ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ശരീരത്തിന്റെ പ്രത്യേകത?

 
Jesus alive

"അവന്‍ തോമസിനോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക" (യോഹ 20:27).

ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ശരീരത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? ലോകത്തിലെ പല മതങ്ങൾക്കും, ശാസ്ത്രലോകത്തിനും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങൾക്ക് ഈ ശരീരം മറുപടി നൽകുന്നു.

ഉത്ഥിതനായ യേശു സ്പര്‍ശം, ഭക്ഷണത്തില്‍ പങ്കുചേരല്‍ എന്നിവ വഴി തന്‍റെ ശിഷ്യന്മാരുമായി നേരിട്ടു സമ്പര്‍ക്കം സ്ഥാപിക്കുന്നു.

അങ്ങനെ താന്‍ ഒരു ഭൂതമല്ലെന്നു മനസ്സിലാക്കാന്‍ അവിടുന്ന് അവരെ ക്ഷണിക്കുന്നു. 

സര്‍വോപരി, താന്‍ അവര്‍ക്കു പ്രത്യക്ഷപ്പെടുമ്പോള്‍ കാണപ്പെടുന്ന, പീഡാസഹനത്തിന്‍റെ അടയാളങ്ങള്‍ ഇപ്പോഴും സംവഹിക്കുന്ന ആ ശരീരം പീഡിതവും ക്രൂശിതവുമായ അതേ ശരീരം തന്നെയാണെന്നു പരിശോധിച്ച് ഉറപ്പുവരുത്താനും അവിടുന്ന് അവരെ ക്ഷണിക്കുകയാണ്.

"അതേസമയം സത്യവും യഥാര്‍ത്ഥവുമായ ഈ ശരീരം, മഹത്വപൂര്‍ണ്ണമായ ശരീരത്തിന്‍റെ പുതിയ ഗുണങ്ങളും കൂടിയുള്ളതാണ്. അതു സ്ഥലകാലങ്ങളുടെ പരിമിതിയില്ലാത്തതാണ്.

എങ്ങനെ എപ്പോള്‍ കാണപ്പെടണമെന്നു അവിടുന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെ അപ്പോള്‍ പ്രത്യക്ഷപ്പെടാന്‍ കഴിവുള്ളതുമാണ്. കാരണം, അവിടുത്തെ മനുഷ്യത്വം ഇനിമേല്‍ ഭൂമിയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. ഇനി അതു പിതാവിന്‍റെ ദൈവികമായ മണ്ഡലത്തിന്‍റേതു മാത്രമാണ്. അതുകൊണ്ട് കൂടിയാണ് ഉത്ഥിതനായ യേശു ഇഷ്ടം പോലെ പ്രത്യക്ഷപ്പെടാനുള്ള പരമമായ സ്വാതന്ത്ര്യം അനുഭവിക്കുന്നത്.

ഒരു തോട്ടക്കാരനായിട്ടോ ശിഷ്യന്മാര്‍ക്കു പരിചയമുള്ള മറ്റേതെങ്കിലും രൂപത്തിലോ പ്രത്യക്ഷപ്പെടാന്‍ അവിടുത്തേക്കു കഴിയുന്നു." (CCC 645)

ദൈവമായിരുന്നിട്ടും, കുരിശുമരണം വരെ ക്രിസ്തുവിന്റെ ശരീരം ഒരു സാധാരണ മനുഷ്യന്റെ ശരീരം പോലെ കാണപ്പെട്ടു.

എന്നാൽ ഉത്ഥിതനായ യേശു, അവിടുന്ന് ആഗ്രഹിക്കുന്ന സമയത്ത്, ആവശ്യമുള്ള സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

വിചിന്തനം
ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രത്യേകതകൾ ഓരോ മനുഷ്യന്റെയും മരണാനന്തര ജീവിതത്തിലേക്കും, ഉയിർപ്പിക്കപ്പെടുന്ന മനുഷ്യശരീരത്തിന്റെ അവസ്ഥയിലേക്കും വെളിച്ചം വീശുന്നു.

ക്രിസ്തുവിന്റെ ഉത്ഥാനം സകല മനുഷ്യർക്കും വേണ്ടിയുള്ളതാണ്. 

അതിനാൽ ഒരു മനുഷ്യൻ ഏതു മതത്തിൽ വിശ്വസക്കുന്നവനാകട്ടെ, മരണശേഷം അയാൾക്ക് എന്തു സംഭവിക്കും എന്ന ചോദ്യത്തിന് ഏകരക്ഷകനായ ക്രിസ്തുവുമായി ബന്ധപ്പെടുത്തി മാത്രമേ ഉത്തരം കണ്ടെത്താൻ സാധിക്കൂ.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
"കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ! എന്‍റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ! എന്‍റെ രാജാവേ, എന്‍റെ ദൈവമേ, എന്‍റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്." (സങ്കീര്‍ത്തനങ്ങള്‍ 5:1-2)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു.

സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ.

ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ.

യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ.

ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.

Tags

Share this story

From Around the Web