ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇല്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്
ഇറാനും അമേരിക്കയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇല്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. നാളെ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിന്റെയും പാകിസ്താന്റെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അമേരിക്കന്‍ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജെറാദ് കഷ് നറും ദോഹയില്‍ തുടരും. ഇരുവരും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുമായും മറ്റ് മധ്യസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇറാന്‍ അമേരിക്ക ചര്‍ച്ച തീരുമാനമായിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കി. അമേരിക്കന്‍ സംഘം എത്തിയത് ഇറാന്‍ ലബനന്‍ കരാറുകളിലും മറ്റും ചര്‍ച്ച നടത്താനെന്നും ഇറാനുമായുള്ള ചര്‍ച്ചക്ക് അല്ല സംഘം എത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാന്‍ പ്രതിനിധികളും പല ചര്‍ച്ചയ്ക്കായും എത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും ഉന്നതസംഘങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത് തീരുമാനം ആയിട്ടില്ല.
മധ്യസ്ഥശ്രമങ്ങള്‍ നടന്നുവരുന്നു. ഹോര്‍മുസ് പ്രധാന ചര്‍ച്ചാവിഷയം ആണ്. എന്നാല്‍ അത് മാത്രം അല്ല വിഷയം. ഹോര്‍മുസില്‍ സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാകണം. എല്ലാവര്‍ക്കും തടസങ്ങള്‍ ഇല്ലാതെ ഹോര്‍മുസ് ഉപയോഗിക്കാന്‍ ആകണം -മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ നീക്കം ചെയ്യാനുള്ള ഫ്രാന്‍സിന്റെയും ഒമാന്റെയും നീക്കം ഇറാന്‍ തള്ളി. സങ്കീര്‍ണമായ സാഹചര്യത്തില്‍ പ്രകോപനപരമായ നീക്കങ്ങള്‍ക്ക് മുതിരരുതെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി പറഞ്ഞു. മൈനുകള്‍ നീക്കം ചെയ്യാന്‍ ഇറാന് അറിയാമെന്നും മറ്റേതെങ്കിലും രാജ്യത്തിന്റെ സഹായം ആവശ്യമില്ലെന്നും ഗരീബാബാദി വ്യക്തമാക്കി.