കൂളറിന് എന്താ വില? പട്ടാപ്പകല്‍ യുവാവ് കൂസലില്ലാതെ തോളിലേറ്റി മോഷ്ടിച്ച് കൊണ്ടുപോയത് 40 കിലോഗ്രാം തൂക്കമുള്ള വാട്ടര്‍ കൂളര്‍
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ അമരാവതിയില്‍ നഗരത്തില്‍ നടന്ന മോഷണത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.
40 കിലോഗ്രാം തൂക്കമുള്ള വലിയൊരു വാട്ടര്‍ കൂളറാണ് പകല്‍ വെളിച്ചത്തില്‍ യുവാവ് തെല്ലും കൂസലില്ലാതെ തോളിലേറ്റി മോഷ്ടിച്ച് കൊണ്ടുപോയത്.
ഏറ്റവും തിരക്കേറിയ രാജ്കമല്‍ ചൗക്കിന് സമീപത്തെ ഒരു ജിമ്മിന് മുന്നിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളില്‍ 40 കിലോഗ്രാം തൂക്കമുള്ള വലിയ വാട്ടര്‍ കൂളറര്‍ തോളിലേറ്റി യുവാവ് നടന്നു പോകുന്നത് കാണാം.
ജിം ഉടമയായ സുശാന്താണ് വേനല്‍ക്കാലത്ത് പ്രദേശവാസികള്‍ക്ക് കുടിവെള്ളത്തിനായി ഈ വാട്ടര്‍ കൂളര്‍ ജിമ്മിന് തൊട്ടടുത്തായി സ്ഥാപിച്ചത്.
പരിസരം നിരീക്ഷിച്ച ശേഷം യുവാവ് വാട്ടര്‍ കൂളറിലേക്കുള്ള പൈപ്പ് വേര്‍പ്പെടുത്തി ഏകദേശം 35 മുതല്‍ 40 കിലോ വരെ ഭാരമുള്ള വാട്ടര്‍ കൂളര്‍ തോളില്‍ വെച്ച് മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു.
വൈകുന്നേരം സ്ഥലത്തെത്തിയ ജിം ഉടമ കൂളര്‍ കാണാതായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് സിനിമയെപ്പോലും വെല്ലുന്ന മോഷണവിവരം അറിയുന്നത്. ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യമെന്തെന്നാല്‍ ഏറ്റവും കൂടുതല്‍ തിരക്കേറിയ നഗരത്തിലൂടെയാണ് യുവാവ് കൂളര്‍ ചുമന്ന് പോകുന്നത് എന്നതാണ്.
മോഷണം ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സംഭവത്തില്‍ ജിം ഉടമ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.