സഭയ്ക്കുള്ളിലെ ഐക്യം വിശ്വാസികളെ ആകര്‍ഷിക്കുമ്പോള്‍, വിഭാഗീയത അവരെ ചിതറിക്കുമെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ

 
leo papa 1

വത്തിക്കാന്‍ സിറ്റി: സഭയ്ക്കുള്ളിലെ ഐക്യം വിശ്വാസികളെ ആകര്‍ഷിക്കുമ്പോള്‍, വിഭാഗീയത അവരെ ചിതറിക്കുമെന്ന മുന്നറിയിപ്പുമായി ലിയോ 14-ാമന്‍ പാപ്പ. വത്തിക്കാനില്‍ നടക്കുന്ന അസാധാരണ കണ്‍സിസ്റ്ററിയില്‍ ലോകമെമ്പാടുമുള്ള കര്‍ദിനാള്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

സഭ വളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, യേശുവിനോടുള്ള ആകര്‍ഷണത്തിലൂടെയാണെന്നും ബനഡിക്ഡ് 16 -ാമന്‍ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ജനുവരി 7, 8 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.

സഭയുടെ ആകര്‍ഷണം കത്തോലിക്കാ സഭയെന്ന സ്ഥാപനത്തിലല്ല, മറിച്ച് യേശുക്രിസ്തുവിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ സംസ്‌കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നും എത്തിയ കര്‍ദിനാള്‍മാരുടെ സംഘം സഭയുടെ വൈവിധ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും, ഈ വൈവിധ്യം സഭയ്ക്ക് കരുത്താണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ Evangelii Gaudium എന്ന പ്രബോധനത്തെ അടിസ്ഥാനമാക്കി, സമകാലിക ലോകത്ത് എങ്ങനെ സന്തോഷത്തോടെ സുവിശേഷം എത്തിക്കാം എന്നതിനെക്കുറിച്ച് കര്‍ദിനാള്‍മാര്‍ ചര്‍ച്ച ചെയ്തു. വത്തിക്കാന്‍ കാര്യാലയത്തിന് എങ്ങനെ പ്രാദേശിക സഭകളെ കൂടുതല്‍ ഫലപ്രദമായി സേവിക്കാം എന്നതായിരുന്നു മറ്റൊരു പ്രധാന ചര്‍ച്ചാ വിഷയം. വരും വര്‍ഷങ്ങളില്‍ കൂരിയയുടെയും തന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗരേഖ രൂപീകരിക്കുകയാണ് ഈ കണ്‍സിസ്റ്ററിയുടെ ലക്ഷ്യമെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ വ്യക്തമാക്കി.

Tags

Share this story

From Around the Web