മാതാപിതാക്കള്‍ കുട്ടികളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ആറ് കാര്യങ്ങള്‍ എന്തൊക്കെയാണ്?

 
parents



മുതിര്‍ന്നവര്‍ ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കുട്ടികള്‍ ഓര്‍മിച്ചുവെക്കാറുണ്ട്. മാതാപിതാക്കള്‍ ദേഷ്യത്തില്‍ പറയുന്ന വാക്കുകളോ, നടത്തുന്ന താരതമ്യങ്ങളോ കുട്ടികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞേക്കാം. 


പലപ്പോഴും നമ്മള്‍ ദേഷ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യം കുട്ടികള്‍ക്ക് മനസിലാകണമെന്നില്ല. ഇത്തരം വാക്കുകള്‍ അവരില്‍ ഭയമോ ആശയക്കുഴപ്പമോ നാണക്കേടോ ഉണ്ടാക്കാന്‍ കാരണമാകും. അതിനാല്‍, മാതാപിതാക്കള്‍ കുട്ടികളോട് സംസാരിക്കുമ്പോള്‍ ഒഴിവാക്കേണ്ട ആറ് കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.


'നീ എന്തിനാണ് ഇത്രയും സെന്‍സിറ്റീവ് ആകുന്നത്?'

കുട്ടികളുടെ വികാരങ്ങളെ നിസാരവല്‍ക്കരിക്കുന്ന ഒന്നാണ് ഈ വാചകം. ഇത് കേള്‍ക്കുമ്പോള്‍ തങ്ങളുടെ സങ്കടങ്ങളും വികാരങ്ങളും അനാവശ്യമാണെന്ന് കുട്ടികള്‍ക്ക് തോന്നിയേക്കാം. പിന്നീട് അവര്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കാന്‍ ഇത് കാരണമാകും. 

ഇതിനുപകരം, 'നിനക്ക് സങ്കടമുണ്ടെന്ന് എനിക്കറിയാം, എന്താണ് സംഭവിച്ചതെന്ന് എന്നോട് പറയൂ' എന്ന് ചോദിക്കുന്നത് അവരെ കൂടുതല്‍ ആശ്വസിപ്പിക്കുകയും തങ്ങളുടെ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിക്കുകയും ചെയ്യും.


'നിനക്കെന്താ നിന്റെ സഹോദരങ്ങളെപ്പോലെ ആയിക്കൂടാ?'
കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് താരതമ്യം ചെയ്യല്‍. ഓരോ കുട്ടിയും വ്യത്യസ്തരാണ്; അവരുടെ പഠനരീതിയും കഴിവുകളും വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന രീതിയും വ്യത്യസ്തമായിരിക്കും. 

സഹോദരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, അത് കുട്ടികള്‍ക്കിടയില്‍ മത്സരബുദ്ധിയും ശത്രുതയും ഉണ്ടാക്കാന്‍ കാരണമാകും. കുട്ടികളെ മറ്റൊരാളായി മാറ്റാന്‍ ശ്രമിക്കാതെ, അവരുടെ സ്വന്തം വ്യക്തിത്വത്തെ അംഗീകരിക്കുകയാണ് വേണ്ടത്.


'ഞാന്‍ പറഞ്ഞതുകൊണ്ട് മാത്രം!'
കുട്ടികള്‍ ഒരു കാര്യം എന്തിനു ചെയ്യണം അല്ലെങ്കില്‍ ചെയ്യരുത് എന്ന് ചോദിക്കുമ്പോള്‍, പലപ്പോഴും മാതാപിതാക്കള്‍ നല്‍കുന്ന മറുപടിയാണിത്. അധികാരത്തോടെയുള്ള ഇത്തരം മറുപടികള്‍ കുട്ടികളെ താല്‍ക്കാലികമായി അനുസരിപ്പിച്ചേക്കാം, എന്നാല്‍ ഇതിലൂടെ അവര്‍ യാഥാര്‍ഥ്യബോധമോ ഉത്തരവാദിത്തമോ പഠിക്കുന്നില്ല. 

ഒരു കാര്യം ചെയ്യരുത് എന്ന് പറയുന്നതിന് പിന്നിലെ കാരണം കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുമ്പോഴാണ് അവര്‍ ശരിയും തെറ്റും തിരിച്ചറിയുകയും ജീവിതമൂല്യങ്ങള്‍ പഠിക്കുകയും ചെയ്യുന്നത്.

'നീ എപ്പോഴും ഇങ്ങനെ തന്നെയാണ്!'
'നീ എപ്പോഴും ഇങ്ങനെയാണ്', 'നീ ഒരിക്കലും നന്നാകില്ല' തുടങ്ങിയ വാക്കുകള്‍ കുട്ടികളില്‍ വളരെ മോശമായ സ്വാധീനം ചെലുത്തും. ഇത്തരം വാക്കുകള്‍ തുടര്‍ച്ചയായി കേള്‍ക്കുമ്പോള്‍, താന്‍ എപ്പോഴും തെറ്റ് ചെയ്യുന്ന ഒരാളാണെന്നും മടിയനാണെന്നും കുട്ടികള്‍ വിശ്വസിക്കാന്‍ തുടങ്ങും. 

പകരം, ഒരു പ്രത്യേക സാഹചര്യത്തിലെ തെറ്റിനെക്കുറിച്ച് മാത്രം സംസാരിക്കുക. ഉദാഹരണത്തിന്, 'നീ ഇന്ന് നിന്റെ ബുക്ക് മറന്നുവെച്ചു, നാളെ അത് ഓര്‍മിക്കാന്‍ നമുക്കൊരു വഴി കണ്ടുപിടിക്കാം' എന്ന് പറയാവുന്നതാണ്.

'നീ വളരെ മോശമാണ്!'
കുട്ടികളോട് പറയാന്‍ പാടില്ലാത്ത ഏറ്റവും അപകടകരമായ വാചകങ്ങളില്‍ ഒന്നാണിത്. ഇത് കുട്ടിയുടെ പ്രവൃത്തിയെയല്ല, മറിച്ച് അവരുടെ വ്യക്തിത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. താന്‍ പ്രകൃത്യാ തന്നെ മോശക്കാരനാണെന്ന് കുട്ടി ചിന്തിക്കാന്‍ ഇത് കാരണമാകും. 

കുട്ടി ചെയ്യുന്ന തെറ്റുകളെ തിരുത്തുകയാണ് വേണ്ടത്, കുട്ടിയെ മോശക്കാരനാക്കുകയല്ല. 'നീ ചെയ്ത ആ കാര്യം ശരിയായില്ല' അല്ലെങ്കില്‍ 'മറ്റുള്ളവരെ ഉപദ്രവിക്കുന്നത് നല്ലതല്ല' എന്ന് പറയുന്നതാണ് കൂടുതല്‍ ഫലപ്രദം.


'കരയുന്നത് നിര്‍ത്ത്!'
കരയുന്നത് ഒരിക്കലും ഒരു ദൗര്‍ബല്യമല്ല. കുട്ടികള്‍ തങ്ങളുടെ സങ്കടവും ഭയവും നിരാശയുമൊക്കെ പ്രകടിപ്പിക്കുന്നത് കരച്ചിലിലൂടെയാണ്. കരയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍, തങ്ങളുടെ സങ്കടങ്ങള്‍ പ്രകടിപ്പിക്കാന്‍ പാടില്ലെന്ന തോന്നല്‍ അവരില്‍ ഉണ്ടാകുന്നു.

 ഇതിലൂടെ അവര്‍ വികാരങ്ങള്‍ ഉള്ളിലൊതുക്കാന്‍ ശീലിക്കും. 'നിനക്ക് സങ്കടമുണ്ടെന്ന് എനിക്ക് മനസിലാകുന്നുണ്ട്, കുറച്ചു സമയം എടുത്തോളൂ' എന്ന് പറയുന്നത് കുട്ടികള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കും.


ചുരുക്കത്തില്‍ മാതാപിതാക്കള്‍ ആവുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, കുട്ടികള്‍ വളരുന്നത് മാതാപിതാക്കള്‍ നല്‍കുന്ന സ്‌നേഹത്തിലൂടെയും അവര്‍ കേള്‍ക്കുന്ന വാക്കുകളിലൂടെയുമാണ്. വാക്കുകള്‍ക്ക് കുട്ടികളുടെ മനസില്‍ മുറിവുകളുണ്ടാക്കാനും, അതല്ലെങ്കില്‍ അവരെ നേര്‍വഴിക്ക് നയിക്കാനും കഴിയും.

 എന്ത് പ്രതിസന്ധി വന്നാലും തങ്ങള്‍ സുരക്ഷിതരാണെന്നും, തങ്ങളെ കേള്‍ക്കാനും സ്‌നേഹിക്കാനും ആളുണ്ടെന്നും കുട്ടികള്‍ക്ക് തോന്നണം. അതിന് മാതാപിതാക്കള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് വലിയ സ്വാധീനമുണ്ട്.

Tags

Share this story

From Around the Web