''ഇതില്‍ക്കൂടുതല്‍ ഇനി എന്തു വേണം? ''പേരില്‍ തന്നെ വിനാശം, പ്രവൃത്തി വീരോചിതം'; ബിട്ടുവിനെ അഭിനന്ദിച്ച് പീറ്റേഴ്സന്റെ വേറിട്ട കുറിപ്പ്
മാലിന്യങ്ങള്‍ നിറഞ്ഞ നദിയെ രണ്ട് കെകള്‍ കൊണ്ട് രക്ഷിച്ച നായകന്‍. അങ്ങനെ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട് ഒരു നദിക്ക് വീണ്ടും ജീവന്‍ നല്‍കിയിരിക്കുകയാണ് 21-കാരനായ ബിട്ടു തബാഹി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ അജ്നാര്‍ നദിയാണ് ബിട്ടു എന്ന പേരില്‍ അറിയപ്പെടുന്ന സുരേന്ദ്ര സിങ് ചൗധരി വൃത്തിയാക്കിയെടുത്തത്.
ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ബിട്ടു നിമിഷനേരത്തിനുള്ളില്‍ ഹീറോയായി മാറി. ഒരു ഡച്ച് സംഘടനയില്‍ നിന്നുള്ള വമ്പന്‍ ജോലി വാഗ്ദ്ധാനവും ബിട്ടുവിനെ തേടിയെത്തി.
ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണും ബിട്ടുവിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ നീണ്ടൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ തുടങ്ങുന്നതിനായി കാത്തിരിക്കാതെ സ്വന്തമായി മുന്നോട്ടുവന്ന് സ്വയം ഏറ്റെടുക്കുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നതെന്ന് പീറ്റേഴ്സണ്‍ കുറിച്ചു.
'ഞാന്‍ ഇന്ന് രാവിലെ ഈ കഥ വായിച്ചു. അത് നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. അഭിനന്ദനങ്ങള്‍, ഭായ്! 21-ാം വയസ്സില്‍ ബിട്ടു തബാഹി കയ്യുറകളോ ബൂട്ടുകളോ ഇല്ലാതെ, നീന്താന്‍ പോലും അറിയാതെ മലിനമായ ഒരു നദിയിലേക്ക് ഇറങ്ങി അത് ശുചീകരിക്കാന്‍ തുടങ്ങി.
മധ്യപ്രദേശിലെ ബിയോറയിലെ ഒരു അമ്പലത്തിന് സമീപമുള്ള അജ്നാര്‍ നദി, പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും കാരണം ഒരു മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു. 2026 ജനുവരി 26-ന് അദ്ദേഹം അത് ശുചീകരിക്കാന്‍ തുടങ്ങി.
പൂജാ അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാനും ടൂളുകളും ഡസ്റ്റ്ബിനുകളും വാങ്ങാന്‍ സുഹൃത്തുക്കളില്‍ നിന്ന് പണം ശേഖരിക്കാനും അദ്ദേഹം തയ്യാറായി. ഈ പ്രയത്നത്തിന് അദ്ദേഹത്തിന് ഏകദേശം 30,000 രൂപ ചെലവഴിക്കേണ്ടി വന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കൈകളില്‍ അണുബാധയുമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ആളുകളിലേക്കെത്തി. ചിലര്‍ ഇത് ലൈക്കുകള്‍ക്ക് വേണ്ടി മാത്രമാണെന്ന് അദ്ദേഹത്തെ കുറ്റപ്പെടുത്തി.
ബിട്ടുവിന്റെ കുടുംബപ്പേര് 'തബാഹി' (വിനാശം) എന്നാണ്. ഇന്ന് അദ്ദേഹം മറ്റൊന്നുകൂടി നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്: ജലമലിനീകരണം. മാറ്റം ആരംഭിക്കുന്നത് മറ്റൊരാള്‍ തുടങ്ങുന്നതിനായി ഒരാള്‍ കാത്തുനില്‍ക്കുന്നത് അവസാനിപ്പിക്കുമ്പോഴാണ്. ഇതൊരു വീരോചിതമായ പ്രവൃത്തിയാണ്! അന്താരാഷ്ട്ര അംഗീകാരം അര്‍ഹിക്കുന്നു!' പീറ്റേഴ്സന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.