ഇതൊക്കെ പറയാൻ അവർ ആരാണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്?" ആഞ്ഞടിച്ച് ശശി തരൂർ.

കോൺഗ്രസ്-ശശി തരൂർ ഭിന്നത രൂക്ഷമാകുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ്റെ വിമർശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കടുത്ത മറുപടി നൽകി ശശി തരൂർ. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന നേതാക്കളുടെ ആധികാരികത എന്താണെന്നായിരുന്നു ശശി തരൂരിൻ്റെ ചോദ്യം. തരൂര്‍ കോണ്‍ഗ്രസില്‍ ഉള്ളതായി കണക്കാക്കുന്നില്ലെന്ന കെ. മുരളീധരന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പ്രതികരണം.
കെ. മുരളീധരൻ്റെയും രാജ്മോഹൻ ഉണ്ണിത്താൻ്റെയും പേര് പരാമർശിക്കാതെയാണ് ശശി തരൂരിൻ്റെ പ്രസ്താവന. "ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതിന് പിന്നിൽ എന്തെങ്കിലും അടിസ്ഥാനം ഉണ്ടായിരിക്കണം. ഇതൊക്കെ പറയാൻ അവർ ആരാണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? എനിക്കറിയണം. മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ച് എന്നോട് ചോദിക്കരുത്. എന്റെ കാര്യങ്ങൾ മാത്രമേ എനിക്ക് പറയാൻ കഴിയൂ," ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പേറഷൻ സിന്ദൂറിന് പിന്നാലെ കേന്ദ്ര സർക്കാറിനെ പുകഴ്ത്തി ശശി തരൂർ നടത്തിയ പരാമർശങ്ങളിലും മോദി സ്തുതിയിലുമാണ് കോൺഗ്രസിനുള്ളിൽ പുക ഉയർന്നുതുടങ്ങിയത്. ശശി തരൂർ തൻ്റെ നിലപാട് തിരുത്താത്തിടത്തോളം, തിരുവനന്തപുരത്ത് നടക്കുന്ന ഒരു പാര്‍ട്ടി പരിപാടിയിലേക്കും ക്ഷണിക്കില്ലെന്ന് കെ. മുരളീധരന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. "തരൂരിൻ്റെ വിഷയം കോൺഗ്രസ് വിട്ടതാണ്. അദ്ദേഹത്തിനെതിരെ നടപടി വേണമോ വേണ്ടയോ എന്ന് ദേശീയനേതൃത്വം തീരുമാനിക്കട്ടെ. തരൂര്‍ ഇപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ളതായി കണക്കാക്കുന്നില്ല," ഇതായിരുന്നു കെ. മുരളീധരൻ്റെ പ്രസ്താവന. മുരളീധരന്റെ പ്രതികരണത്തിൻ്റെ ചുവടുപിടിച്ച് തരൂര്‍ പാര്‍ട്ടി വിടുന്നതാണ് നല്ലതെന്ന അഭിപ്രായവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും രംഗത്തെത്തി. പാര്‍ട്ടി പുറത്താക്കുന്നതുവരെ തരൂർ കാത്തിരിക്കേണ്ടതില്ല, അത് സംഭവിക്കാന്‍ പോകുന്നില്ലെങ്കിലും പക്ഷേ, അദ്ദേഹം പുറത്താക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്.