കത്തോലിക്ക വിശ്വാസ പ്രകാരം എന്താണ് പ്രായശ്ചിത്തം? പ്രായശ്ചിത്തം മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോ?

പ്രായശ്ചിത്തം മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. തന്നെത്തന്നെ തരംതാണവനായി കരുതുക, ശങ്കാകുലമായ മനസ്സാക്ഷിയുണ്ടായിരിക്കുക എന്നിവയുമായി പ്രായശ്ചിത്തത്തിനു ഒരു ബന്ധവുമില്ല. ഞാന്‍ എത്ര മോശക്കാരനാണ് എന്ന് ചിന്തിച്ച് ആകുലപ്പെട്ടു കൊണ്ടിരിക്കലല്ല പ്രായശ്ചിത്തം. പ്രായശ്ചിത്തം നമ്മെ സ്വതന്ത്രരാക്കുന്നു. പുതുതായി തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ചെയ്തുപോയ കുറ്റത്തിന് പരിഹാരം ചെയ്യലാണ് പ്രായശ്ചിത്തം. പ്രായശ്ചിത്തം എന്റെ തലച്ചോറില്‍ മാത്രമായിരിക്കരുത്. അത് ഞാന്‍ പരസ്‌നേഹപ്രവൃത്തികള്‍ വഴിയും മററുള്ളവരുമായുള്ള ഐക്യദാര്‍ഢ്യം വഴിയും പ്രകടിപ്പിക്കണം. പ്രാര്‍ത്ഥന, ഉപവാസം, ദരിദ്രരെ ആത്മീയമായും ഭൗതികമായും സഹായിക്കല്‍ എന്നിവ വഴിയും പ്രായശ്ചിത്തം ചെയ്യാം. - Youcat 230
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1434-1435 ഇപ്രകാരം പഠിപ്പിക്കുന്നു;
'ക്രൈസ്തവന്റെ ആന്തരികമായ പശ്ചാത്താപം വളരെ വ്യത്യസ്തങ്ങളായ രീതികളില്‍ പ്രകടിപ്പിക്കപ്പെടാം. വിശുദ്ധലിഖിതങ്ങളും സഭാപിതാക്കന്‍മാരും, സര്‍വോപരി മൂന്നു മാര്‍ഗങ്ങള്‍ ഊന്നിപ്പറയുന്നു: ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മം. ഇവ തന്നോടുതന്നെയും ദൈവത്തോടും മറ്റുള്ളവരോടുമുള്ള ബന്ധത്തില്‍ മാനസാന്തരത്തെ വെളിവാക്കുന്നു. മാമ്മോദീസയോ രക്തസാക്ഷിത്വമോ നല്‍കുന്ന മൗലികമായ വിശുദ്ധീകരണത്തോടൊപ്പം പാപപ്പൊറുതിക്കുള്ള ഉപാധികളായി അവര്‍ താഴെപ്പറയുന്നവയെക്കൂടി സൂചിപ്പിക്കുന്നു: അയല്‍ക്കാരനുമായി രമ്യപ്പെടാനുള്ള പരിശ്രമം, അനുതാപത്തിന്റെ കണ്ണുനീര്‍, അയല്‍ക്കാരന്റെ രക്ഷയിലുള്ള താത്പര്യം, വിശു ദ്ധന്‍മാരുടെ മാധ്യസ്ഥ്യം, 'എണ്ണമറ്റ പാപങ്ങളെ മറയ്ക്കുന്ന ഉപവിയുടെ പരിശീലനം'.
'അനുദിനജീവിതത്തില്‍ അനുരഞ്ജനത്തിന്റെ പ്രകടനങ്ങള്‍, ദരിദ്രരോടുള്ള താത്പര്യം, നീതിയുടെയും ന്യായത്തിന്റെയും പരിശീലനവും സംരക്ഷ്ണവും, സഹോദരങ്ങളോടു ചെയ്ത തെറ്റുകളുടെ ഏറ്റുപറച്ചില്‍, സഹോദരസഹജമായ തെറ്റുതിരുത്തല്‍, ജീവിതത്തിന്റെ പുനഃപരിശോധന, മനഃസാക്ഷി പരിശോധന, ആധ്യാത്മികനിയന്ത്രണം, പീഡകളുടെ സ്വീകരണം, നീതിയെ പ്രതിയുള്ള പീഡാസഹനം എന്നിവയിലൂടെ മാനസാന്തരം നടക്കുന്നു. ഓരോ ദിവസവും സ്വന്തം കുരിശെടുത്തുകൊണ്ടു യേശുവിനെ അനുഗമിക്കുന്നത് ഏറ്റവും പൂര്‍ണ്ണമായ ഒരു പ്രായശ്ചിത്തോപാധിയാണ്'. (CCC 1434-1435)