മരിച്ചുപോയവരുടെ ആത്മാക്കള്‍ അന്ത്യവിധി വരെ എവിടെയാണ്?

 
jesus

രിച്ചുപോയവരുടെ ആത്മാക്കള്‍ ഒന്നുകില്‍ സ്വര്‍ഗത്തിലോ നരകത്തിലോ അല്ലെങ്കില്‍ ശുദ്ധീകരണസ്ഥലത്ത് എന്നതാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. മരിച്ചവരുടെ ആത്മാക്കള്‍ ഈ ഭൂമിയില്‍ അലഞ്ഞ് നടക്കുകയാണ് എന്നു പഠിപ്പിക്കുന്ന ചിലരെക്കുറിച്ച് നിങ്ങള്‍ ഒരുപക്ഷേ കേട്ടിട്ടുണ്ടാകും. 


അതേ സമയം ഇങ്ങനെ വാദിക്കുന്നവര്‍ ഒറ്റപ്പെട്ടവരല്ല, അവരുമായി ബന്ധപ്പെട്ട പല പാഷണ്ഡതകളും സഭാ ചരിത്രത്തില്‍ ഉണ്ടായിരുന്നു എന്നു മനസിലാക്കാന്‍ സാധിക്കും.

അന്ത്യവിധിക്കുമു മരണസമയത്ത് ദൈവം ആത്മാവിനെ വിധിക്കുന്നോ ഇല്ലയോ എന്നുള്ളതാണ് ചോദ്യം. ദൈവം യഥാര്‍ത്ഥത്തില്‍ ആത്മാക്കളെ വിധിക്കുന്നുണ്ട് എന്നും ആ വിധി മരണസമയത്തു തന്നെയാണ് സംഭവിക്കുന്നത് എന്നും അതിന്റെ ഏറ്റവും സ്പഷ്ടമായ ഉദാഹരണം. ഈശോ പറഞ്ഞ ധനവാന്റെയും ലാസറിന്റെയും ഉപമയാണ്. ഈ ഉപമയില്‍ ഈശോ അതിന്റെ അര്‍ത്ഥം വ്യക്തമാക്കുന്നുണ്ട്. 

സഭാചരിത്രത്തില്‍ തനതുവിധി ഇല്ല എന്നു പഠിപ്പിച്ചിരുന്ന അനേകം പാഷണ്ഡതകളുണ്ടായിരുന്നു. ലക്താന്തിയൂസ്, താസിയൂസ് എന്നിവരുടെ പഠനത്തില്‍ തനതുവിധിയില്ലെന്നും പൊതുവിധി മാത്രമേ ഉള്ളൂ എന്നും പഠിപ്പിച്ചിരുന്നു.

ഹിപ്‌നോസൈക്കിസം (Hypnopsychism) എന്ന പേരില്‍ പ്രചരിച്ച പാഷണ്ഡത തനതുവിധിയെ നിഷേധിക്കുകയും പൊതുവിധിവരെ ആത്മാക്കള്‍ അബോധ നിദ്രയിലാണെന്ന് പഠിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ത്‌നെത്തോസൈക്കിസം (Thnetopsychism) എന്ന പാഷണ്ഡത പ്രചരിപ്പിച്ചവരുടെ അഭിപ്രായത്തില്‍ ആത്മാക്കള്‍ സുബോധമുള്ളവരായി അലഞ്ഞു നടക്കുകയാണെന്നും. പൊതുവിധിയുടെ സമയത്ത് ശരീരം ഉയിര്‍പ്പിക്കപ്പെട്ട് ആത്മാവുമായി ചേരുമ്പോള്‍ മാത്രമേ വിധിയുണ്ടാകൂ എന്നും മേല്‍ പറഞ്ഞ രണ്ടു പാഷണ്ഡതകളും വാദിച്ചു.

പില്‍ക്കാലത്ത് നെസ്‌തോറിയന്‍, അനാബാപ്റ്റിസ്റ്റ്, സോചീനിയന്‍ എന്നീ പാഷണ്ഡതകളും പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്ത് ലൂഥറും കാല്‍വിനും തനതുവിധി നിരസിച്ചിരുന്നു. തനതുവിധിയില്ല എന്നു വാദിച്ച് പ്രൊട്ടസ്റ്റന്റെ സഭാതലവന്മാര്‍ വ്യത്യസ്തമായ ചിന്താധാര പുലര്‍ത്തിയിരുന്നു.

ഉദാഹരണമായി മാര്‍ട്ടിന്‍ ലൂഥറിനെ തിരുത്തിക്കൊണ്ടു കാല്‍വിന്‍ പറഞ്ഞു മരിച്ചവര്‍ അബോധാവസ്ഥയിലല്ല പൂര്‍ണബോധത്തോടെയാണ് കഴിയുന്നത്. നീതിമാന്മാരുടെ ആത്മാക്കള്‍ സന്തോഷത്തില്‍ സ്വസ്ഥരായിരിക്കുമ്പോള്‍ നീതിരഹിതരുടെ ആത്മാക്കള്‍ നിരാശയില്‍ അസ്വസ്ഥരായി അലഞ്ഞുനടക്കുന്നു.

വാസ്തവത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസ്, എമ്മാനുവല്‍ എംപറര്‍, അപ്പര്‍ റൂം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പറയുന്നത് കാല്‍വിന്‍ പറഞ്ഞ അതേ ആശയം തന്നെയല്ലേ? അലഞ്ഞുനടക്കുന്ന അസ്വസ്ഥരായ നരകാത്മാക്കളെക്കുറിച്ചുള്ള വിശദീകരണത്തിന്റെ ഉറവിടം കത്തോലിക്കാ പാരമ്പര്യമല്ല എന്നു വ്യക്തമാണല്ലോ. കാല്‍വിനിസത്തില്‍ നിന്ന് കത്തോലിക്കാസഭയിലേക്ക് ഏറെദൂരമുണ്ട് എന്ന് മനസ്സിലാക്കണം.

ഇത്തരം വികലമായ ചിന്തകള്‍ക്ക് മറ്റുപല ഐതിഹ്യങ്ങളും മതഗ്രന്ഥങ്ങളുമായി സാമ്യമുണ്ട്. BC 400-ല്‍ എഴുതപ്പെട്ട 'ഏറിന്റെ ഐതിഹ്യം' (Myth of Er) എന്ന ഗ്രന്ഥത്തില്‍ പ്ലേറ്റോ പറയുന്നു. മരണശേഷം നീതിരഹിതരുടെ ആത്മാക്കള്‍ പാതാളത്തില്‍ കഴിയുന്നു. തരം കിട്ടുമ്പോഴൊക്കെ ശപിക്കപ്പെട്ട ഈ ആത്മാക്കള്‍ ഭൂമിയിലെത്തി ജീവിച്ചിരിക്കുന്നവര്‍ക്ക് ശല്യം ചെയ്യുന്നു.

പ്ലേറ്റോയുടെ കഥയും നവീന വിഭാഗങ്ങളുടെ കാഴ്ചപ്പാടും തമ്മിലുള്ള ബന്ധം വായനക്കാര്‍ക്കു വ്യക്തമാണല്ലോ. ഇസ്ലാം മതവിശ്വാസമനുസരിച്ച് മരണമടഞ്ഞവരുടെ - ആത്മാക്കള്‍ നാകീര്‍, മുംകാര്‍ എന്നീ മാലാഖമാരാല്‍ വിചാരണ ചെയ്യ മിടുന്നു. തിന്മ ചെയ്തവര്‍ ശപിക്കപ്പെട്ട അവസ്ഥയിലും നീതിമാന്മാര്‍ അനുഗ്രഹീതാവസ്ഥയിലും അന്ത്യവിധിവരെ കുഴിമാടങ്ങളില്‍ത്തന്നെ കഴിയുന്നു.

അന്ത്യവിധിവരെ മരിച്ചവരുടെ ആത്മാക്കള്‍ ഈ ലോകത്ത് ഗതി കിട്ടാതെ അലഞ്ഞുനടക്കുന്നു എന്ന വിശ്വാസത്തിന് ക്രിസ്തീയ വിശ്വാസത്തേക്കാളും അടുത്തബന്ധം മറ്റു മതങ്ങളുടെ വിശ്വാസത്തോടാണ്. മരിച്ചവരുടെ ആത്മാക്കളെക്കുറിച്ച് വിഘടിത വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന കഥകള്‍ക്ക് ഭാരതീയ സങ്കല്‍പത്തിലെ പ്രേത, യക്ഷിക്കഥകളോട് ഏറെ സാമ്യമുണ്ട്.

പാലപ്പൂവും, പൂനിലാവും വെള്ളവസ്ത്രവും കൂട്ടിച്ചേര്‍ത്താല്‍ അവര്‍ പറയുന്ന മോക്ഷം കിട്ടാത്ത ആത്മാക്കളും, നമ്മുടെ നാട്ടിന്‍പുറങ്ങളിലെ നാലുകെട്ടുകളിലും സര്‍പ്പക്കാവുകളിലും സീരിയല്‍ - സിനിമാക്കഥകളിലും അലയുന്ന യക്ഷികളും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്. ചുരുക്കത്തില്‍ മരിച്ചവരുടെ ആത്മാക്കള്‍ മരണനിമിഷത്തില്‍ തന്നെ സ്വര്‍ഗത്തിലോ നരകത്തിലോ ശുദ്ധീകരണസ്ഥലത്തോ ആകുന്നു എന്നാണ് തിരുസഭ നല്‍കുന്ന ഉത്തരം.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ (സീറോ മലബാര്‍ സഭ) 

Tags

Share this story

From Around the Web