കൊടുംക്രൂരതയ്ക്ക് ശിക്ഷയെന്ത്? കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്തമാരയുടെ വിധി ഇന്ന്

 
chenthamara

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസിൽ ചെന്താമരയുടെ ശിക്ഷാ വിധി ഇന്ന്. പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ചെന്താമര കുറ്റക്കാരൻ ആണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒന്നര വർഷം മുമ്പാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മയെയും ചെന്താമര കൊലപ്പെടുത്തിയത്.

മൂന്ന് കൊലപാതക കേസുകളിൽ പ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് 2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര കൊലപ്പെടുത്തിയത്.

സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയാണ് കൊലപാതകം നടത്തിയത്. നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡിഷനൽ സെഷൻ കോടതി നാലിന്റെ ഉത്തരവു ലംഘിച്ച് ചെന്താമര തൊട്ടടുത്ത വീട്ടിൽ താമസിച്ച് ഒന്നര മാസമായി ഭീഷണിപ്പെടുത്തുന്നതായി സുധാകരനും മകൾ അഖിലയും നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരും പരാതി നൽകി. എന്നാൽ, കേസെടുത്തു കോടതിയിൽ റിപ്പോർട്ട് ചെയ്തു ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

സ്കൂട്ടറുമായി വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ ചെന്താമര തന്റെ വീടിനു മുന്നിൽ തടഞ്ഞു നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും വെട്ടിപ്പരുക്കേൽപിച്ചു. ഇവർ ആശുപത്രിയിൽ മരിച്ചു. ചെന്താമരയും ഭാര്യയും മക്കളും അകന്നു കഴിയുകയായിരുന്നു. സജിതയ്ക്കും കുടുംബത്തിനും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണു സജിതയെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയവേയാണ് ചെന്താമരയെ പിടികൂടിയത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

Tags

Share this story

From Around the Web