നോണ്‍വെജില്ലാതെ എന്ത് ആഘോഷം !. പതിവുതെറ്റിയില്ല ഇറച്ചിക്കു വില കൂടി. ചിക്കന്‍ വില കുതിക്കുന്നു

 
meat stall

കോട്ടയം: ക്രിസ്മസ് എത്തിയതോടെ ഇറച്ചി വിലയില്‍ വന്‍ വര്‍ധന.. ബീഫ് വില 460 രൂപയില്‍ എത്തിയപ്പോള്‍ ചിക്കന്‍ വില 200 കടന്നു. പോര്‍ക്കിന് 380 രൂപയാണ് വില. ആട്ടിറച്ചിക്ക് വില ആയിരം കടന്നു. താറാവ് 350 - 400 രൂപ വരെയാണു വില. 

വില വര്‍ധിച്ചെങ്കിലും ആവശ്യക്കാര്‍ ഏറെയാണ്. ചിക്കന്‍ വിലയിലാണ് വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കിലോ 210 മുതല്‍ 240 രൂപ വരെയാണ് വില. തമിഴ്‌നാട്ടില്‍ നിന്ന് ആവശ്യത്തിന് ഇറച്ചിക്കോഴികള്‍ എത്തുന്നില്ലെന്നതിനാല്‍ ന്യൂ ഇയര്‍ ആകുമ്പോഴേക്കും വില 300 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

തമിഴ്നാട്ടിലെ പൗള്‍ട്രി ഫാമുകള്‍ക്കുവേണ്ടി കോഴികളെ വളര്‍ത്തിനല്‍കുന്ന കര്‍ഷകര്‍ ജനുവരി മുതല്‍ പ്രഖ്യാപിച്ച സമരമാണ് നിലവില്‍ വിലയെ മുകളിലേക്ക് ഉയര്‍ത്തുന്നത്. 

കോഴിവളര്‍ത്തലിനുള്ള പ്രതിഫലം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണു കര്‍ഷകര്‍ സമരത്തിലേക്കു നീങ്ങുന്നത്. ഇതു ചിക്കൻ വില വര്‍ധിപ്പിക്കാന്‍ കാരണമായി.

 

 ഇതര സംസ്ഥാനങ്ങളില്‍ നിന്നു പോത്തുകളെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. കന്നുകാലികളെ എത്തിക്കുമ്പോള്‍ ഗുണ്ടാ സംഘങ്ങള്‍ക്കുപോലും കൈമടക്കു നല്‍കേണ്ടിവരുന്നു. 

വില കൂടുതല്‍ നല്‍കിയാണു പോത്തുകളെ എത്തിച്ച് കശാപ്പു ചെയ്യുന്നത്. ഇതിനാലാണു വില വര്‍ധിപ്പിക്കേണ്ടി വരുന്നതെന്നാണ് ഒരു വിഭാഗം പോത്തിറച്ചി വ്യാപാരികളുടെ വാദം. 

കടല്‍ മത്സ്യങ്ങള്‍ വാങ്ങണമെങ്കിലും വില കൂടുതല്‍ നല്‍കണം. കാളാഞ്ചി 540, വറ്റ 640, ആവോലി 740, നെയ്മീന്‍ 1200 എന്നിങ്ങനെയാണ് മത്സ്യങ്ങളുടെ വില.

Tags

Share this story

From Around the Web