അപരനെ സഹായിക്കുമ്പോള്‍ ദാതാവിന്റെ ഹൃദയം ദൈവകൃപയിലേക്ക് തുറക്കുന്നു: ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: അപരനെ സഹായിക്കുമ്പോള്‍ ദാതാവിന്റെ ഹൃദയം ദൈവകൃപയിലേക്ക് തുറക്കുകയാണെന്ന് ലെയോ പാപ്പ. അമേരിക്കയില്‍ നിന്നുള്ള വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങള്‍ക്ക് ഇന്നലെ വത്തിക്കാനില്‍വെച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ദരിദ്രര്‍ക്ക് വേണ്ടി കൂടുതല്‍ സ്വയം സമര്‍പ്പിക്കുവാനും അപ്രകാരം ഹൃദയങ്ങളെയും മനസ്സുകളെയും ക്രമാനുഗതമായി ശുദ്ധീകരിച്ചുകൊണ്ട്, അയല്‍ക്കാരനില്‍ ക്രിസ്തുവിനെ കൂടുതല്‍ എളുപ്പത്തില്‍ തിരിച്ചറിയുവാന്‍ സാധിക്കട്ടെയെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
മറ്റുള്ളവരെ പരിപാലിക്കുന്നത് സ്‌നേഹത്താല്‍ പ്രചോദിതമാകുമ്പോള്‍ ആവശ്യമുള്ളവരെ സഹായിക്കുക മാത്രമല്ല, ദാതാവിന്റെ ഹൃദയം ദൈവകൃപയിലേക്ക് തുറക്കുകയാണ് ചെയ്യുന്നത്. ദരിദ്രര്‍ക്ക് വേണ്ടി കൂടുതല്‍ സ്വയം സമര്‍പ്പിക്കുവാനും, അപ്രകാരം, ഹൃദയങ്ങളെയും മനസ്സുകളെയും ക്രമാനുഗതമായി ശുദ്ധീകരിച്ചുകൊണ്ട്, അയല്‍ക്കാരനില്‍ ക്രിസ്തുവിനെ കൂടുതല്‍ എളുപ്പത്തില്‍ തിരിച്ചറിയുവാന്‍ സാധിക്കട്ടെയെന്നു പാപ്പ ആശംസിച്ചു.
നിത്യ നഗരമായ റോമില്‍, തീര്‍ത്ഥാടകരെന്ന നിലയില്‍ എത്തുമ്പോള്‍, അത് ഏവരുടെയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും, കര്‍ത്താവിനെയും അവിടുത്തെ സഭയെയും സേവിക്കുവാനുള്ള ആഗ്രഹം ആഴത്തിലാക്കുകയും ചെയ്യട്ടെ. ദൈവദത്തമായ ദാനങ്ങളും, കഴിവുകളും സൗജന്യമായി സമര്‍പ്പിക്കുന്നതിലൂടെ, സേവനത്തിലൂടെ ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള വിശ്വാസ സാക്ഷ്യം നല്‍കുന്നവരാണ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങള്‍. കര്‍ത്താവിന്റെ കൃപ ഏവരുടെയും സേവനത്തെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കര്‍ത്താവുമായുള്ള ഈ ബന്ധം ഇനിയും പരിപോഷിപ്പിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.