രോഗീസന്ദര്‍ശനം സാധ്യമല്ലാത്തപ്പോള്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും? മൂന്ന് പ്രായോഗിക നിര്‍ദേശങ്ങള്‍

 
Patient



പ്രിയപ്പെട്ടവര്‍ രോഗബാധിതരായി ആശുപത്രിയിലോ വീടിനുള്ളിലോ കഴിയുമ്പോള്‍ അവര്‍ക്കരികില്‍ ഓടിയെത്താന്‍ കഴിയാത്തത് വലിയ നിരാശയും നിസ്സഹായതയും ഉണ്ടാക്കുന്ന ഒന്നാണ്. നേരിട്ട് സന്ദര്‍ശിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളിലും നമ്മുടെ സ്‌നേഹവും കരുതലും അവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ സാധിക്കും. രോഗികള്‍ക്ക് ശാരീരികമായ ചികിത്സ പോലെ തന്നെ പ്രധാനമാണ് മാനസികമായ പിന്തുണയും. വീട്ടിലിരുന്ന് തന്നെ രോഗികളെ സഹായിക്കാന്‍ സാധിക്കുന്ന മൂന്ന് ലളിതമായ മാര്‍ഗങ്ങള്‍ താഴെ നല്‍കുന്നു:

1. ഭക്ഷണം എത്തിച്ചുനല്‍കാം


''നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ എന്തുചെയ്യണം?'' എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് അവര്‍ക്ക് ആവശ്യമായ ഒരു കാര്യം നേരിട്ട് ചെയ്തുനല്‍കുന്നതാണ്. രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ് നല്ല ഭക്ഷണം. നേരിട്ട് എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വഴി അവര്‍ക്കിഷ്ടപ്പെട്ട/ നിലവില്‍ കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണം ഓര്‍ഡര്‍ ചെയ്തു നല്‍കാം. അവര്‍ക്ക് ആവശ്യമുള്ള പലചരക്ക് സാധനങ്ങളോ മരുന്നുകളോ വാങ്ങി വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നതും വലിയൊരു സഹായമായിരിക്കും.

2. സൗഹൃദവും ആശയവിനിമയവും

രോഗാവസ്ഥയില്‍ പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നം ഏകാന്തതയാണ്. നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും ഫോണ്‍ വിളികളിലൂടെയോ വീഡിയോ കോളുകളിലൂടെയോ അവരോട് സംസാരിക്കുന്നത് അവരുടെ മനോവീര്യം വര്‍ധിപ്പിക്കും. കുട്ടികളെക്കൊണ്ട് 'ഗെറ്റ് വെല്‍ സൂണ്‍' കാര്‍ഡുകള്‍ നിര്‍മ്മിച്ച് അയക്കുന്നതോ, ഒരു കത്തെഴുതുന്നതോ പഴയകാലത്തെപ്പോലെ തന്നെ ഇന്നും ഹൃദ്യമായ കാര്യമാണ്. നമ്മുടെ സാമീപ്യം അവര്‍ക്ക് അനുഭവവേദ്യമാക്കാന്‍ ഇത്തരം ചെറിയ ഇടപെടലുകള്‍ക്ക് സാധിക്കും.

3. ആത്മീയ പിന്തുണ

രോഗികള്‍ക്കായി പ്രാര്‍ഥിക്കുന്നത് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ്. ഇതിനെ ഒരു 'ആത്മീയ ദത്തെടുക്കല്‍' ആയി കാണാം. വീട്ടിലിരുന്ന് ജപമാല ചൊല്ലുമ്പോഴോ കുര്‍ബാനയില്‍ പങ്കുചേരുമ്പോഴോ ആ വ്യക്തിയെ പ്രത്യേകമായി സ്മരിക്കാം. തങ്ങള്‍ക്കായി പ്രാര്‍ഥിക്കാന്‍ ഒരാളുണ്ടെന്ന തിരിച്ചറിവ് രോഗികളില്‍ വലിയ ആത്മവിശ്വാസവും പ്രത്യാശയും നിറയ്ക്കും.

രോഗം നമ്മെ ശാരീരികമായി അകറ്റിയേക്കാമെങ്കിലും സ്‌നേഹം കൊണ്ട് ആ ദൂരത്തെ മറികടക്കാന്‍ നമുക്ക് സാധിക്കും. നിസ്സഹായതയ്ക്ക് കീഴടങ്ങാതെ സര്‍ഗാത്മകമായ വഴികളിലൂടെ രോഗികള്‍ക്ക് തണലാകാന്‍ നമുക്ക് ശ്രമിക്കാം.
 

Tags

Share this story

From Around the Web