മാധ്യമ ധർമ്മം പണയത്തിലാകുമ്പോൾ: വിശ്വാസ്യതയും ഉത്തരവാദിത്തവും മറക്കുന്ന മാധ്യമങ്ങൾ

 
Tv news

മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന വിശ്വാസം ഓരോ വായനക്കാരന്റെയും മനസ്സിന്റെ ഉള്ളിലുണ്ട്. എന്നാൽ ഇന്ന് ആ വിശ്വാസ്യത പണത്തിന് മുന്നിൽ പണയപ്പെടുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. 

പത്രത്തിന്റെ ഒന്നാം പേജ് മുതൽ കാർട്ടൂണുകൾ വരെ വിൽപനയ്ക്ക് വെച്ചിരിക്കുന്ന ഒരു വിപണന തന്ത്രമായി മാധ്യമപ്രവർത്തനം മാറിക്കഴിഞ്ഞിരിക്കുന്നു.


#### **അനുജത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കുന്ന തന്ത്രം**


വാർത്തയെന്ന് കരുതി വായനക്കാരൻ ആകാംക്ഷയോടെ ഒന്നാം പേജിലേക്ക് നോക്കുമ്പോൾ കാണുന്നത് മനോഹരമായി രൂപകൽപ്പന ചെയ്ത പരസ്യങ്ങളാണ്.

 **അനുജത്തിയെ കാണിച്ച് ചേച്ചിയെ കല്യാണം ഉറപ്പിക്കുന്നതുപോലുള്ള ഒരു തരം തറവേലയാണിത്.** വാർത്തയുടെ ലേഔട്ടും ഫോണ്ടും കാർട്ടൂണും വരെ അനുകരിച്ച്, ഇത് പത്രാധിപ സമിതി തയ്യാറാക്കിയതാണെന്ന് വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുകയും, എന്നാൽ ഉള്ളടക്കം വെറും കച്ചവടമാവുകയും ചെയ്യുന്നത് വായനക്കാരോടുള്ള ശുദ്ധമായ അനാദരവാണ്. വാർത്തയും പരസ്യവും തമ്മിലുള്ള അതിർവരമ്പ് മായുമ്പോൾ വഞ്ചിക്കപ്പെടുന്നത് സാധാരണക്കാരന്റെ വിശ്വാസമാണ്. പരസ്യങ്ങളിലെ ഈ മര്യാദകേട് മാധ്യമങ്ങൾ അടിയന്തരമായി തിരുത്തേണ്ടതുണ്ട്.


#### **ലഹരിയും മാധ്യമങ്ങളും: വിനാശകരമായ കൂട്ടുക്കെട്ട്**


സമീപകാലത്ത് ഒരു പ്രമുഖ ചാനലിൽ കഞ്ചാവ് വിൽപന പ്രോത്സാഹിപ്പിക്കണം എന്ന തരത്തിൽ അഭിമുഖം വരികയും, തുടർന്ന്  പോസ്റ്ററുകളിൽ ("കഞ്ചാവ് അനുകൂല") പ്രചരിപ്പിക്കുകയും ചെയ്തത് നാം കണ്ടു. ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തേണ്ട മാധ്യമങ്ങൾ തന്നെ ഇത്തരം സാമൂഹിക വിരുദ്ധമായ കാര്യങ്ങൾക്ക് വേദി നൽകുന്നത് അങ്ങേയറ്റം അപകടകരമാണ്. 
ഇത് വെറുമൊരു വാർത്താ കവറേജല്ല, മറിച്ച് ലഹരി മാഫിയകൾക്ക് നൽകുന്ന നിശ്ശബ്ദമായ പരസ്യമാണ്. ഇത്തരം പ്രവണതകൾ വരുംതലമുറയെ തകർക്കുമെന്ന ബോധ്യം മാധ്യമങ്ങൾക്കുണ്ടാവണം.


#### **ആട്, തേക്ക്, മാഞ്ചിയം... നമുക്ക് മറക്കാറായിട്ടില്ല!**


കഴിഞ്ഞ ദശാബ്ദങ്ങളിൽ കേരളത്തെ പിടിച്ചുകുലുക്കിയ വൻ തട്ടിപ്പുകൾക്ക് വലിയ പ്രചാരണം നൽകിയത് അന്നത്തെ പല മാധ്യമങ്ങളുമായിരുന്നു. "ഫൗണ്ടർ & മാനേജിങ് ഡയറക്ടർമാരുടെ" ഫോട്ടോ വെച്ച് വലിയ പരസ്യം നൽകിയ പലർക്കും പിന്നീട് എന്ത് സംഭവിച്ചു എന്ന് നാം മറക്കാൻ സമയമായിട്ടില്ല. 

തട്ടിപ്പ് പുറത്തായപ്പോൾ ഉണ്ടായ ആത്മഹത്യകൾ, ഒളിച്ചോട്ടങ്ങൾ, ഒടുവിൽ ജയിലിൽ കിടന്നുള്ള മരണം എന്നിവയൊക്കെ ആ ചിരികൾക്ക് പിന്നിലെ ചതിക്കുഴികളായിരുന്നു.

 പണത്തേക്കാൾ വലിയത് വായനക്കാരന്റെ വിശ്വാസമാണെന്ന് മാധ്യമങ്ങൾ തിരിച്ചറിയണം.


#### **സർക്കാർ നിയന്ത്രണവും വായനക്കാരന്റെ ജാഗ്രതയും**


മാധ്യമസ്വാതന്ത്ര്യം എന്നത് എന്തുമാകാനുള്ള അനുവാദമല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും സാമൂഹിക വിരുദ്ധ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ സർക്കാർ നിയന്ത്രണം ആവശ്യമാണ്.

 വായനക്കാരൻ വെറുമൊരു ഉപഭോക്താവല്ല എന്ന തിരിച്ചറിവ് മാധ്യമങ്ങൾക്കുണ്ടാകണം. 
ഇന്ന് ജനങ്ങൾ ടിവിയിലെ പരസ്യങ്ങളെയും കപട വാർത്തകളെയും റിമോട്ട് കൺട്രോൾ കൊണ്ട് നിരാകരിക്കുന്നു. പത്രങ്ങളിലെ വഞ്ചന തുടർന്നാൽ വായനക്കാരൻ വരിക്കാരനാകുന്നത് നിർത്തും.

 ഏജന്റുമാർക്ക് പത്രങ്ങൾ നൽകുന്ന കോപ്പികളുടെ എണ്ണം കുറയുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത തകരുന്നതിന്റെ ലക്ഷണമാണ്.

മാധ്യമങ്ങൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ കാലം അവരെ പുറന്തള്ളും.

 പണത്തേക്കാൾ വലിയത് വായനക്കാരനോടുള്ള പ്രതിബദ്ധതയാണെന്ന് ഓർക്കണം. 

വാർത്താ പേജുകളും മാധ്യമ ധർമ്മവും വിൽപനയ്ക്കുള്ളതല്ല എന്ന ബോധ്യം ഓരോ മാധ്യമ സ്ഥാപനത്തിനും ഉണ്ടാവണം.


**മാധ്യമ ജാഗ്രത അനിവാര്യമാണ്!**

  പത്രങ്ങൾ വായിക്കുമ്പോൾ, ടി വി കാണുമ്പോൾ പരസ്യത്തിൽ പൊതിഞ്ഞുവരുന്ന വാർത്തകളും, വീക്ഷണങ്ങളും തിരിച്ചറിയുവാൻ വലിയ ശ്രദ്ധ പുലർത്തണം.

 *സാബു* *ജോസ്* .
എറണാകുളം

Tags

Share this story

From Around the Web