രോഗീസന്ദർശനം സാധ്യമല്ലാത്തപ്പോൾ നമുക്ക് എന്തുചെയ്യാൻ കഴിയും? മൂന്ന് പ്രായോഗിക നിർദേശങ്ങൾ
പ്രിയപ്പെട്ടവർ രോഗബാധിതരായി ആശുപത്രിയിലോ വീടിനുള്ളിലോ കഴിയുമ്പോൾ അവർക്കരികിൽ ഓടിയെത്താൻ കഴിയാത്തത് വലിയ നിരാശയും നിസ്സഹായതയും ഉണ്ടാക്കുന്ന ഒന്നാണ്. നേരിട്ട് സന്ദർശിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിലും നമ്മുടെ സ്നേഹവും കരുതലും അവർക്ക് പകർന്നുനൽകാൻ സാധിക്കും. രോഗികൾക്ക് ശാരീരികമായ ചികിത്സ പോലെ തന്നെ പ്രധാനമാണ് മാനസികമായ പിന്തുണയും. വീട്ടിലിരുന്ന് തന്നെ രോഗികളെ സഹായിക്കാൻ സാധിക്കുന്ന മൂന്ന് ലളിതമായ മാർഗങ്ങൾ താഴെ നൽകുന്നു:
1. ഭക്ഷണം എത്തിച്ചുനൽകാം
“നിങ്ങൾക്ക് വേണ്ടി ഞാൻ എന്തുചെയ്യണം?” എന്ന് ചോദിക്കുന്നതിനേക്കാൾ നല്ലത് അവർക്ക് ആവശ്യമായ ഒരു കാര്യം നേരിട്ട് ചെയ്തുനൽകുന്നതാണ്. രോഗികൾക്ക് ആശ്വാസം നൽകുന്ന ഒന്നാണ് നല്ല ഭക്ഷണം. നേരിട്ട് എത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴി അവർക്കിഷ്ടപ്പെട്ട/ നിലവിൽ കഴിക്കാൻ സാധിക്കുന്ന ഭക്ഷണം ഓർഡർ ചെയ്തു നൽകാം. അവർക്ക് ആവശ്യമുള്ള പലചരക്ക് സാധനങ്ങളോ മരുന്നുകളോ വാങ്ങി വീട്ടുവാതിൽക്കൽ എത്തിക്കുന്നതും വലിയൊരു സഹായമായിരിക്കും.
2. സൗഹൃദവും ആശയവിനിമയവും
രോഗാവസ്ഥയിൽ പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നം ഏകാന്തതയാണ്. നേരിട്ട് കാണാൻ കഴിയില്ലെങ്കിലും ഫോൺ വിളികളിലൂടെയോ വീഡിയോ കോളുകളിലൂടെയോ അവരോട് സംസാരിക്കുന്നത് അവരുടെ മനോവീര്യം വർധിപ്പിക്കും. കുട്ടികളെക്കൊണ്ട് ‘ഗെറ്റ് വെൽ സൂൺ’ കാർഡുകൾ നിർമ്മിച്ച് അയക്കുന്നതോ, ഒരു കത്തെഴുതുന്നതോ പഴയകാലത്തെപ്പോലെ തന്നെ ഇന്നും ഹൃദ്യമായ കാര്യമാണ്. നമ്മുടെ സാമീപ്യം അവർക്ക് അനുഭവവേദ്യമാക്കാൻ ഇത്തരം ചെറിയ ഇടപെടലുകൾക്ക് സാധിക്കും.
3. ആത്മീയ പിന്തുണ
രോഗികൾക്കായി പ്രാർഥിക്കുന്നത് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ്. ഇതിനെ ഒരു ‘ആത്മീയ ദത്തെടുക്കൽ’ ആയി കാണാം. വീട്ടിലിരുന്ന് ജപമാല ചൊല്ലുമ്പോഴോ കുർബാനയിൽ പങ്കുചേരുമ്പോഴോ ആ വ്യക്തിയെ പ്രത്യേകമായി സ്മരിക്കാം. തങ്ങൾക്കായി പ്രാർഥിക്കാൻ ഒരാളുണ്ടെന്ന തിരിച്ചറിവ് രോഗികളിൽ വലിയ ആത്മവിശ്വാസവും പ്രത്യാശയും നിറയ്ക്കും.
രോഗം നമ്മെ ശാരീരികമായി അകറ്റിയേക്കാമെങ്കിലും സ്നേഹം കൊണ്ട് ആ ദൂരത്തെ മറികടക്കാൻ നമുക്ക് സാധിക്കും. നിസ്സഹായതയ്ക്ക് കീഴടങ്ങാതെ സർഗാത്മകമായ വഴികളിലൂടെ രോഗികൾക്ക് തണലാകാൻ നമുക്ക് ശ്രമിക്കാം.