മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച പാഠമെന്താണ്?
മാതാപിതാക്കള്‍ എപ്പോഴെങ്കിലും കുട്ടികളോട് മാപ്പ് പറയേണ്ടതുണ്ടോ? മിക്ക വീടുകളിലും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണിത്. മാതാപിതാക്കള്‍ എപ്പോഴും ശരിയായിരിക്കണമെന്നും, അവര്‍ മാപ്പ് പറഞ്ഞാല്‍ കുട്ടികള്‍ക്ക് അവരോടുള്ള ബഹുമാനം കുറയുമെന്നും അനുസരണ ഇല്ലാതാകുമെന്നുമാണ് പലരുടെയും ധാരണ.
എന്നാല്‍ തെറ്റുകള്‍ സംഭവിക്കാത്തതുകൊണ്ടല്ല, മറിച്ച് തെറ്റുകള്‍ തിരുത്തി പരസ്പരം മനസിലാക്കി മുന്നോട്ട് പോകുമ്പോഴാണ് ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകുന്നത്.
ജോലിത്തിരക്ക്, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ തുടങ്ങി നിരവധി സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് പലരും കുട്ടികളെ വളര്‍ത്തുന്നത്.
ഇതിനിടയില്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളോട് ദേഷ്യപ്പെടുകയോ, അവരുടെ വികാരങ്ങളെ മനസിലാക്കാതിരിക്കുകയോ, നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാതെ വരികയോ ചെയ്‌തേക്കാം. എന്നാല്‍ ഇതുകൊണ്ട് മാത്രം ഒരാള്‍ മോശം മാതാപിതാക്കള്‍ ആകുന്നില്ല.
വാഗ്വാദങ്ങള്‍ക്ക് ശേഷം എന്താണ് സംഭവിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വഴക്കുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മിണ്ടാതിരിക്കുന്നത് കുട്ടികളില്‍ വലിയ മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കും.
അത് അവരെ അവഗണിക്കുന്നതായി അവര്‍ക്ക് തോന്നിയേക്കാം. അതിനാല്‍ ദേഷ്യം മാറിയ ശേഷം അവരോട് സംസാരിക്കുകയും ഒരു ചെറിയ പുഞ്ചിരിയിലൂടെയോ സ്‌നേഹത്തോടെയോ അവരെ ചേര്‍ത്തുപിടിക്കേണ്ടത് അത്യാവശ്യമാണ്.
മാപ്പ് പറയുന്നത് ദൗര്‍ബല്യമല്ല, കരുത്താണ്
താന്‍ ചെയ്ത തെറ്റിന് കുട്ടിയോട് മാപ്പ് പറയാന്‍ കഴിയുന്ന ഒരു രക്ഷിതാവ് അവര്‍ക്ക് നല്‍കുന്നത് വിലപ്പെട്ടൊരു പാഠമാണ്. തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും, അത് അംഗീകരിക്കുന്നത് ഒരു കുറവല്ലെന്നും കുട്ടികള്‍ ഇതിലൂടെ പഠിക്കുന്നു.
അധികാരമോ പ്രായമോ ഉണ്ടെങ്കില്‍ മറ്റുള്ളവരെ വേദനിപ്പിക്കാമെന്ന തെറ്റായ ചിന്ത കുട്ടികളില്‍ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.
'ഞാന്‍ ദേഷ്യപ്പെട്ടതിന് ക്ഷമിക്കണം' അല്ലെങ്കില്‍ 'ഞാന്‍ നിന്റെ ഭാഗം ആദ്യം കേള്‍ക്കേണ്ടതായിരുന്നു' എന്ന് പറയുമ്പോള്‍, പ്രശ്‌നങ്ങള്‍ ഉണ്ടായാലും പരസ്പരമുള്ള സ്‌നേഹം നിലനില്‍ക്കുമെന്ന് അവര്‍ മനസിലാക്കുന്നു.
കുട്ടികളോട് മാപ്പ് ചോദിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 'ഞാന്‍ ഏറ്റവും മോശം അച്ഛനാണ്/അമ്മയാണ്', 'ഇത്രയൊക്കെ ചെയ്തിട്ടും എനിക്ക് പറ്റിയ ഒരു തെറ്റിന്റെ പേരില്‍ നീയിപ്പോള്‍ എന്നെ വെറുക്കുന്നുണ്ടാകും' തുടങ്ങിയ വൈകാരികമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഇത് കുട്ടികളില്‍ അനാവശ്യമായ കുറ്റബോധം ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. പകരം അവരുടെ പ്രായത്തിന് അനുസരിച്ച് വളരെ ലളിതമായി കാര്യങ്ങള്‍ പറയുക.
'ഞാന്‍ ദേഷ്യപ്പെട്ടുപോയി, കഠിനമായ വാക്കുകള്‍ ഉപയോഗിച്ചു. അതില്‍ എനിക്ക് വിഷമമുണ്ട്, ഇനി അങ്ങനെ ഉണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാം' എന്ന് പറയുന്നത് വളരെ ഫലപ്രദമാണ്.
മാപ്പ് പറയുക എന്നത് കേവലം വാക്കുകള്‍ മാത്രമല്ല, കുട്ടികളുടെ വികാരങ്ങളെയും അനുഭവങ്ങളെയും നമ്മള്‍ വിലമതിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.
മുറിവേറ്റാലും അത് മനസിലാക്കാനും തിരുത്താനും ആളുകളുണ്ടെന്ന തോന്നല്‍ കുട്ടികള്‍ക്ക് നല്‍കുന്ന മാനസിക സുരക്ഷ വളരെ വലുതാണ്.
മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച പാഠവും ഒരുപക്ഷെ ഇത് തന്നെയായിരിക്കും.