മാർച്ച് മൂന്നിന് സിബിഎസ്ഇ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു
ന്യൂഡൽഹി: മാർച്ച് മൂന്നിന് സിബിഎസ്ഇ നടത്താൻ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ ഷെഡ്യൂൾ ബോർഡ് പുറത്തിറക്കിയെന്നും ഇതു സംബന്ധിച്ച അറിയിപ്പ് സ്കൂളുകൾക്ക് നൽകിയെന്നും പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് പറഞ്ഞു.
പത്താം ക്ലാസിലെ ടിബറ്റൻ, ജർമ്മൻ, നാഷണൽ കേഡറ്റ് കോർപ്സ്, ഭോട്ടി, ബോഡോ, തംഗ്ഖുൽ, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കാഷ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്സ് ഓഫ് ബുക്ക് കീപ്പിംഗ് ആൻഡ് അക്കൗണ്ടൻസി എന്നീ വിഷയങ്ങളുടെ പരീക്ഷ മാർച്ച് 11 ന് നടക്കും.
പന്ത്രണ്ടാം ക്ലാസ് നിയമ പഠന പരീക്ഷ ഏപ്രിൽ 10 ന് നടത്തും. മറ്റെല്ലാ പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും. പുതുക്കിയ തീയതികൾ ഉൾപ്പെടുത്തി ടൈംടേബിൾ പരിഷ്കരിച്ചെന്നും അഡ്മിറ്റ് കാർഡുകളിൽ പുതിയ തീയതികൾ ഉൾപ്പെടുത്തുമെന്നും സിബിഎസ്ഇ അറിയിച്ചു.