മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്
*“മനുഷ്യർക്ക് ഇത് അസാധ്യമാണ്. എന്നാൽ ദൈവത്തിന് എല്ലാം സാധ്യമാണ്.”*
മത്തായി 19:26
നമ്മുടെ ജീവിതത്തിൽ അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളുമുണ്ടാകാം. സാഹചര്യങ്ങളിൽ ഒരു മാറ്റം ഉണ്ടാകുക, സ്വാർത്ഥതയിൽ വേരൂന്നിയ മനുഷ്യഹൃദയത്തിന് പരിവർത്തനം സംഭവിക്കുക, നമ്മുടെ കഴിവുകൾക്കും ശക്തിക്കും അതീതമായ വലിയൊരു നേട്ടം കൈവരിക്കുക, ലോകത്തിന്റെ കാഴ്ചപ്പാടിൽ വെറും സ്വപ്നമായി തോന്നുന്ന ഒരു ആഗ്രഹം യാഥാർഥ്യമാകുക... അങ്ങനെ പലതുമാകാം നമ്മുടെ മനസ്സിലെ ആ 'അസാധ്യമായ കാര്യം'.
ചിലപ്പോൾ ദൈവവചനം വിശ്വസിച്ച് ആശ്വാസവും ആത്മവിശ്വാസവും കണ്ടെത്താൻ പോലും നമുക്ക് കഴിയാതെ വന്നേക്കാം. നിത്യരക്ഷയിൽനിന്ന് ഏറെ അകലെയാണെന്ന് നാം കരുതുന്ന, നമ്മെ വിട്ടുപിരിഞ്ഞുപോയ പ്രിയപ്പെട്ട ആത്മാക്കളുടെ കാര്യത്തിലും നമ്മുടെ മനസ്സ് അസ്വസ്ഥമായേക്കാം.
നമ്മുടെ വിശ്വാസത്തെപ്പോലും തളർത്തുകയും നിരാശയിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ഈ അസാധ്യതകളെല്ലാം ദൈവസന്നിധിയിൽ സമർപ്പിക്കാം. അവിടുത്തെ ഇടപെടലിനായി പ്രാർഥിച്ചുകൊണ്ടിരിക്കാം.
വർഷങ്ങളായി നാം ഒരു പ്രത്യേക നിയോഗത്തിനായി പ്രാർഥിക്കുന്നുണ്ടാകാം. എന്നിട്ടും ഒരു മാറ്റവും സംഭവിക്കുന്നില്ലെന്ന് തോന്നിയേക്കാം. പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കാത്ത ഈ കാലതാമസം, ഒരുപക്ഷേ അത് ദൈവഹിതമല്ലായിരിക്കാം എന്ന ചിന്തയിലേക്ക് നമ്മെ നയിച്ചേക്കാം. എന്നാൽ പരിശുദ്ധാത്മാവ് നമ്മെ ഓർമിപ്പിക്കുന്നത് പ്രാർഥനയിൽ സ്ഥിരതയോടെ തുടരാനാണ്.
നമ്മുടെ ഹൃദയത്തിലെ ആഗ്രഹങ്ങളും നിയോഗങ്ങളും മനസ്സിലാക്കാൻ മനുഷ്യരിൽ ആരും തയ്യാറാകുന്നില്ലെന്ന് തോന്നിയാലും ദൈവം നമ്മെ മനസ്സിലാക്കുന്നുണ്ട്. ഇത്രയും കാലം നാം ആശ്രയിച്ചിരുന്ന പല വഴികളും അടഞ്ഞുപോകുമ്പോഴും ഭയപ്പെടേണ്ടതില്ല. യേശു നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കാം.
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന്റെ ശക്തിക്കും ഇടപെടലിനും ഒരിക്കലും തടസ്സമല്ല. നമ്മുടെ കഴിവുകളുടെ പരിമിതികൾ ദൈവത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നില്ല. നമ്മെ സഹായിക്കാനുള്ള അവിടുത്തെ സ്നേഹവും കരുണയും അതിരുകളില്ലാത്തതാണ്.
## നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ, ദൈവത്തിന് എല്ലാം സാധ്യമാണ്!
രോഗസൗഖ്യം, ജോലി ലഭിക്കുക, മക്കളുടെ വിവാഹം, കുഞ്ഞുങ്ങളെ ലഭിക്കുക, സ്വന്തമായി ഒരു വീട്, സ്ഥലം വാങ്ങുക, കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, കടബാധ്യതകളിൽനിന്ന് മോചനം നേടുക, ശത്രുക്കളുടെ ഉപദ്രവങ്ങളിൽനിന്നും ബുദ്ധിമുട്ടുകളിൽനിന്നും രക്ഷപ്പെടുക തുടങ്ങി ജീവിതത്തിൽ നിങ്ങൾ നേരിടുന്ന ഏത് ആവശ്യവും നിയോഗമായി ദൈവസന്നിധിയിൽ സമർപ്പിക്കാം.
നിങ്ങളുടെ ഹൃദയത്തിലെ വേദനകളും ആഗ്രഹങ്ങളും പ്രാർഥനകളും ദൈവത്തിന് അറിയാം. ചില കാര്യങ്ങൾ മനുഷ്യശക്തികൊണ്ട് പരിഹരിക്കാൻ കഴിയാത്തതായിരിക്കാം. എന്നാൽ ദൈവത്തിന് ഒന്നും അസാധ്യമല്ല.
നിങ്ങളുടെ നിയോഗങ്ങൾ ഞങ്ങളുടെ മധ്യസ്ഥ പ്രാർഥനയിൽ ഉൾപ്പെടുത്തി ദൈവസന്നിധിയിൽ സമർപ്പിക്കാം. വിശ്വാസത്തോടെയും പ്രത്യാശയോടെയും നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം.
*നിങ്ങളുടെ പ്രാർഥനാനിയോഗങ്ങൾ ഞങ്ങളെ അറിയിക്കുക. നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം.*
## പ്രാർഥന
കർത്താവേ, എന്റെ വിശ്വാസം വർധിപ്പിക്കണമേ. വലിയ കാര്യങ്ങൾ സ്വപ്നം കാണാനും അങ്ങയുടെ വചനത്തിൽ പൂർണമായി ആശ്രയിക്കാനും എനിക്ക് കൃപ നൽകണമേ. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾക്കുമുന്നിൽ നിരാശപ്പെടാതെ അങ്ങയുടെ ഇടപെടലിനായി കാത്തിരിക്കാനുള്ള വിശ്വാസവും ക്ഷമയും നൽകണമേ. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങയുടെ തിരുഹിതത്തിന് സമർപ്പിക്കുന്നു. ആമേൻ.
പ്രാർഥനയിൽ പ്രത്യാശയുണ്ട്. ദൈവത്തിൽ അസാധ്യമായി ഒന്നുമില്ല.🙏
*സാബു ജോസ്*
*9446329343*