ഇതുകേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം- സന്ധ്യപ്രാര്‍ത്ഥന

ഞങ്ങളുടെ രക്ഷകനും പരിപാലകനുമായ നല്ല ദൈവമേ... ഭയമേതുമില്ല ഞങ്ങളെ അങ്ങ് പരിപാലിക്കുന്നതിനാല്‍. ആനന്ദത്തോടെ അനുദിനം ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് മാത്രമാണ് നല്ല ഇടയന്‍. വഴി കാട്ടും സ്‌നേഹിതന്‍. ഞങ്ങളുടെ വഴികളില്‍ പ്രകാശമായ. ഞങ്ങളുടെ കഷ്ടതകളില്‍ ആലംബമായ. ഞങ്ങളുടെ മുറിവുകളില്‍ സൗഖ്യമായ ദൈവമേ അങ്ങ് കൂടെയുള്ളപ്പോള്‍. ഞങ്ങള്‍ ആരെ ഭയപ്പെടണം ഈശൊയെ... അങ്ങ് കൂടെയുള്ളതിനാല്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ഞങ്ങളെ എന്നും ചേര്‍ത്തു നിറുത്തണേ ഈശോയെ. ഉള്ളില്‍ നിന്നും ഉയരാത്ത ഒരു പ്രാര്‍ത്ഥനയും ദൈവ സന്നിധിയില്‍ എത്തി ചേരുന്നില്ലല്ലോ. നാഥാ, അവിടുന്ന് ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യണമേ. ഈശോയെ എളിമപ്പെട്ടു കൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവ നാമത്തെ ഭയപ്പെടുവാനും ആ നാമത്തെ പ്രതി നന്മ ചെയ്യുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഓരോ ദിനത്തിലും ദൈവ രാജ്യത്തിലേക്കുള്ള യാത്രയിലാണ് ഞങ്ങള്‍ എന്ന് മറന്നു പോകുവാന്‍ ഇടവരുത്തരുതേ. പിതാവേ, അവിടുത്തെ സാന്നിധ്യം സ്വര്‍ഗ്ഗത്തിലെ പോലെ തന്നെ ഈ ഭൂമിയിലും ഉണ്ടാകട്ടെ. തിന്മ നിറഞ്ഞ ഭൂമിയെ അങ്ങ് വിശുദ്ധീകരിക്കണമേ. നീതിമാന്മാരുടെ കണ്ണ് നീരിനാല്‍ ഈ ഭൂമി ഇനിയും നനയുവാന്‍ ഇടവരുത്തരുതേ. അന്നന്നത്തേയ്ക്ക് വേണ്ട ആഹാരത്തിനു വേണ്ടി അദ്ധ്വാനിക്കുവാനും, ആര്‍ത്തി കൂടാതെ സമ്പാദിക്കുവാനും ഞങ്ങള്‍ക്ക് കഴിയട്ടെ. ഞങ്ങളോട് തെറ്റ് ചെയ്യുന്നവരെ സ്‌നേഹത്തോടെ തിരുത്തുവാനും അവരുടെ തെറ്റുകള്‍ പൊറുത്തു കൊണ്ട് അവരെ ചേര്‍ത്ത് നിര്‍ത്തുവാനും പിതാവേ കൃപ നല്‍കണമേ. ഏതെങ്കിലും കാരണവശാല്‍ ഞങ്ങള്‍ അവിടുത്തെ സന്നിധിയില്‍ നിന്നും അകന്നു പോകുകയും പാപപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ ഞങ്ങളുടെ പരിഹാര പ്രവര്‍ത്തികളെയും, നന്മപ്രവര്‍ത്തികളെയും കണക്കിലെടുത്തു അവിടുത്തെ സന്നിധിയിലേക്ക് തിരികെ കൊണ്ടുവരണമേ. സാത്താന്റെ സകല പ്രലോഭനങ്ങളില്‍ നിന്നും അവിടുന്ന് ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ. ഞങ്ങളുടെ പാദങ്ങള്‍ ദുഷ്ടന്റെ കെണിയില്‍ വീഴാതെ കാത്തു സൂക്ഷിക്കുവാന്‍ മാലഖമാരോട് അവിടുന്ന് കല്പിക്കണമേ... ആമേന്‍