കൺമുന്നിൽ ഒരാൾ മുങ്ങി താഴ്ന്നപ്പോൾ മരിക്കാൻ വിട്ടുകൊടുക്കാൻ തോന്നിയില്ല-പുഴയിലേക്ക് എടുത്തുചാടി പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം
കൊച്ചി: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാൻ പുഴയിൽ ചാടിയ പെൺകുട്ടിയെ, സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ഡ്രൈവർ അജേഷിനെ തേടി അഭിനന്ദനങ്ങൾ. പറവൂർ-അങ്കമാലി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ ചാലക്ക സ്വദേശി അജേഷ് (41), പെരിയാറിലെ ശക്തമായ ഒഴുക്കിനെ അവഗണിച്ച് നടത്തിയ രക്ഷാപ്രവർത്തനം ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.
പറവൂരിൽ നിന്ന് അങ്കമാലിയിലേക്ക് ബസ് ഓടിച്ചു പോകുമ്പോഴാണ് മാഞ്ഞാലി പാലത്തിന് സമീപം റോഡരികിൽ ആളുകൾ പരിഭ്രമിച്ചു നിൽക്കുന്നത് അജേഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബസ് നിർത്തി താഴെയിറങ്ങിയ അജേഷ് കണ്ടത്, പുഴയുടെ നടുഭാഗത്ത് മുങ്ങിത്താഴുന്ന പെൺകുട്ടിയെയാണ്. ബസിലെ യാത്രക്കാരെ സാക്ഷിനിർത്തി, കണ്ടക്ടറുടെ സമ്മതം കൂടി വാങ്ങിയ ശേഷം അജേഷ് നിമിഷനേരം കൊണ്ട് പുഴയിലേക്ക് എടുത്തുചാടി.
പുഴയുടെ നടുഭാഗത്തേക്ക് അതിവേഗം നീന്തിയെത്തിയ അജേഷ്, പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് ഉയർത്തി. വെള്ളം ഛർദ്ദിച്ച പെൺകുട്ടി അല്പം പ്രതികരിച്ചതോടെ തനിക്ക് ജീവൻ രക്ഷിക്കാനാകുമെന്ന് ഉറപ്പിച്ചു. ചുറ്റും വള്ളങ്ങളോ മറ്റ് സഹായങ്ങളോ ഇല്ലാതിരുന്നിട്ടും, ശക്തമായ നീരൊഴുക്കിനെതിരെ ഏകദേശം 250 മീറ്ററിലേറെ ദൂരം പെൺകുട്ടിയെയും താങ്ങി അജേഷ് നീന്തിക്കയറി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടി ചികിത്സയിലാണ്.
"കൺമുന്നിൽ ഒരാൾ മുങ്ങിത്താഴുമ്പോൾ മരിക്കാൻ വിട്ടുകൊടുക്കാൻ തോന്നിയില്ല" എന്നാണ് അജേഷ് തന്റെ ഈ ധീരമായ പ്രവർത്തിയെക്കുറിച്ച് കോഫി വിത്ത് അരുൺ എന്ന പരിപാടിയിൽ പങ്കുവെച്ചത്.