എവിടെ ഒളിച്ചാലും കണ്ടെത്തി കൊല്ലും: സിറിയയില്‍ ഐഎസ് കേന്ദ്രങ്ങളില്‍ കനത്ത ആക്രമണം നടത്തി യുഎസ്

 
US



ദമാസ്‌കസ്: സിറിയയില്‍ വ്യോമാക്രമണം നടത്തി യുഎസ്. ഐഎസ് സംഘടനയുടെ വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം. 'ഓപ്പറേഷന്‍ ഹോക്ക് ഐ സ്‌ട്രൈക്ക്' എന്നാണ് ഐഎസിനെതിരായ ആക്രമണത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.


കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് പാല്മിറയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് അമേരിക്കന്‍ സൈനികരും ഒരു അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് പുതിയ ആക്രമണങ്ങള്‍. ശനിയാഴ്ച രാത്രിയാണ് ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള യുഎസിന്റെ നീക്കം.


' ഞങ്ങളുടെ സന്ദേശം ശക്തമാണ്. നിങ്ങള്‍ ഞങ്ങളുടെ പോരാളികളെ ഉപദ്രവിച്ചാല്‍, നീതിയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും ലോകത്തെവിടെയായാലും ഞങ്ങള്‍ നിങ്ങളെ കണ്ടെത്തി കൊല്ലും''- യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രസ്താവനയോടൊപ്പമുള്ള ഏരിയല്‍ വീഡിയോയില്‍ വ്യത്യസ്ത സ്‌ഫോടനങ്ങള്‍ കാണിക്കുന്നുണ്ട്. 

വീഡിയോ എക്‌സില്‍ പങ്കുവെക്കുകയും ചെയ്തു. അതെസമയം യുഎസ്സിന്റെ ഈ ആക്രമണങ്ങളില്‍ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചോ എന്ന് വ്യക്തമല്ല. ഇക്കാര്യം സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.

ഞലമറ അഹീെ പുടിനെ പിടികൂടാന്‍ സൈന്യത്തെ അയക്കുമോ? മറുപടി പറഞ്ഞ് ട്രംപ്
ഈ ആക്രമണങ്ങളില്‍ സഖ്യ സേനയിലെ സൈനിക വിഭാഗങ്ങള്‍ പങ്കെടുത്തതായി പറയുന്നുണ്ടെങ്കിലും ഏതൊക്കെ രാജ്യത്തിന്റെ സേനകളാണ് വ്യക്തമാക്കിയിട്ടില്ല. ഡിസംബര്‍ 19 നും സിറിയയില്‍ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. 


മധ്യ സിറിയയിലുടനീളമുള്ള 70 ഐഎസ് കേന്ദ്രങ്ങളാണ് യുഎസ് അന്ന് ലക്ഷ്യമിട്ടത്. വര്‍ഷങ്ങളായി സിറിയയില്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ കുര്‍ദ്ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സാണ് യുഎസിന്റെ പ്രധാന പങ്കാളി. 


എന്നാല്‍ 2024 ഡിസംബറില്‍ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ പുറത്താക്കിയതിനുശേഷം, സിറിയന്‍ ഔദ്യോഗിക സര്‍ക്കാരുമായി ചേര്‍ന്നാണ് യുഎസ് ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നത്.


കഴിഞ്ഞ വര്‍ഷം അവസാനം സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ഐഎസിന് എതിരായ പോരാട്ടത്തില്‍ യുഎസിനൊപ്പം നില്‍ക്കാമെന്ന് വ്യക്തമാക്കിയിരുന്നു. 

ഐഎസ്‌ഐഎല്‍ നേതാവായ തഹ അല്‍-സൂബിയെ ദമാസ്‌കസിലെ ഒരു ഗ്രാമപ്രദേശത്ത് വെച്ച് അറസ്റ്റ്‌ചെയ്തതായി സിറിയന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ആയിരത്തിലധികം യുഎസ് സൈനിക ഉദ്യോഗസ്ഥരെങ്കിലും ഇപ്പോഴും സിറിയയിലുണ്ട്.

Tags

Share this story

From Around the Web