ക്രൈസ്തവരുടെ പ്രാര്‍ത്ഥന എങ്ങനെയാണ്?

 
 jesus christ-66



'യേശു ഉദ്ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം' (മത്തായി 11:25-26).


പരസ്യ ജീവിതകാലത്ത് യേശു അര്‍പ്പിച്ച വ്യക്തമായ രണ്ടു പ്രാര്‍ത്ഥനകള്‍ സുവിശേഷകന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവ ഓരോന്നും ആരംഭിക്കുന്നത് നന്ദിപ്രകടനത്തോടെയാണ്. ആദ്യത്തേത് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ ഏറ്റുപറയുകയും അംഗീകരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു (മത്തായി 11:25-26). 

എന്തെന്നാല്‍, അവിടുന്നു ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ ബുദ്ധിമാന്‍മാരെന്നു സ്വയം വിചാരിച്ചവരില്‍ നിന്നു മറച്ചു വയ്ക്കുകയും ശിശുക്കള്‍ക്കു അഥവാ സുവിശേഷ ഭാഗ്യങ്ങളിലെ ദരിദ്രര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.

'അതേ പിതാവേ' എന്ന യേശുവിന്റെ വാക്കുകളില്‍ അവിടുത്തെ ഹൃദയത്തിന്റെ ആഴവും പിതാവിന്റെ 'സംപ്രീതി' യോടുള്ള വിധേയത്വവും, അവിടുത്തെ ഗര്‍ഭം ധരിച്ച അവസരത്തില്‍ അവിടുത്തെ അമ്മ നടത്തിയ സമ്മത പ്രഖ്യാപനത്തിന്റെ മാറ്റൊലിയും, ഗത്സേമന്‍ തോട്ടത്തിലെ യാതനാ വേളയില്‍ യേശു പിതാവിനോടു പറയാനിരുന്നതെന്തോ അതിന്റെ പ്രതിരൂപവും പ്രകാശിതമാവുന്നു. 

പിതാവിന്റെ 'തിരുമനസ്സിന്റെ രഹസ്യ' ത്തോട് യേശുവിന്റെ മാനുഷിക ഹൃദയം പുലര്‍ത്തിയ സ്‌നേഹസാന്ദ്രമായ ഒട്ടിച്ചേരലില്‍ അവിടുത്തെ പ്രാര്‍ത്ഥന മുഴുവനും അടങ്ങിയിരിക്കുന്നു.

രണ്ടാമത്തെ പ്രാര്‍ത്ഥന ലാസറിനെ ഉയിര്‍പ്പിക്കുന്നതിനു മുന്‍പ് വി. യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സംഭവം നടക്കുന്നതിനു മുന്‍പാണ് നന്ദിപ്രകടനം. 'അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് ഞാന്‍ നന്ദി പറയുന്നു' (യോഹ 11:41). പിതാവ് എപ്പോഴും അവിടുത്തെ യാചന കേള്‍ക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. 

യേശു ഉടന്‍ കൂട്ടിച്ചേര്‍ക്കുന്നു. 'അങ്ങ് എപ്പോഴും എന്നെ ശ്രവിക്കുന്നു എന്ന് എനിക്കറിയാം.' യേശു നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

യേശുവിന്റെ കൃതജ്ഞതാ പ്രകാശന പ്രാര്‍ത്ഥന, എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നു നമുക്ക് വെളിപ്പെടുത്തിത്തരുന്നു. 

ദാനത്തോടൊപ്പം തന്നെത്തന്നെ നല്‍കുന്ന ദാതാവായ പിതാവിന്, ദാനം ലഭിക്കുന്നതിനു മുന്‍പു തന്നെ യേശു തന്നെത്തന്നെ സമര്‍പ്പിക്കുന്നു. ദാതാവ് ദാനത്തെക്കാള്‍ വിലയേറിയവനാണ്. അവിടുന്നാണ് 'നിധി' . അവിടുന്നിലാണ് പുത്രന്റെ ഹൃദയം വസിക്കുന്നത്.


യേശു പ്രാര്‍ത്ഥിച്ചതുപോലെ പ്രാര്‍ത്ഥിക്കുവാന്‍ നാം പരിശീലിക്കണം. ആദ്യമായി നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഇപ്പോഴും സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ ഏറ്റുപറയുകയും അംഗീകരിക്കുകയും സ്തുതിക്കുകയും ചെയ്യണം. രണ്ടാമതായി ദാനം ലഭിക്കുന്നതിനു മുന്‍പു തന്നെ നമ്മെ ദൈവത്തിനു പൂര്‍ണ്ണമായി സമര്‍പ്പിക്കണം. 

മൂന്നാമതായി യേശുവിനെപ്പോലെ നിരന്തരം പ്രാര്‍ത്ഥിക്കണം. ഇപ്രകാരമുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ യേശുവിന്റേതുമായി ഐക്യപ്പെടുമ്പോള്‍ അതു കൂടുതല്‍ ഫലദായകമാകുന്നു.

 അപ്പോള്‍ എന്നേയ്ക്കും നമ്മളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ, സത്യാത്മാവിനെ പിതാവു നമ്മുക്കു സമ്മാനിക്കുന്നു. ഇപ്രകാരം പരിശുദ്ധാത്മാവില്‍ പിതാവുമായി ക്രിസ്തുവിലുള്ള സ്‌നേഹകൂട്ടായ്മയാണ് ക്രൈസ്തവ പ്രാര്‍ത്ഥന.

Tags

Share this story

From Around the Web