ഒരു നേതാവ് എങ്ങനെയായിരിക്കണം?
നേതൃത്വം എന്നാല്‍ എങ്ങനെയുള്ളതാണ്? ഏറ്റവും ഉച്ചത്തില്‍ സംസാരിക്കുന്ന ആളാണോ അതോ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എപ്പോഴും ആധിപത്യം പുലര്‍ത്തുന്നയാളോ നേതാവ്? യഥാര്‍ഥത്തില്‍ നേതൃത്വം എന്നത് ശരിയായ രീതിയില്‍ കൊണ്ടുപോകാന്‍ അല്പം ബുദ്ധിമുട്ടുള്ള ഒരു ആശയമാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ സ്വേച്ഛാധിപത്യപരമായി അവഗണിക്കാനും ആരോടും ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കാനും നിരുപാധികമായ അനുസരണം ആവശ്യപ്പെടാനുമുള്ള ഒരു ഒഴികഴിവായി അത് മാറിയാല്‍, അവിടെ എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട്. ഒരു യഥാര്‍ഥ നേതാവ് ഒരിക്കലും അങ്ങനെ പെരുമാറില്ല.
മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നു എന്ന കുറ്റപ്പെടുത്തല്‍ ഭയന്ന്, നേതൃത്വത്തിലേക്ക് വരേണ്ട പലരും ഇന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. മാതാപിതാക്കള്‍ കുട്ടികളുടെ ധാര്‍മ്മിക വളര്‍ച്ചയ്ക്ക് ആവശ്യമായ അച്ചടക്കവും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ മടിക്കുന്നു. ആരും മറ്റുള്ളവരുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന 'വിഷലിപ്തമായ ഒരു സാന്നിധ്യമായി' മാറാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഈ ഭയം അതിരുകടക്കുമ്പോള്‍, അത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായി മാറുന്നു. ആത്യന്തികമായി, എല്ലാവരുടെയും നന്മയ്ക്കായിട്ടാണ് ദൈവം ചില വ്യക്തികളെ ചില സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്.
നേതാക്കള്‍ നല്ലവരും സമൂഹത്തിന് അത്യാവശ്യവുമാണ്. അവരില്ലെങ്കില്‍ കൂട്ടായ്മകള്‍ക്ക് മുന്നോട്ടുള്ള ഊര്‍ജം നഷ്ടപ്പെടും, തീരുമാനങ്ങള്‍ വൈകും, സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങള്‍ ഇല്ലാതാകും. ഒരു നല്ല നേതാവില്ലാത്ത മീറ്റിംഗുകളില്‍ നിങ്ങള്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കറിയാം അവിടെ, അനന്തമായ സംസാരങ്ങളും വഴിതിരിഞ്ഞുപോകലുകളും ഒന്നിലും ഒരു തീര്‍ച്ചയും തീരുമാനവും ഇല്ലാത്ത അവസ്ഥ സംജാതമാകും. ദൈവം അധികാരത്തില്‍ ഇരുത്തിയിരിക്കുന്നവരെ അംഗീകരിക്കാന്‍ നമ്മള്‍ ഭയപ്പെടേണ്ടതില്ല ഉദാഹരണത്തിന്, മക്കള്‍ മാതാപിതാക്കളെ അനുസരിക്കണം, വൈദികര്‍ യഥാര്‍ഥ അധികാരമുള്ള ആത്മീയ പിതാക്കന്മാരാണ്, പിതാക്കന്മാര്‍ തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരുമാണ്.
നേതൃത്വം എന്നത് ശരിയായി കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് നമുക്കറിയാം, എന്നാല്‍ അതിനര്‍ഥം ആ ആശയത്തെ പൂര്‍ണ്ണമായി തള്ളിക്കളയണം എന്നല്ല. പകരം, എന്താണ് യഥാര്‍ഥ നേതൃത്വമെന്നും അത് എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നും നമ്മള്‍ മനസ്സിലാക്കുകയാണ് വേണ്ടത്.
ഒരു യഥാര്‍ഥ നേതാവ് മറ്റുള്ളവരുടെ മേല്‍ അധികാരം സ്ഥാപിക്കുന്നവനോ സ്വാര്‍ഥനോ അല്ല, എല്ലാവരോടും എന്തുചെയ്യണമെന്ന് ആജ്ഞാപിക്കുന്ന ഒരാള്‍ മാത്രമല്ല അവന്‍. എന്നാല്‍, ഒരു മനുഷ്യനോടും നിരുപാധികമായ അനുസരണം കാണിക്കേണ്ടതുമില്ല (അത് ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്). മറിച്ച്, ഒരു നേതാവ് എന്നാല്‍ താന്‍ നയിക്കുന്നവരെ സേവിക്കുന്നവനും, തന്റെ ഓരോ തീരുമാനവും അവരുടെ നന്മയ്ക്കായി എടുക്കുന്നവനുമാണ്.
നല്ല നേതാക്കളുടെ സ്വാര്‍ഥതയില്ലാത്ത ഈ മനോഭാവം കൊണ്ടാണ്, അവരുടെ തീരുമാനങ്ങളോട് നമുക്ക് വിയോജിപ്പ് തോന്നുമ്പോള്‍ പോലും അവരെ വിശ്വസിക്കാനും അനുസരിക്കാനും നമ്മള്‍ തയ്യാറാകേണ്ടത്. അവരുടെ എല്ലാ തീരുമാനങ്ങളും നമുക്ക് വേണ്ടിയാണെങ്കില്‍, അവരെ വിശ്വസിക്കുന്നത് എളുപ്പമാണ്. ഉദാഹരണത്തിന്, ഒരു നല്ല പിതാവ് എപ്പോഴും ദയയുള്ളവനും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവനുമായിരിക്കും. തന്റെ മക്കളുടെ അന്തസ്സിന് നിരക്കാത്തതോ അവരെ പാപത്തിലേക്ക് നയിക്കുന്നതോ ആയ യാതൊന്നും അവന്‍ ആവശ്യപ്പെടില്ല. അവന് കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം, അച്ചടക്കം പഠിപ്പിക്കേണ്ടിവന്നേക്കാം. എന്നാല്‍ അതെല്ലാം മക്കളുടെ നന്മയ്ക്ക് വേണ്ടിയായിരിക്കും. ചുരുക്കത്തില്‍, 'അധികാരശ്രേണി' എന്നത് ഒരു പഴയ ചിന്താഗതിയല്ല. നല്ല ക്രമത്തിലൂടെ നമ്മുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ നേതൃത്വം വളരെ പ്രധാനമായതുകൊണ്ടാണ് ദൈവം നമുക്ക് അധികാരത്തിന്റെ ഒരു ക്രമം നല്‍കിയിരിക്കുന്നത്.
നേതൃത്വം എന്നാല്‍ സ്‌നേഹിക്കാനും ത്യാഗം ചെയ്യാനുമുള്ള കഴിവാണ്. ഒരു നല്ല നേതാവ് തന്റെ സംരക്ഷണയിലുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. നമ്മളെല്ലാവരും ഒരേ കൃപയുടെ ഉറവിടത്തില്‍ പങ്കുപറ്റിക്കൊണ്ട് ഒന്നിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ട് നേതാക്കള്‍ നയിക്കപ്പെടുന്നവരേക്കാള്‍ കൂടുതല്‍ വിശുദ്ധരോ ശ്രേഷ്ഠരോ ആണെന്ന് കരുതുന്നത് തെറ്റാണ്. മാതാപിതാക്കളെപ്പോലെ തന്നെ ദൈവം ഒരു കുഞ്ഞിനെയും സ്‌നേഹിക്കുന്നുണ്ട്. തങ്ങളുടെ പദവി ദൈവത്തെ സേവിക്കാനുള്ളതാണെന്നും സ്വയം വലിയവനാകാനല്ലെന്നുമുള്ള ബോധ്യം എല്ലാ നേതാക്കള്‍ക്കും ഉണ്ടായിരിക്കണം. നേതൃത്വം എന്നത് ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കുമുള്ള തുല്യതയ്ക്ക് എതിരല്ല.
യഥാര്‍ഥ നേതൃത്വം ദൈവത്തെ അനുകരിക്കുന്നു. നമ്മുടെ കര്‍ത്താവ് താന്‍ നയിക്കുന്നവര്‍ക്കായി സ്വയം ശൂന്യനാക്കിയെങ്കില്‍, നമ്മള്‍ അതിന് യോഗ്യരല്ലെങ്കില്‍പോലും നമുക്കായി ജീവന്‍ ബലിനല്‍കിയെങ്കില്‍, പൂര്‍ണ്ണരല്ലാത്ത നമ്മള്‍ നേതാക്കളും ആ മാതൃക പിന്തുടരാന്‍ ബാധ്യസ്ഥരുമാണ്. ഒരു പിതാവ് എന്ന നിലയില്‍ അവന്‍ തന്റെ കുടുംബത്തെക്കുറിച്ച് ആദ്യം ചിന്തിക്കുകയും അവര്‍ക്കായി ജീവന്‍ സമര്‍പ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍, അവരെ നയിക്കാന്‍ അദ്ദേഹം യോഗ്യനല്ല.
നേതൃത്വം എന്നത് ദൈവത്തിലേക്കുള്ള ആത്മീയമായ ഉയര്‍ച്ചയെ ലക്ഷ്യം വച്ചുള്ളതാണ്. നേതാക്കള്‍ അധികാരം കൈക്കലാക്കി വെക്കുകയോ മറ്റുള്ളവരെ താഴ്ത്തിക്കെട്ടുകയോ ഇല്ല. അവര്‍ മറ്റുള്ളവരെ ഉയര്‍ത്തുന്നവരാണ്, കാരണം അവര്‍ സ്വയം താഴാനും വിനയമുള്ളവരാകാനും സേവിക്കാനും തയ്യാറുള്ളവരാണ്. യഥാര്‍ഥത്തില്‍ നേതൃത്വം എന്നാല്‍ ക്രിസ്തുവിന്റെ തന്നെ പ്രതിഫലനമാണ്. അധികാരം നല്‍കപ്പെട്ടിരിക്കുന്നത് ഭരിക്കാനല്ല സ്‌നേഹിക്കാനാണ്, ആധിപത്യം സ്ഥാപിക്കാനല്ല സേവിക്കാനാണ്.