കുഞ്ഞുങ്ങൾ കരയുമ്പോൾ വാഷിംഗ് മെഷീനിലിട്ട് വെള്ളമടിക്കും, ബാത്ത്റൂമിൽ പൂട്ടിയിടും; ബംഗളൂരു ടെക് പാർക്കിലെ ഡേകെയറിൽ പിഞ്ചുകുഞ്ഞുങ്ങളോട് കാട്ടിയ ക്രൂരതയുടെ ഞെട്ടിക്കുന്ന ഭീകരദൃശ്യങ്ങൾ പുറത്ത്

 
arrest

ബംഗളൂരു: ബംഗളൂരു ബ്രൂക്ക്ഫീല്‍ഡിലെ പ്രമുഖ ആഗോള കണ്‍സള്‍ട്ടിംഗ് കമ്പനിയായ 'ക്യാപ്‌ജെമിനി'യുടെ ടെക് പാര്‍ക്ക് കാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഡേകെയറിലെ പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായ പീഡനങ്ങള്‍ക്കിരയാക്കിയ രണ്ട് വനിതാ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. 

വിജയലക്ഷ്മി, മഞ്ജുള എന്നിവരാണ് അറസ്റ്റിലായ ജീവനക്കാര്‍. ഇവിടെയെത്തുന്ന രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ വാഷിംഗ് മെഷീനിലിട്ടും ബാത്ത്‌റൂമുകളില്‍ പൂട്ടിയിട്ടും ക്രൂരമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 

സംഭവത്തില്‍ ക്യാപ്‌ജെമിനി കമ്പനിയുടെയും ഡേകെയര്‍ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന 'ലിറ്റില്‍ സ്‌കോളര്‍' എന്ന ഏജന്‍സിയുടെയും പങ്കിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ച ചില ഭീകര ദൃശ്യങ്ങളാണ് ഈ ക്രൂരത പുറത്തുകൊണ്ടുവന്നത്. ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീന്റെ ഡ്രമ്മിനുള്ളില്‍ രണ്ട് വയസ്സുള്ള കുഞ്ഞുങ്ങളെ ഇരുത്തിയ ശേഷം ജീവനക്കാര്‍ ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് വെള്ളമടിക്കുന്നതും കരയുന്ന കുട്ടികളെ ബാത്ത്‌റൂമുകളില്‍ പൂട്ടിയിടുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ഈ വീഡിയോകള്‍ വൈറലായതോടെ വലിയ ജനരോഷം ഉയരുകയും കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിലും പോലീസിലും പരാതികള്‍ എത്തുകയുമായിരുന്നു. ഡേകെയറിലെ അഞ്ച് വനിതാ കെയര്‍ഗിവര്‍മാര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ക്യാപ്‌ജെമിനിയിലെ ജീവനക്കാരുടെ കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. ഈ കേന്ദ്രത്തില്‍ അന്‍പതോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ദിവസേന ഇരുപതോളം കുട്ടികള്‍ എത്താറുണ്ടെന്നും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ കരയുമ്പോഴും ബഹളം വെക്കുമ്പോഴും അവരെ നിശബ്ദരാക്കാനാണ് ജീവനക്കാര്‍ ഈ ക്രൂരത കാട്ടിയിരുന്നത്. 

ഈ പീഡനം ഏറെ നാളായി തുടരുന്നതാണെന്നും മുന്‍പ് ഒരു ജീവനക്കാരി ഇതിനെതിരെ സൂപ്പര്‍വൈസറോട് പരാതിപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, പരാതി നല്‍കിയ ആളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണ് ചെയ്തതെന്നും പ്രൊബേഷന്‍ ഓഫീസര്‍ തിലകേഷ് കുമാര്‍ വെളിപ്പെടുത്തി. 

സംഭവത്തെത്തുടര്‍ന്ന് ക്യാപ്‌ജെമിനി ഈ ഡേകെയര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുകയും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Tags

Share this story

From Around the Web