കന്യാമറിയത്തെക്കുറിച്ച് ബൈബിൾ പറയുന്നതെന്ത്?
യേശുവിന്റെ അമ്മയായ മറിയയ്ക്കു കന്യകയായിരിക്കുമ്പോൾത്തന്നെ യേശുവിനു ജന്മം നൽകാനുള്ള ശ്രേഷ്ഠമായ പദവി ലഭിച്ചെന്നു ബൈബിൾ പറയുന്നു. ഈ അദ്ഭുതത്തെക്കുറിച്ച് ബൈബിൾപുസ്തകമായ യശയ്യയിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. അതിന്റെ നിവൃത്തി മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷത്തിൽ കാണാം.
മിശിഹയുടെ ജനനത്തെക്കുറിച്ചുള്ള പ്രവചനത്തിൽ യശയ്യ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഇതാ, യുവതി ഗർഭിണിയായി ഒരു മകനെ പ്രസവിക്കും.” (യശയ്യ 7:14) ദൈവപ്രചോദിതമായി സുവിശേഷയെഴുത്തുകാരനായ മത്തായി യശയ്യയുടെ ഈ പ്രവചനത്തെ മറിയയ്ക്കു ബാധകമാക്കി.
മറിയ അത്ഭുതകരമായി ഗർഭിണിയായി എന്ന കാര്യം പറഞ്ഞശേഷം മത്തായി ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇതെല്ലാം സംഭവിച്ചത് യഹോവ പറഞ്ഞ കാര്യങ്ങൾ നിറവേറേണ്ടതിനാണ്. ദൈവം തന്റെ പ്രവാചകനിലൂടെ ഇങ്ങനെ പറഞ്ഞിരുന്നു: ‘ഇതാ, കന്യക a ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവർ അവന് ഇമ്മാനുവേൽ എന്നു പേരിടും.’ (പരിഭാഷപ്പെടുത്തുമ്പോൾ ആ പേരിന്റെ അർഥം ‘ദൈവം ഞങ്ങളുടെകൂടെ’ എന്നാണ്.)”—മത്തായി 1:22, 23.
സുവിശേഷയെഴുത്തുകാരനായ ലൂക്കോസും മറിയയുടെ അദ്ഭുതകരമായ ഗർഭധാരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. ദൈവം ഗബ്രിയേൽ ദൂതനെ അയച്ചതു “ദാവീദുഗൃഹത്തിലെ യോസേഫ് എന്ന പുരുഷനുമായി വിവാഹം നിശ്ചയിച്ചിരുന്ന ഒരു കന്യകയുടെ അടുത്തേക്കാണ്” എന്ന് അദ്ദേഹം എഴുതി. (ലൂക്കോസ് 1:26, 27) താൻ ഒരു കന്യകയാണെന്ന കാര്യത്തിൽ മറിയയ്ക്കു സംശയമില്ലായിരുന്നു.