കോടികൾ മുടക്കി നെതർലാൻഡ്സിൽ പോയി പഠിച്ച റൂം ഫോർ റിവർ പദ്ധതി എവിടെ? ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചെന്ന് ആക്ഷേപം; റൂം ഫോർ പമ്പനടപ്പാക്കിയിരുന്നെങ്കിൽ പത്തനംതിട്ട വെള്ളത്തിൽ മുങ്ങില്ലായിരുന്നു, വിമർശനം
തിരുവനന്തപുരം: കേരളത്തിൽ വെള്ളപ്പൊക്കം തടയാൻ നെതർലാൻഡ്സ് മോഡലിൽ നടപ്പാക്കാനൊരുങ്ങിയ റൂം ഫോർ റിവർ പദ്ധതി പൊളിച്ചതാണ് അടിക്കടി വെള്ളപ്പൊക്കങ്ങൾ ഉണ്ടാവാൻ വഴിവച്ചത്. പ്രകൃതിദത്തമായ രീതിയിൽ വെള്ളപ്പൊക്കം തടയുന്നതിനായി നെതർലൻഡ്സ് വികസിപ്പിച്ചെടുത്ത ഒരു മാതൃകാ ജലപരിപാലന പദ്ധതിയാണ് റൂം ഫോർ റിവർ. നദികൾക്ക് ചുറ്റും ഉയർന്ന മതിൽക്കെട്ടുകളും ചിറകളും പണിത് വെള്ളത്തെ തടഞ്ഞുനിർത്തുന്ന പരമ്പരാഗത രീതിക്ക് പകരം, നദിക്ക് ഒഴുകാൻ ആവശ്യത്തിന് സ്ഥലം നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആശയം.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നെതർലാൻഡ്സിൽ പോയി പഠിച്ച്, കേരളത്തിൽ നടപ്പാക്കാൻ നിർദ്ദേശിച്ച പ്രളയപ്രതിരോധ പദ്ധതികളെല്ലാം ഉദ്യോഗസ്ഥർ അട്ടിമറിക്കുകയായിരുന്നു.
നെതർലാൻഡ്സിലെ 'റൂം ഫോർ റിവർ' മാതൃകയിൽ 'റൂം ഫോർ പമ്പ', 'റൂം ഫോർ വേമ്പനാട്' എന്നീ പദ്ധതികൾ തയ്യാറാക്കിയെങ്കിലും കൺസൾട്ടൻസിയെ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടായ ക്രമക്കേടുകൾ കാരണം പദ്ധതി നടപ്പാക്കാനായില്ല. 2018-ലെ മഹാപ്രളയത്തിനു ശേഷം കുട്ടനാട് പോലെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ പ്രളയനിയന്ത്രണത്തിനായി 'റൂം ഫോർ ദി റിവർ' മാതൃകകൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ചകളും പഠനങ്ങളും നടന്നിരുന്നു. എന്നാൽ ഒന്നും ഫലവത്തായില്ല.
ഇത്തവണ ഏറ്റവും വെള്ളപ്പൊക്കമുണ്ടായ പമ്പാ നദിയിൽ പദ്ധതി നടപ്പാക്കാനിരുന്നതാണ്. എന്നാൽ ഫലപ്രദമായില്ല. "റൂം ഫോർ പമ്പ" എന്ന പേരിൽ കുട്ടനാട്ടിലെ പ്രളയനിവാരണത്തിനായി നടപ്പാക്കാനിരുന്നതാണ്. കുട്ടനാട്ടിൽ നിന്ന് കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന തോട്ടപ്പള്ളി സ്പിൽവേയുടെയും പൊഴിയുടെയും ആഴവും വീതിയും കൂട്ടിയാൽ വെള്ളപ്പൊക്ക സമയത്ത് നദിയിലെ അധികജലം വേഗത്തിൽ കടലിലേക്ക് എത്തുന്നതിന് സഹായിക്കും.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് സമാന്തരമായുള്ള കനാലുകളിലെ തടസ്സങ്ങൾ നീക്കിയാൽ ജലമൊഴുക്ക് സുഗമമാക്കാനാവും. പമ്പ, മണിമല, അച്ചൻകോവിൽ നദികളുടെ ഒഴുക്കിന് തടസ്സമായി നിൽക്കുന്ന നികത്തലുകളും മണൽതിട്ടകളും നീക്കം ചെയ്യുകയും വേണം. പാടശേഖര സംരക്ഷണം ശക്തിപ്പെടുത്തി കൃഷിയെയും ജനവാസ മേഖലകളെയും സംരക്ഷിച്ചുകൊണ്ട് തന്നെ വെള്ളത്തിന് ഒഴുകാനുള്ള സ്വാഭാവിക വഴികൾ തുറന്നുനൽകാനും കഴിയുമായിരുന്നു.
'റൂം ഫോർ റിവർ' പദ്ധതി നടപ്പാക്കാൻ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി വരികയാണെന്നും കനാലുകളുടെ ആഴവും വീതിയും വർദ്ധിപ്പിച്ചു വെള്ളം സുഗമമായി ഒഴുകുന്നതിന് ആവശ്യമായ ശാസ്ത്രീയ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നൊക്കെ പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞെങ്കിലും വാക്കിലൊതുങ്ങി.
പമ്പ, അച്ചൻകോവിൽ, മണിമല നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്റെ പ്രധാന കാരണം. ഇതിൽ പമ്പ, അച്ചൻകോവിൽ നദികളിലെ ജലം കടലിലേക്ക് പതിക്കുന്നത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്. വേമ്പനാട്ട് കായൽ മുതൽ മണികണ്ഠൻ ആറ് വരെയുള്ള ചെങ്ങണ്ടയാറിന്റെ ആഴം കൂട്ടി വെള്ളം കൂടുതൽ കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ 'റൂം ഫോർ വേമ്പനാട്' ഉൾപ്പെടെയുള്ള പദ്ധതികളും നടപ്പാക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി.
അതേസമയം, കേരളത്തിൽ റൂം ഫോർ റിവർ നടപ്പാക്കാൻ ചില വെല്ലുവിളികളുമുണ്ട്. നെതർലൻഡ്സിനെ അപേക്ഷിച്ച് കേരളത്തിൽ നദീതീരങ്ങളിൽ ജനസാന്ദ്രത കൂടുതലായതിനാൽ സ്ഥലം ഏറ്റെടുക്കൽ പ്രായോഗികമായി പ്രയാസമാണ്. കിഴക്കൻ മലനിരകളിൽ നിന്ന് അതിവേഗം ഒഴുകിയെത്തുന്ന വെള്ളം താഴ്ന്ന പ്രദേശമായ കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്ന പ്രതിഭാസമാണ് കേരളത്തിലുള്ളത്.
ചില അനുകൂല സാഹചര്യങ്ങളുമുണ്ട്. കുട്ടനാട് പ്രകൃത്യാ തന്നെ സമുദ്രനിരപ്പിൽ നിന്ന് 1.2 മുതൽ 3 മീറ്റർ വരെ താഴെയാണ് സ്ഥിതി ചെയ്യുന്നത്. നെതർലൻഡ്സിലെ തണ്ണീർത്തട ഭൂപ്രകൃതിക്ക് സമാനമാണ് കുട്ടനാട്. വേനൽക്കാലത്ത് കൃഷിക്കും, മൺസൂൺ സമയത്ത് പ്രളയജലത്തെ ഉൾക്കൊള്ളാനും കഴിയുന്ന സ്വാഭാവിക പ്ലഡ് പ്ലെയിൻ ആയി കുട്ടനാടിനെ പുനഃസൃഷ്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.