'അലേര്‍ട്ട് ഏതായാലും സര്‍ക്കാര്‍ എന്തിനും സദാ സജ്ജരായിരിക്കുകയാണ്, മിന്നല്‍ പ്രളയങ്ങള്‍ പ്രവചിക്കുന്നതിന് കാലാവസ്ഥ കേന്ദ്രത്തിന് പരിമിതികളുണ്ട്': മന്ത്രി എ പി അനില്‍കുമാര്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൂര്‍ണമായി തയ്യാറെന്നും ക്ലീനിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ തന്നെ തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍.
എന്‍ഡിആര്‍എഫ് സംഘങ്ങളും കൂടുതല്‍ പൊലീസ് സംഘവും ഇവിടെ എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ നടക്കുകയാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകളും ആറന്മുള, റാന്നി മേഖലകളിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
മിന്നല്‍ പ്രളയങ്ങള്‍ പ്രവചിക്കുന്നതില്‍ കാലാവസ്ഥ വകുപ്പിന് പരിമിതികളുണ്ടെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ വിശദീകരിച്ചു. ഏത് അലേര്‍ട്ട് വന്നാലും മുന്നൊരുക്കങ്ങള്‍ ഒക്കെ നടത്തിയിട്ടുണ്ട്. അലേര്‍ട്ട് ഗ്രീന്‍ ആണെങ്കില്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തിനേയും നേരിടാന്‍ സജ്ജരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
പമ്പയില്‍ ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. എന്‍ഡിആര്‍എഫ് സംഘം, മത്സ്യത്തൊഴിലാളി സംഘം, ഫയര്‍ ഫോഴ്സ് സംഘം എന്നിവര്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.
കൊല്ലത്ത് നിന്ന് കൂടുതല്‍ മത്സ്യബന്ധനബോട്ടുകള്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങള്‍ അധികൃതരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയത്തിയത് ഏറ്റവുമധികം ബാധിക്കുക ആറന്മുളയെയാണെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞു. ഇപ്പോള്‍ തന്നെ ആറന്മുളയില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. അതിന്റെ മുകളിലേക്കാണ് ഇനി കൂടുതല്‍ വെള്ളം വരാന്‍ പോകുന്നത്. അത് ഗുരുതരമായ സാഹചര്യമായി കാണണം.
അത് നേരിടാനാണ് കൂടുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു. വെള്ളം വരില്ലെന്ന ആത്മവിശ്വാസത്തില്‍ മുകള്‍ നിലയില്‍ കഴിഞ്ഞുകൂടാമെന്ന് ആരും കരുതരുതെന്നും ദയവായി ക്യാമ്പുകളിലേക്ക് മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.