മാഡ്രിഡിലെ തെരുവുകള്‍ ദൈവാലയങ്ങളായപ്പോള്‍; വഴിയരികില്‍ നിന്ന് കുമ്പസാരം കേട്ട് യുവവൈദികര്‍
മാഡ്രിഡ്: ളോഹയും ഒരു ഊറാലയും ധരിച്ചുകൊണ്ട് വഴിയോരങ്ങളില്‍ നിന്ന് യുവജനങ്ങളുടെ കുമ്പസാരം കേള്‍ക്കുന്ന ഒരു സംഘം യുവ വൈദികര്‍ മാഡ്രിഡിലെ തെരുവോരങ്ങളെ ദേവാലയങ്ങളാക്കി മാറ്റുന്ന മനോഹരമായ ദൃശ്യങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ സ്‌പെയിന്‍ സാക്ഷ്യം വഹിച്ചു. ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനും പാപ്പയെ കാണാനുമായി പതിനായിരക്കണക്കിന് യുവജനങ്ങളാണ് മാഡ്രിഡ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. പാപ്പയെ കാണാനുള്ള യുവജനങ്ങളുടെ ആവേശം വിശ്വാസത്തിന്റെ ജീവസ്സുറ്റ വീണ്ടെടുപ്പിനുള്ള അവസരമാക്കി ഈ യുവവൈദികര്‍ മാറ്റുകയായിരുന്നു.
തെരുവോരങ്ങളിലും നടപ്പാതകളിലും കെട്ടിടങ്ങളുടെ ചുവരുകള്‍ക്ക് ചേര്‍ന്നുമിരുന്ന് വൈദികര്‍ വിശ്വാസികളുടെ കുമ്പസാരം കേട്ട് പാപമോചനം നല്‍കി. നഗരത്തിലെ തിരക്കുകള്‍ക്കും ബഹളങ്ങള്‍ക്കും നടുവില്‍, പ്രാര്‍ത്ഥനയ്ക്കും പാപമോചനത്തിനുമായി ആഗ്രഹിച്ചെത്തിയ വിശ്വാസികളെ തേടി വൈദികര്‍ ഇറങ്ങിവരികയായിരുന്നു. യുവ വൈദികര്‍ തങ്ങളുടെ പൗരോഹിത്യ വിളിയോട് പുലര്‍ത്തുന്ന വിശ്വസ്തതയുടെ നേര്‍ക്കാഴ്ചയായി ഈ പാപസങ്കീര്‍ത്തനങ്ങള്‍ മാറി.
കൂദാശകളിലൂടെ ദൈവത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ‘യഥാര്‍ത്ഥ ഇടയന്മാരുടെ’ ഈ മാതൃക, മാര്‍പാപ്പയുടെ ഈ സന്ദര്‍ശനത്തെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു. മാഡ്രിഡിലെങ്ങും ദൃശ്യമായ ആത്മീയമായ ഉണര്‍വ് സ്‌പെയിനില്‍ പാപ്പ കടന്നു ചെല്ലുന്ന മറ്റിടങ്ങളിലേക്കും ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.