയെന്ന സംശയം തുടക്കം മുതല്‍ തന്നെ പൊലീസിനുണ്ടായിരുന്നു. 

ഏഴുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ടാം നിലയില്‍ നിന്ന് മൃതദേഹങ്ങള്‍ ആരുടെയും സഹായമില്ലാതെ എങ്ങനെ താഴെയെത്തിച്ചുവെന്നതായിരുന്നു അന്വേഷണസംഘത്തിന്റെ പ്രധാന സംശയങ്ങളിലൊന്ന്.

മൃതശരീരങ്ങള്‍ താഴെയിറക്കാനും പിന്നീട് വനമേഖലയില്‍ ഉപേക്ഷിക്കാനും പ്രതിക്ക് മകളുടെ സഹായം ലഭിച്ചിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മട്ടന്‍ കറി വിളമ്പി ഭക്ഷണം കഴിക്കാനായി മുത്തശ്ശിയെ വീട്ടിലേക്ക് ക്ഷണിച്ചത് പെണ്‍കുട്ടിയാണെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതി ആസൂത്രിതമായ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പ്രാദേശിക ക്രൈം മാസികയില്‍ ലേഖനങ്ങള്‍ എഴുതിയിരുന്ന ഇന്ദുശേഖറിന് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള തന്ത്രങ്ങള്‍ അറിയാമായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.

 ഇതിനായി ഫോണിലൂടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. 

അതേസമയം, കൊല്ലപ്പെട്ട നാല് സ്ത്രീകളുടെയും സ്വര്‍ണാഭരണങ്ങള്‍ കാണാതായിട്ടുണ്ട്. ഇവ നഗരത്തിലെ ഒരു കടയില്‍ വിറ്റതായാണ് പ്രതി മൊഴി നല്‍കിയതെന്നാണ് വിവരം. കേസില്‍ ഇനിയും നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ട്.

Tags

Share this story

From Around the Web