'ഞങ്ങള്‍ക്കെന്ത് ബാരിക്കേഡ്'; ആറുവരിപ്പാതയില്‍ പിന്നോട്ടെടുത്ത് സ്വകാര്യ ബസിന്റെ നിയമലംഘനം

 
bus barricade


മലപ്പുറം: ദേശീയപാത 66 ആറുവരിപ്പാതയില്‍ എന്‍എച്ച്എഐ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സ്വകാര്യ ബസിന്റെ നിയമലംഘനം. മലപ്പുറം ജില്ലയിലെ പടിക്കലിനും പാലക്കലിനും ഇടയിലാണ് സംഭവം.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു 'കമാന്‍ഡര്‍' എന്ന സ്വകാര്യ ബസ്. ആറുവരിപ്പാതയിലെ എക്സിറ്റ് കടന്ന് മുന്നോട്ട് പോയതോടെ ബസ് പിന്നിലേക്കെടുത്തു. ശേഷം എന്‍എച്ച്എഐ എക്സിറ്റില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് സര്‍വീസ് റോഡിലേക്ക് കടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.


സ്റ്റേജ് കാര്യേജ് ബസുകള്‍ ആറുവരിപ്പാതയിലൂടെ സര്‍വീസ് നടത്തരുതെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം മിക്ക ബസുകളും ലംഘിക്കുകയാണ്. പലയിടങ്ങളിലും നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തുന്ന സംഭവവുമുണ്ടായി. യാത്രക്കാരെ ഹൈവേയില്‍ ഇറക്കിവിടുന്നതായും നിരവധി പരാതികളുയരുന്നുണ്ട്.

കഴിഞ്ഞ ദിവസം യാത്രക്കാരനെ സര്‍വീസ് റോഡിലെ സ്റ്റോപ്പില്‍ ഇറക്കാതെ ആറുവരിപ്പാതയിലൂടെ പോയ സ്വകാര്യ ബസ് കോഴിക്കോട് തിക്കോടിയില്‍ പുറകോട്ട് എടുപ്പിച്ചിരുന്നു. തിക്കോടി ടൗണിലായിരുന്നു യാത്രക്കാരന് ഇറങ്ങേണ്ടിയിരുന്നത്. 

എന്നാല്‍ തിക്കോടി ടൗണിലേക്ക് കയറാതെ ബസ് ദേശീയപാതയിലൂടെ പോകുകയായിരുന്നു. ഇതോടെ യാത്രക്കാരന്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറാകാതെ പ്രതിഷേധിച്ചു. നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് ബസ് ഒരുകിലോമീറ്ററോളം പുറകോട്ടെടുത്ത് യാത്രക്കാരനെ സ്റ്റോപ്പില്‍ ഇറക്കിയത്.

Tags

Share this story

From Around the Web