പശ്ചിമ ബംഗാളിലെ ക്രൈസ്തവ വേട്ട: മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടി ബംഗാള്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍

 
bengal


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ നടക്കുന്ന തുടര്‍ച്ചയായ അതിക്രമങ്ങളില്‍ പ്രതിഷേധവുമായി ബെംഗാള്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കും നേരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നല്‍കുകയും കൂടിക്കാഴ്ചയ്ക്ക് സമയം തേടുകയും ചെയ്തു.

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ദേവാലയങ്ങള്‍ക്ക് നേരെ അക്രമങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ടെന്ന് കൗണ്‍സില്‍ പ്രസിഡന്റും സിഎസ്ഐ ബിഷപ്പുമായ പരിതോഷ് കാനിങ് കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സൗത്ത് 24 പര്‍ഗാനാസ്, കൃഷ്ണനഗര്‍ (നാദിയ), ഈസ്റ്റ് ബര്‍ധമാന്‍, മാള്‍ഡ, ഹൗറ, ഈസ്റ്റ് മേദിനിപൂര്‍, വെസ്റ്റ് മേദിനിപൂര്‍ തുടങ്ങിയ വിവിധ ജില്ലകളിലെ ഒമ്പതോളം കേന്ദ്രങ്ങളില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ക്കും നേരെ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

ക്രിസ്തുമസ് ആഘോഷങ്ങളില്‍ അര്‍ദ്ധരാത്രിയിലെ കുര്‍ബാനകള്‍, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍, കരോള്‍ ഗാനങ്ങള്‍ എന്നിവ യാതൊരു ഭയപ്പാടോ തടസ്സങ്ങളോ ഇല്ലാതെ സമാധാനപരമായി നടത്താന്‍ ക്രൈസ്തവ സമൂഹത്തിന് സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര സുരക്ഷ ഉറപ്പാക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സഭാ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മിഷനറി സ്‌കൂളുകള്‍ക്കും എതിരായി ഉയരുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബിഷപ്പ് പറഞ്ഞു. സമുദായങ്ങള്‍ക്കിടയില്‍ പരസ്പര ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
 

Tags

Share this story

From Around the Web