ക്രിസ്ത്യാനികൾ അവസാനമില്ലാത്ത രാജ്യത്തിന്‍റെ സാക്ഷികൾ ആരൊക്കെയാണ്?
യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല" (യോഹ 18: 36)
യേശു ഏകരക്ഷകൻ: ജൂൺ 25
മനുഷ്യപ്രകൃതിക്ക് അതിന്‍റെ സ്വാഭാവികമായ കഴിവുകള്‍ കൊണ്ടു "പിതാവിന്‍റെ ഭവനത്തിലേക്ക്", ദൈവത്തിന്‍റെ ജീവനിലേക്കും സന്തോഷത്തിലേക്കും, കടന്നുചെല്ലാന്‍ കഴിയുകയില്ല. ഈ പ്രവേശനം മനുഷ്യന് സാധ്യമാക്കുവാന്‍ ക്രിസ്തുവിനു മാത്രമേ കഴിയൂ. നമ്മുടെ ശിരസ്സും ആദികാരണവുമായി അവിടുന്നു പോയിടത്തേക്ക് അവിടുത്തെ അവയവങ്ങളായ നമുക്കും പോകാന്‍ കഴിയും.
"ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകര്‍ഷിക്കും" എന്ന യേശുവിന്റെ വാക്കുകൾ, സ്വര്‍ഗ്ഗാരോഹണമാകുന്ന ഉയര്‍ത്തലിനെ സൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. നവീനവും ശാശ്വതവുമായ ഉടമ്പടിയുടെ ഏകപുരോഹിതനായ യേശുക്രിസ്തു മനുഷ്യ നിര്‍മിതമായ വിശുദ്ധ സ്ഥലത്തേക്കല്ല, പിന്നെയോ നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കു തന്നെയാണ് പ്രവേശിച്ചത്.
ഇപ്പോള്‍ മുതല്‍ ക്രിസ്തു പിതാവിന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. "പിതാവിന്‍റെ വലതുഭാഗത്ത്" എന്നതുകൊണ്ട് നാം മനസ്സിലാക്കുന്നതു ദൈവികത്വത്തിന്‍റെ ബഹുമാനവും മഹത്വവുമാണ്. എല്ലാ യുഗങ്ങള്‍ക്കും മുന്‍പേ ദൈവപുത്രനായിരിക്കുന്നവന്‍, യഥാര്‍ത്ഥത്തില്‍ ദൈവമായിട്ടുള്ളവന്‍, പിതാവിനോട് ഏകസത്തയായിട്ടുള്ളവന്‍, യഥാകാലം മാംസം ധരിക്കുകയും അതേ ശരീരം മഹത്വം പ്രാപിക്കുകയും ചെയ്തശേഷം ശാരീരികമായിത്തന്നെ അവിടുത്തോടൊപ്പം ഉപവിഷ്ടനായിരിക്കുന്നു.
പിതാവിന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു എന്നത്, മിശിഹായുടെ രാജ്യത്തിന്‍റെ ഉദ്ഘാടനത്തെ, മനുഷ്യപുത്രനെ സംബന്ധിച്ചു ദാനിയേല്‍ പ്രവാചകനുണ്ടായ ദര്‍ശനത്തിന്‍റെ പൂര്‍ത്തീകരണത്തെ, സൂചിപ്പിക്കുന്നു. എല്ലാ ജനതകളും ജനപദങ്ങളും എല്ലാ ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്‍റെ ആധിപത്യം ശാശ്വതമാണ്. അതൊരിക്കലും ഇല്ലാതാവുകയില്ല. അവന്‍റെ രാജത്വം അനശ്വരമാണ്. അതിനാൽ ക്രിസ്ത്യാനികൾ "അവസാനമില്ലാത്ത രാജ്യത്തിന്‍റെ" സാക്ഷികളായിത്തീര്‍ന്നിരിക്കുന്നു.
വിചിന്തനം
സഭയുടെ ശിരസ്സായ യേശുക്രിസ്തു പിതാവിന്‍റെ മഹത്വപൂര്‍ണമായ രാജ്യത്തിലേക്കു നമുക്കു മുന്‍പേ പോയിരിക്കുന്നു. അവിടുത്തെ ശരീരത്തിന്‍റെ അവയവങ്ങളായ നാം, ഒരിക്കല്‍ എന്നേക്കുമായി അവിടുത്തോടൊപ്പമായിരിക്കുന്നതിനു വേണ്ടിയാണ് ഇത്. അതിനാൽ ക്രിസ്‌ത്യാനികൾ ഏതെങ്കിലും ഒരു വിശ്വാസത്തിന്റെയോ, പ്രത്യയശാസ്ത്രത്തിന്റെയോ, ഭൂമിയിലെ ഏതെങ്കിലും പ്രത്യേക സംവിധാനങ്ങളുടെയോ സാക്ഷികളല്ല. അവർ ക്രിസ്തുവിന്റെ അവസാനമില്ലാത്ത രാജ്യത്തിന്‍റെ സാക്ഷികളാണ്.