ഓഫീസ് ഒഴിയാന്‍ എന്ത് അവകാശം. പരസ്യമായി മാപ്പ് പറയണം; ശ്രീലേഖയ്ക്കെതിരെ വി ശിവന്‍കുട്ടി

 
SIVANKUTTY


തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടി. എംഎല്‍എ ഓഫീസ് ഒഴിയാന്‍ എന്ത് അവകാശമാണുള്ളത്. പരസ്യമായി മാപ്പ് പറയണമെന്ന് മന്ത്രി പറഞ്ഞു.

കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ അവകാശവാദമുന്നയിക്കാന്‍ ആര്‍ ശ്രീലേഖയ്ക്ക് അവകാശമോ അധികാരമോ ഇല്ല എന്നും എംഎല്‍എമാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയോ നഗരസഭയുടെയോ പഞ്ചായത്തിന്റെയോ അധീനതയിലുള്ള ഏതെങ്കിലും ഓഫീസ് ഉപയോഗിക്കാമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തന്നെ എടുത്തിട്ടുണ്ട്. 

ഇതില്‍ പാര്‍ട്ടി വ്യത്യാസമില്ല. എല്‍ഡിഎഫ്, യുഡിഎഫ് പാര്‍ട്ടികള്‍ ഭരിക്കുമ്പോളും ഇത്തരത്തില്‍ ഓഫീസുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ടോ പ്രോട്ടോക്കോളോ മനസ്സിലാക്കാതെയാണ് ശ്രീലേഖ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഡിജിപി വിചാരിച്ചാല്‍ പോലും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസില്‍ നിന്നും ഒരു എംഎല്‍എയെ ഒഴിപ്പിക്കാന്‍ നിയമപരമായി കഴിയില്ല. 

ഉന്നത പദവികള്‍ വഹിച്ച ഡിജിപിക്ക് പോലും ഇല്ലാത്ത അധികാരം ഒരു വാര്‍ഡ് കൗണ്‍സിലര്‍ക്ക് എങ്ങനെയാണ് ലഭിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഇത്തരം നീക്കങ്ങള്‍ നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരം കിട്ടി രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോഴേക്കും യുപിയിലോ ഗുജറാത്തിലോ ഒക്കെ ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്നത് പോലെ ഇവിടെയും ചെയ്യാന്‍ ശ്രമിക്കുകയാണ്. ഒഴിപ്പിക്കലൊന്നും ഇവിടെ നടക്കുന്ന കാര്യമല്ല. 


എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കേരള സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കിയിട്ടുണ്ട്. ആരെയും ഇറക്കി വിടേണ്ട കാര്യമില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

ഇന്നലെയാണ് എംഎല്‍എ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നായിരുന്നു ബിജെപി കൗണ്‍സിലറായ ശ്രീലേഖയുടെ ആവശ്യം.

 എംഎല്‍എ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നായിരുന്നു ശ്രീലേഖയുടെ വാദം.

Tags

Share this story

From Around the Web