ചക്രം പൊട്ടിത്തെറിച്ചു, പിന്നാലെ തീപിടിത്തം; 45 വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയ ബസ് കത്തിനശിച്ചു
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു.
തമിഴ്‌നാട്ടിലെ തേനിയില്‍ വെച്ചാണ് തീപിടിച്ചത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന മുഴുവന്‍ പേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
45 കുട്ടികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടായിരുന്നത്. മൂന്നാര്‍, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം.
തേനി ജില്ലയിലെ ദേവദാനപ്പെട്ടി എന്ന സ്ഥലത്ത് വെച്ച് ബസിന്റെ പിന്‍ഭാഗത്തെ ടയറിന് സമീപത്തുനിന്ന് സ്പാര്‍ക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ഉടനെ ബസ് നിര്‍ത്തി എല്ലാവരെയും പുറത്തിറക്കി പരിശോധിച്ചു. ഇതിനുപിന്നാലെയാണ് ടയര്‍ പൊട്ടിത്തെറിച്ച് ബസിന് തീപിടിച്ചത്. നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നതോടെ ബസ് പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.
അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് മുക്കാല്‍ ഭാഗത്തോളം കത്തിനശിച്ചിരുന്നു.
ബസിലുണ്ടായിരുന്ന എല്ലാവരെയും കൃത്യസമയത്ത് സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അപകടകാരണം സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. കുട്ടികളെ തിരിച്ച് ഒറ്റപ്പാലത്ത് എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.