'നിങ്ങളെ കാണുമ്പോള്‍ ദൈവത്തിന്റെ അദ്ഭുതം ഞാന്‍ കാണുന്നു'': വൈദികാര്‍ഥികളോട് ലെയോ പാപ്പ

 
leo papa



ആഗസ്റ്റ് മൂന്നിന് വ്യാഴാഴ്ച വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തില്‍ ഇറ്റലിയിലെ രണ്ട് സെമിനാരികളില്‍ നിന്നുള്ള വൈദികാര്‍ഥികളുടെ സംഘത്തെ സ്വീകരിച്ച ലെയോ പതിനാലാമന്‍ മാര്‍പാപ്പ, അവര്‍ ''ദിവസേന പറയുന്നതും തുടരുന്നതുമായ 'അതെ' എന്ന സമ്മതത്തിന്'' തിരുസഭയുടെ നാമത്തില്‍ നന്ദി അറിയിച്ചു. 

മൊള്‍ഫെറ്റയിലെ പയസ് പതിനൊന്നാമന്‍ പൊന്തിഫിക്കല്‍ റീജിയണല്‍ സെമിനാരി, അവേര്‍സയിലെ ഇന്റര്‍ഡയോസിസന്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധിസംഘങ്ങള്‍ക്കു നല്‍കിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

രണ്ട് സമൂഹങ്ങളും ഈ വര്‍ഷം പ്രധാനപ്പെട്ട വാര്‍ഷികങ്ങള്‍ ആഘോഷിക്കുകയാണ്. മൊള്‍ഫെറ്റയില്‍, സെമിനാരിക്ക് പേര് നല്‍കിയ പയസ് പതിനൊന്നാമന്‍ മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം നിര്‍മ്മിച്ച പുതിയ ആസ്ഥാനത്തിന്റെ ശതാബ്ദിയും അവേര്‍സയില്‍, നിലവിലെ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചതിന്റെ മൂന്നൂറാം വാര്‍ഷികവുമാണ് ആഘോഷിക്കുന്നത്.


ചടങ്ങില്‍ പങ്കെടുത്ത കുടുംബങ്ങള്‍ക്കും മാര്‍പാപ്പ നന്ദി രേഖപ്പെടുത്തി. ''അനുയോജ്യമായ ഒരു പശ്ചാത്തലമില്ലാതെ ഒരു ദൈവവിളി ഒരിക്കലും രൂപപ്പെടില്ല. 


പ്രാര്‍ഥിക്കുന്നവരും കുട്ടികളെ സ്വതന്ത്രരാക്കാന്‍ മടിക്കാത്തവരുമായ മാതാപിതാക്കളും ഒരു വീടും അതിന് പലപ്പോഴും ആവശ്യമാണ്. പ്രിയപ്പെട്ട കുടുംബങ്ങളേ, നിങ്ങളോടും മുഴുവന്‍ സഭയോടുമുള്ള എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു,'' പാപ്പ പറഞ്ഞു.

ഓരോ വിളിയും ദൈവത്തിന്റെ സ്വാതന്ത്ര്യത്തില്‍ നിന്നാണ് ഉടലെടുക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. ''ഇവിടെ മത്സരങ്ങളോ, റാങ്കിംഗോ ഇല്ല. അവിടുന്ന് ഏറ്റവും മികച്ചവരെ തെരഞ്ഞെടുത്തു എന്ന് എവിടെയും എഴുതിവച്ചിട്ടുമില്ല. അവിടുന്ന് ആഗ്രഹിച്ചവരെ തെരഞ്ഞെടുത്തു. 

വ്യക്തിപരമായ നേട്ടങ്ങളെ മാത്രം ആഘോഷിക്കുന്ന ഇന്നത്തെ ലോകത്ത്, നിങ്ങളോ, ഞങ്ങളോ ആരും സ്വന്തം യോഗ്യത കൊണ്ടല്ല ഇവിടെയെത്തിയതെന്നും, മറിച്ച് പിതാവായ ദൈവത്തിന്റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കൊണ്ടു മാത്രമാണെന്നും ഓര്‍ക്കുന്നത് പ്രധാനമാണ്.

 നമ്മെ എപ്പോഴും മുന്നോട്ടുനയിക്കുന്നതും ഒരിക്കലും നിരാശപ്പെടുത്താത്തതുമായ സൗജന്യസ്‌നേഹത്തിന്റെ അടയാളവും ഉറപ്പുമാണത്,'' പാപ്പ കൂട്ടിച്ചേര്‍ത്തു.

ഓരോ വിളിയും നിശ്ശബ്ദതയിലും പ്രാര്‍ഥനയിലും വളര്‍ത്തിയെടുക്കുന്ന ദൈവവുമായുള്ള വ്യക്തിപരമായ സംഭാഷണത്തില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. 

ഈ അര്‍ഥത്തില്‍, പരിശീലനകേന്ദ്രമെന്ന നിലയില്‍ സെമിനാരികളുടെ പ്രാധാന്യത്തെ പാപ്പ പിന്തുണച്ചു.

Tags

Share this story

From Around the Web