നിങ്ങള്‍ ദാമ്പത്യത്തിലോ പ്രണയത്തിലോ എന്തുമാകട്ടെ, പരസ്പരം ഒരിക്കലും പറയാന്‍ പാടില്ലാത്തതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍
നല്ലൊരു ബന്ധം കെട്ടിപ്പടുക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കാം. എന്നാല്‍ ഒരു നിമിഷത്തെ ദേഷ്യം കൊണ്ട് പറയുന്ന വാക്കുകള്‍ക്ക് ആ ബന്ധത്തെ തകര്‍ക്കാനാകും. എത്ര വലിയ വഴക്കുണ്ടായാലും പങ്കാളിയോട് അതിര്‍വരമ്പുകള്‍ ലംഘിച്ച് സംസാരിക്കരുത്. നിങ്ങള്‍ ദാമ്പത്യത്തിലോ പ്രണയത്തിലോ എന്തുമാകട്ടെ, പരസ്പരം ഒരിക്കലും പറയാന്‍ പാടില്ലാത്തതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
പങ്കാളിയോട് പറയാന്‍ പാടില്ലാത്ത നാല് പ്രധാന കാര്യങ്ങള്‍ :-
സാമ്പത്തിക പശ്ചാത്തലത്തെ പരിഹസിക്കരുത്
പങ്കാളിയുടെ കുടുംബ പശ്ചാത്തലത്തെയും സാമ്പത്തിക പശ്ചാത്തലത്തെയും വഴക്കുണ്ടാകുമ്പോള്‍ ആയുധമാക്കരുത്. സാമ്പത്തികം എന്നത് ഒരു വ്യക്തിയുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ട ഒന്നാണ്.
കുടുംബത്തെയും സുഹൃത്തുക്കളെയും അധിക്ഷേപിക്കരുത്
നിങ്ങളുടെ പങ്കാളിയ്ക്ക് അവരുടെ കുടുംബാംഗങ്ങളെ കുറിച്ച് ഒരുപാട് പരാതികള്‍ ഉണ്ടായേക്കാം. അവ നിങ്ങളോട് പങ്കുവെച്ചിട്ടുമുണ്ടാകും. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ചോ അല്ലാതെയോ അവരുടെ കുടുംബത്തെ നിങ്ങള്‍ അധിക്ഷേപിച്ച് സംസാരിക്കുന്നത് ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ ഇടയായേക്കാം.
അപകര്‍ഷതാബോധത്തെ പരിഹസിക്കരുത്
സ്വന്തം ശരീരം, സ്വഭാവം എന്നിവയെ കുറിച്ചെല്ലാം നിങ്ങളുടെ പങ്കാളിക്ക് ആശങ്കയും പേടിയുമുണ്ടാകാം. ഇത്തരം ബലഹീനതകളെ പരിഹസിക്കുന്നത് വലിയ വഴക്കിലേക്കും മാനസിക സമ്മര്‍ദത്തിലേക്കും നയിക്കും. പങ്കാളിയിലെ ദുര്‍ബലമായ വശങ്ങളെ ആക്രമിച്ച് സംസാരിക്കാതിരിക്കുക എന്നത് ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ ഉദാഹരണമാണ്.
നിന്നെ തെരഞ്ഞെടുത്തത് എന്റെ തെറ്റായിപ്പോയി എന്ന് പറയാതിരിക്കുക
ദേഷ്യം വരുമ്പോള്‍ പലരും പറഞ്ഞുപോകുന്ന വാചകമാണ് 'നിന്നെ തെരഞ്ഞെടുത്തത് തന്നെ തെറ്റായിപ്പോയി' എന്ന്. ഇത് കേള്‍ക്കുന്ന പങ്കാളിയുടെ മനസില്‍ വലിയ ആഴത്തിലുള്ള മുറിവാണ് നിങ്ങള്‍ ഉണ്ടാക്കുന്നത്. അവര്‍ക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാനും ഈ വാക്കുകള്‍ കാരണമാകും.