അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും സംഭാഷണം നടത്താന്‍ നമ്മെ പഠിപ്പിക്കുന്ന നാലു വിശുദ്ധര്‍ ആരൊക്കെ ആണെന്ന് അറിയാമോ?

 
opinion

ചിലപ്പോഴൊക്കെ നമ്മുടെ അതേ നിലപാടുകള്‍ പങ്കുവയ്ക്കുന്ന ആളുകളോട് പോലും കാര്യക്ഷമമായ ഒരു സംഭാഷണം നടത്തുക ബുദ്ധിമുട്ടാണ്. 

ഇനി മൗലികമായ വിഷയങ്ങളില്‍ നമ്മോട് വിയോജിക്കുന്ന ഒരാളാണെങ്കില്‍, ഒരു പൊതുധാരണയിലെത്തുക എന്നത് അസാധ്യമാണെന്ന് തോന്നാം. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുമ്പോഴോ, സഭയിലെ തര്‍ക്കവിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴോ ഇത് പ്രത്യേകിച്ചും സംഭവിക്കാറുണ്ട്.

നമ്മളില്‍ നിന്ന് വേറിട്ട് ചിന്തിക്കുന്ന ആളുകളുമായി ആശയവിനിമയം നടത്താനും സംഭാഷണത്തിലേര്‍പ്പെടാനും പഠിക്കുന്നത് ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. 


അതിന് ഉത്തമ മാതൃകകളായ നാല് വിശുദ്ധരെ പരിചയപ്പെടാം. ക്ഷമയോടും അനുകമ്പയോടും തുറന്ന മനസ്സോടും ഹൃദയത്തോടും കൂടി ആശയവിനിമയം നടത്താന്‍ ഈ വിശുദ്ധരുടെ മാതൃക നമ്മെ സഹായിക്കും.


1. കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസ

വിശുദ്ധ മദര്‍ തെരേസ, പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനും ഓരോ മനുഷ്യജീവിതത്തിന്റെയും അന്തസ്സ് സംരക്ഷിക്കുന്നതിനുമായി തന്റെ ജീവിതം മാറ്റിവച്ചു. 


മനുഷ്യന്റെ ജീവിക്കാനുള്ള മൗലികാവകാശത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന അവര്‍, സുവിശേഷാധിഷ്ഠിതമായ ചാതുര്യത്തോടെ പ്രമുഖരായ വ്യക്തികളെ അഭിമുഖീകരിച്ചു. അവരുടെ ജീവിതസാക്ഷ്യം അത്രമേല്‍ ശക്തമായിരുന്നു.

മതേതര ലോകത്തിന്റെ കണ്ണുകളില്‍ പോലും അവരുടെ വിജയം വളരെ വലുതായിരുന്നു. തല്‍ഫലമായി, 1979 ഒക്ടോബര്‍ 17-ന് അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.


 തനിക്ക് ലഭിച്ച സമ്മാനത്തുകയും തന്റെ ബഹുമാനാര്‍ഥം നടത്താനിരുന്ന വിരുന്നിന്റെ ചെലവും അവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു.

2. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍

'നല്ലവനായ മാര്‍പാപ്പ' എന്ന് വിളിക്കപ്പെടുന്ന അദ്ദേഹത്തിന് മികച്ച ആശയവിനിമയ ശേഷി നല്‍കിയ രണ്ട് പ്രധാന സവിശേഷതകള്‍ ഉണ്ടായിരുന്നു: അദ്ദേഹത്തിന്റെ ദയയും നര്‍മ്മബോധവും. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ നേരിടുമ്പോള്‍ ഇവ എപ്പോഴും അദ്ദേഹത്തിന് തണലായി.

അദ്ദേഹത്തിന് വിപുലമായ പാസ്റ്ററല്‍ അനുഭവമുണ്ടായിരുന്നു. 'ജേണല്‍ ഓഫ് എ സോള്‍' എന്ന പുസ്തകം, സങ്കീര്‍ണ്ണമായ സംഭാഷണങ്ങള്‍ നയിക്കാന്‍ ജന്മനാ കഴിവുള്ള ഒരു മനുഷ്യന്റെ കഥ വെളിപ്പെടുത്തുന്നു.

ബെര്‍ഗമോയിലെ ബിഷപ്പ് ജാക്കോമോ റാഡിനി-തെഡെസ്‌കിയുടെ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം ഒരു മിലിറ്ററി ചാപ്ലിനായിരുന്നു. പിന്നീട് ബെര്‍ഗമോയില്‍ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള യുവാക്കളെ സ്വാഗതം ചെയ്തുകൊണ്ട് സ്റ്റുഡന്റ് ഹൗസ് സ്ഥാപിക്കുകയും സെമിനാരിയിലെ ആത്മീയ മാര്‍ഗനിര്‍ദേശത്തിന്റെ ചുമതല വഹിക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ, ഇറ്റലിയിലെ 'കോണ്‍ഗ്രിഗേഷന്‍ ഓഫ് പ്രൊപ്പഗാന്ത ഫൈഡ്'  എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മാര്‍പാപ്പ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തു. ഈ ചുമതലയില്‍, മിഷനുകള്‍ക്ക് പിന്തുണ തേടിക്കൊണ്ട് അദ്ദേഹം എല്ലാ ഇറ്റാലിയന്‍ ബിഷപ്പുമാരെയും സന്ദര്‍ശിച്ചു. 


തുടര്‍ന്ന്, പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ബിഷപ്പായി വാഴിക്കുകയും, അസ്ഥിരമായ പല പ്രശ്‌നങ്ങളും പരിഹരിക്കേണ്ടിയിരുന്ന, ഓര്‍ത്തഡോക്‌സ് ഭൂരിപക്ഷ രാജ്യമായ ബള്‍ഗേറിയയിലെ അപ്പോസ്‌തോലിക് സന്ദര്‍ശകനായി നിയമിക്കുകയും ചെയ്തു.

തുര്‍ക്കിയിലെയും ഗ്രീസിലെയും അപ്പോസ്‌തോലിക് ഡെലിഗേറ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു, വത്തിക്കാനും ഓര്‍ത്തഡോക്‌സ്-മുസ്ലിം നേതൃത്വങ്ങള്‍ക്കും ഇടയിലുള്ള വലിയ അകലം ഒരു പരിധി വരെ കുറയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

എല്ലാ തുറകളിലുമുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചും സഹാനുഭൂതിയെക്കുറിച്ചും ഈ ലളിതമായ വസ്തുതകള്‍ വ്യക്തമാക്കുന്നു. പിന്നീട് മാര്‍പാപ്പ എന്ന നിലയില്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ സഭയുടെ നവീകരണത്തെ നയിക്കുകയെന്ന കഠിനമായ ദൗത്യവും അദ്ദേഹം നിര്‍വഹിച്ചു.

3. വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ

ജിയോവാനി ബാറ്റിസ്റ്റ മൊന്തിനി കാനോന്‍ നിയമവും സിവില്‍ നിയമവും പഠിച്ചു, വാര്‍സോയിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യേച്ചറില്‍ അറ്റാഷെയായി സേവനമനുഷ്ഠിച്ചു, പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു, രണ്ടാം ലോകമഹായുദ്ധത്തിന്റെ തലേന്ന് പരിശുദ്ധ പിതാവ് പുറപ്പെടുവിച്ച സമാധാനത്തിനായുള്ള ആഹ്വാനം തയ്യാറാക്കി.

മിലാനിലെ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍, തൊഴില്‍ ലോകത്തെയും കുടിയേറ്റത്തെയും നഗരപ്രാന്തങ്ങളിലെയും പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയും നിരവധി പുതിയ പള്ളികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.

വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്റെ പിന്‍ഗാമിക്ക് മുന്നില്‍ ബുദ്ധിമുട്ടേറിയ ഒരു വെല്ലുവിളിയുണ്ടായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിജയകരമായി പൂര്‍ത്തിയാക്കുക എന്നതായിരുന്നു അത്. അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ധ്യവും സന്തുലിതമായ മധ്യസ്ഥതയും ഇല്ലാതെ അത് സാധ്യമാകുമായിരുന്നില്ല. 1965 ഡിസംബര്‍ 8-ന് കൗണ്‍സില്‍ അവസാനിച്ചു.

കൗണ്‍സിലിന് പുറമേ, ക്രൈസ്തവരല്ലാത്തവരുമായും വിശ്വാസികളല്ലാത്തവരുമായും സംഭാഷണത്തിനായുള്ള പുതിയ സംവിധാനങ്ങള്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ രൂപീകരിച്ചു. അദ്ദേഹം ബിഷപ്പുമാരുടെ സിനഡ് സ്ഥാപിക്കുകയും വത്തിക്കാനിലെ ഓഫീസില്‍ (ഇപ്പോഴത്തെ ഡികാസ്റ്ററി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ദി ഫെയ്ത്ത്) നവീകരണം നടത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ എഴുത്തുകളും വിജ്ഞാപനങ്ങളും എല്ലാ തലങ്ങളിലുമുള്ള സംഭാഷണത്തോടുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു. കൂടുതല്‍ ഇടയ്ക്കിടെ അപ്പോസ്‌തോലിക് യാത്രകള്‍ നടത്തിക്കൊണ്ട് അദ്ദേഹം ഒരു പുതിയ പേപ്പല്‍ പാരമ്പര്യത്തിനും തുടക്കം കുറിച്ചു. 


1965-ല്‍ ന്യൂയോര്‍ക്കിലേക്ക് നടത്തിയ യാത്രയും ഇതില്‍ ഉള്‍പ്പെടുന്നു, അവിടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ചരിത്രപരമായ പ്രസംഗം നടത്തി.

കൂടാതെ, ഇറ്റലിക്കാരല്ലാത്ത നിരവധി കര്‍ദിനാള്‍മാരെ അദ്ദേഹം നിയമിക്കുകയും, 1968 മുതല്‍ എല്ലാ വര്‍ഷവും ജനുവരി 1-ന് ആചരിച്ചുവരുന്ന ലോക സമാധാന ദിനത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

4. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ 27 വര്‍ഷം മാര്‍പാപ്പയായിരുന്ന കാലഘട്ടം ലോകത്തിലെ ആരുമായും സംഭാഷണം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവിന് ഉത്തമ ഉദാഹരണമായിരുന്നു. 


ഈ കഴിവും അദ്ദേഹത്തിന്റെ അപ്പോസ്‌തോലിക് തീക്ഷണതയും, അദ്ദേഹത്തിന്റെ മാതൃരാജ്യമായ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്നതിനും ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയ്ക്കും പ്രധാന കാരണമായി.

അദ്ദേഹത്തിന്റെ കലാപരമായ കഴിവുകള്‍ അദ്ദേഹത്തിന്റെ ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ അവശ്യഭാഗമായിരുന്നു. മനുഷ്യന്റെ ആത്മാവിനെ ആഴത്തില്‍ മനസ്സിലാക്കാനും ക്രൈസ്തവ ആശ്വാസവും പ്രത്യാശയും പകര്‍ന്നുനല്‍കാനും അത് അദ്ദേഹത്തെ സഹായിച്ചു. 


ദൈവത്തോടും പരിശുദ്ധ കന്യാമറിയത്തോടും അയല്‍ക്കാരനോടുമുള്ള അദ്ദേഹത്തിന്റെ ബന്ധത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ അദ്ദേഹത്തിന്റെ സമഗ്രമായ രചനകള്‍ നമ്മെ സഹായിക്കുന്നു.

മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ ഫലങ്ങള്‍ അദ്ദേഹത്തിന്റെ നിരവധി അപ്പോസ്‌തോലിക് യാത്രകളില്‍ കാണാം, ഇതില്‍ 104 വിദേശ യാത്രകളും ഇറ്റലിക്കുള്ളില്‍ 146 യാത്രകളും ഉള്‍പ്പെടുന്നു. യുവാക്കളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം 1985-ല്‍ ലോക യുവജന ദിനത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. 


അദ്ദേഹം ഇതിന്റെ 19 ആഘോഷങ്ങളില്‍ പങ്കെടുത്തു. കൂടാതെ 1994-ല്‍ അദ്ദേഹം തുടക്കം കുറിച്ച ലോക കുടുംബ സംഗമത്തിനും ഇത് വഴിതെളിച്ചു.

ദൈവജനത്തോടും ലോകനേതാക്കളോടുമുള്ള അദ്ദേഹത്തിന്റെ അടുപ്പം, റോമിലേക്ക് ഒഴുകിയെത്തുകയോ ഓരോ സന്ദര്‍ശനത്തിലും പങ്കാളികളാവുകയോ ചെയ്ത ലക്ഷക്കണക്കിന് വിശ്വാസികള്‍, അന്തര്‍മത സംഭാഷണങ്ങള്‍, തുടങ്ങി എണ്ണമറ്റ മറ്റ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ആശയവിനിമയ ശേഷിയെക്കുറിച്ച് നമുക്ക് വ്യക്തമാക്കിത്തരുന്നു.

ബുദ്ധിമുട്ട് തോന്നുമ്പോള്‍ പോലും, നമ്മുടെ കുടുംബങ്ങളുമായും ദിവസവും ഇടപഴകുന്ന ആളുകളുമായും ബഹുമാനപൂര്‍വവും ദയാപൂര്‍വവുമായ സംഭാഷണം വളര്‍ത്തിയെടുക്കാന്‍ വിശുദ്ധരായ ഈ മഹത്വ്യക്തികള്‍ തങ്ങളുടെ മാതൃകയിലൂടെയും മധ്യസ്ഥതയിലൂടെയും നമ്മെ സഹായിക്കട്ടെ.

Tags

Share this story

From Around the Web