ഫിറ്റ്‌നസ് രഹസ്യം എന്താണ്? സ്ഥിരതയാണ് പ്രധാനമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും തന്റെ ഫിറ്റ്‌നസ് കൃത്യമായി നിലനിര്‍ത്തുന്നതിന്റെ രഹസ്യം പങ്കുവെച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാമിലൂടെ യുവാക്കളുമായി നടത്തിയ സംവാദത്തിനിടെയാണ് ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയത്. താരങ്ങളായ ഹൃത്വിക് റോഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിന്റെ പോസ്റ്റിന് ലൈക്ക് നല്‍കിയപ്പോള്‍, നടി കജോള്‍ ഉള്‍പ്പെടെയുള്ളവര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തു.
ഏത് തരത്തിലുള്ള വ്യായാമമാണ് ചെയ്യുന്നതെന്നതിനേക്കാള്‍ അത് തുടര്‍ച്ചയായും കൃത്യമായും ചെയ്യുന്നതാണ് പ്രധാനമെന്ന് രാഹുല്‍ പറഞ്ഞു. താന്‍ ചെറിയ തോതില്‍ ആയോധനകല, നീന്തല്‍, ഓട്ടം തുടങ്ങിയവ പരിശീലിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്യുന്ന വ്യായാമം സ്ഥിരമായി തുടരുകയും അതിന്റെ ഗുണഫലം ക്രമേണ വര്‍ധിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുകയാണ് പ്രധാനമെന്നും രാഹുല്‍ പറഞ്ഞു.
അടുത്തിടെ യോഗയോടും താല്‍പര്യം തോന്നിയതായി അദ്ദേഹം വെളിപ്പെടുത്തി. ദിവസവും ഒരു മണിക്കൂര്‍ ശരീരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനും എയറോബിക് ശേഷി മെച്ചപ്പെടുത്താനും വഴക്കം കൂട്ടാനുമായി മാറ്റിവയ്ക്കാറുണ്ട്. ഇത് ഒഴിവുസമയത്ത് ചെയ്യുന്നതല്ലെന്നും ദൈനംദിന ജീവിതത്തിന്റെ ഭാഗമായാണ് വ്യായാമത്തെ കാണുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
തിരക്കുകള്‍ക്കിടയിലും വ്യായാമത്തിനായി സമയം കണ്ടെത്താറുണ്ട്. രാത്രി 11 മണിക്ക് മാത്രമാണ് സമയം ലഭിക്കുന്നതെങ്കില്‍ പോലും അപ്പോള്‍ വ്യായാമം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.