അനുദിനം വിശുദ്ധഗ്രന്ഥം വായിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍  എന്തൊക്കെയാണ്?

 
bible


ക്രൈസ്തവരായ നമ്മുടെ വിശുദ്ധഗ്രന്ഥമാണ് ബൈബിള്‍. ബൈബിള്‍ അനുദിനം വായിക്കുന്നത് നമ്മുടെ അത്മീയജീവിതത്തെയും ഒപ്പം ഭൗതികജീവിതത്തെയും ഒരുപോലെ ഉയര്‍ച്ചയിലേയ്ക്ക് എത്തിക്കും. വിശുദ്ധഗ്രന്ഥം അനുദിനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് കൊണ്ടുള്ള ഏതാനും നേട്ടങ്ങള്‍ ഇതാ...

1. മറ്റുള്ളവരോട് ക്ഷമിക്കാന്‍ സാധിക്കും


വിശുദ്ധഗ്രന്ഥത്തില്‍ ക്ഷമയുടെ മാതൃക പകരുന്ന അനേകം സംഭവങ്ങള്‍ കാണാന്‍ കഴിയും. ഈ മാതൃകകളെ നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്തുവാന്‍ അനുദിനം ഉള്ള വിശുദ്ധഗ്രന്ഥ പാരായണം നമ്മെ സഹായിക്കും.

2. നമ്മുടെ കണ്ണുകള്‍ തുറക്കപ്പെടും

നമ്മുടെ ജീവിതത്തിലെ സാഹചര്യങ്ങള്‍, നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്നിവയാല്‍ നാം പലപ്പോഴും അസ്വസ്ഥരും ഉത്കണ്ഠാകുലരുമാണ്. ഭയത്തിന് വഴങ്ങിയാല്‍ അവ നമ്മെ കീഴടക്കും. സങ്കീര്‍ത്തനം പറയുന്നത് ''സ്വര്‍ഗത്തില്‍ വാഴുന്നവനേ, അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു'' (സങ്കീര്‍ത്തനം 123:1) എന്നാണ്. ഇതിന്റെ അര്‍ഥം എല്ലാം നല്‍കുവാന്‍ കഴിവുള്ള ദൈവത്തിലേക്ക് തിരിയുക എന്നതാണ്. അനുദിനമുള്ള ബൈബിള്‍ വായനയിലൂടെ ദൈവത്തിലേക്ക് അടുക്കുവാന്‍ നമുക്ക് കഴിയും.

3. കരുണയുള്ളവരാക്കി മാറ്റും

ദൈവത്തിന്റെ കരുണ ലഭിക്കുന്നതിന് നാം മറ്റുള്ളവരോടു കരുണ കാണിക്കണമെന്നും കരുണയുള്ളവര്‍ ഭാഗ്യവാന്മാരെന്നും ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാം കരുണ കാണിക്കുമ്പോള്‍ ദൈവത്തെ തന്നെയാണ് നാം സംപ്രീതനാക്കുന്നതെന്ന തിരിച്ചറിവോടെ മുന്നേറുവാന്‍ വിശുദ്ധഗ്രന്ഥ വായനയിലൂടെ കഴിയും.

4. പ്രതിസന്ധികളില്‍ കരുത്തു പകരും

ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ പല തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാകും. ആ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശക്തി പതിവായുള്ള ബൈബിള്‍ വായനയിലൂടെ നമുക്ക് ലഭിക്കും. തന്നെയുമല്ല പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മെ ശക്തിപ്പെടുത്താന്‍ ദൈവം ഉചിതമായ വചന ഭാഗങ്ങളിലൂടെ നമ്മോട് സംസാരിക്കും.

5. നമ്മെ നവീകരിക്കുന്നു

നമ്മുടെ ജീവിതത്തില്‍ വീണ്ടും വീണ്ടും ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ബൈബിള്‍ വായന. ഒരാളുടെ ജീവിതത്തില്‍ മാറ്റം വരുത്താനും അയാളെ മനസാന്തരപ്പെടുത്താനും തിരുവചനത്തിനു ശക്തിയുണ്ട്. പതിവായുള്ള ബൈബിള്‍ വായന ഒരാളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തും.

6. ധൈര്യം ലഭിക്കുന്നു

നമ്മുടെ ജീവിതത്തില്‍ പല തരത്തിലുള്ള പേടികള്‍ ഉണ്ട്. മുന്നോട്ടുള്ള ജീവിതത്തില്‍ നിന്നും നമ്മെ പിന്‍വലിക്കുന്ന പേടികള്‍. ഇത്തരത്തിലുള്ള ഭയങ്ങളെ അതിജീവിച്ച്, ആത്മവിശ്വാസത്തോടെ മുന്നേറാന്‍ അനുദിനം ഉള്ള തിരുവചന വായന നമ്മെ സഹായിക്കുന്നു. ഞാന്‍ ദൈവമകനാണ് / മകളാണ് എന്ന ചിന്ത ദൈവത്തില്‍ കൂടുതല്‍ ആശ്രയിച്ചു മുന്നോട്ട് പോകുവാന്‍ നമ്മെ സഹായിക്കും.

7. നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടും

പതിവായി വിശുദ്ധഗ്രന്ഥം വായിക്കുന്നതിലൂടെ നമ്മുടെ ജീവിതങ്ങളും ഉദ്യമങ്ങളും അനുഗ്രഹിക്കപ്പെടും. ദിവസവും അരമണിക്കൂറെങ്കിലും വിശുദ്ധ ഗ്രന്ഥപാരായണത്തിനായി കണ്ടെത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതത്തില്‍ വലിയ അത്ഭുതങ്ങള്‍ ദര്‍ശിക്കുവാന്‍ കഴിയും.
 

Tags

Share this story

From Around the Web